അഗളി: കോടതി വിധിയിലൂടെ ലഭിച്ച ഭൂമിയിൽ കൃഷിയിറക്കാനെത്തിയ ദേശീയ അവാർഡ് ജേതാവ് ഗായിക നഞ്ചിയമ്മയെയും കുടുംബാംഗങ്ങളെയും തടഞ്ഞ് പോലീസും റവന്യു ഉദ്യോഗസ്ഥരും. 2023ൽ ആദിവാസി ഭൂമി അന്യാധീനപ്പെടൽ തടയൽ നിയമപ്രകാരം (ടിഎൽഎ) ലഭിച്ച നാലേക്കർ ഭൂമി ഉഴുത് കൃഷിയിറക്കാൻ ട്രാക്ടറുമായാണ് നഞ്ചിയമ്മയും കുടുംബാംഗങ്ങളും എത്തിയത്. എന്നാൽ അട്ടപ്പാടി ട്രെെബൽ താലൂക്ക് തഹസിൽദാർ പി.എ ഷാനവാസ് ഖാന്റെ നേതൃത്വത്തിലുള്ള റവന്യു ഉദ്യാേഗസ്ഥരും അഗളി പോലീസും ചേർന്ന് ഇവരെ തടയുകയായിരുന്നു.
നിലവിൽ ഭൂമിക്ക് ഉടമസ്ഥത അവകാശപ്പെടുന്നവരും സ്ഥലത്തുണ്ടായിരുന്നു. അഗളിയിൽ പ്രധാന റോഡരികിലാണ് ഈ ഭൂമി സ്ഥിതിചെയ്യുന്നത്. ഈ ഭൂമിയിന്മേൽ കന്തസ്വാമി ബോയനും തന്റെ ഭർത്താവിന്റെ കുടുംബവുമായി കേസുണ്ടായിരുന്നുവെന്നും 2023ൽ അനുകൂല വിധി ലഭിച്ചുവെന്നും നഞ്ചിയമ്മ പറയുന്നു. ടിഎൽഎ കേസ് നിലനിൽക്കെ വ്യാജരേഖകളുണ്ടാക്കി ഭൂമി കൈവശപ്പെടുത്താൻ ചിലർ ശ്രമിക്കുന്നുവെന്നു അതിന് റവന്യു അധികാരികൾ ഒത്താശ ചെയ്തതായും നഞ്ചിയമ്മ ആരോപിക്കുന്നു. വിഷയം ഈ മാസം 19 ചർച്ച ചെയ്യാമെന്ന തഹസിൽദാരുടെ ഉറപ്പിൽ കൃഷിയിറക്കുന്നത് മാറ്റിവച്ചതായി നഞ്ചിയമ്മ അറിയിച്ചു.
താൻ ഇനിയും ഇവിടെ വരുമെന്നും കൃഷിയിറക്കുമെന്നും തനിക്ക് അവകാശപ്പെട്ട ഭൂമിയാണിതെന്നും നഞ്ചിയമ്മ വ്യക്തമാക്കി. തന്റെ കുടുംബഭൂമി കള്ളരേഖയുണ്ടാക്കി തട്ടിയെടുക്കാൻ ആരെയും അനുവദിക്കില്ല. കള്ളരേഖയുണ്ടാക്കുന്നതിന് കൂട്ടുനിന്നത് റവന്യൂ ഉദ്യോഗസ്ഥരാണ്. നാഗമൂപ്പനും കന്തസ്വാമിയും തമ്മിലാണ് ഭൂമിയുടെ പേരിൽ ടി.എൽ.എ കേസുള്ളത്. കെ.വി മാത്യുവിനും നിരപ്പത്ത് ജോസഫ് കുര്യനും ഈ ഭൂമിയിൽ അവകാശമില്ല. അവർ കള്ളരേഖയുണ്ടാക്കിയാണ് ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചതെന്നും നഞ്ചിയമ്മ പറഞ്ഞു.
എഐകെകെഎസ് സംസ്ഥാന പ്രസിഡന്റ് എം സുകുമാരാൻ ഉൾപ്പെടെ ആദിവാസി സംഘടനാ പ്രവർത്തകർ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ടിഎൻഎ കേസുകളും അതിലുള്ള വിധികളും ഉദ്യോഗസ്ഥരും കോടതികളും പരിഗണിക്കുന്നില്ലെന്ന് ആദിവാസി ഭാരത് മഹാസഭ സംസ്ഥാന കൺവീനർ ടി ആർ ചന്ദ്രൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: