മഞ്ചേരി: സ്പെയിനിലെ ഫുട്ബോള്‍ ക്ലബ്ബില്‍ വിദഗ്ദ്ധ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ട മഞ്ചേരി സ്വദേശിയായ ജിഷ്ണു നാട്ടുകാരുടെ സഹായം തേടുകയാണ്. പുഴുത്തിനി വീട്ടില്‍ ജിഷ്ണു (18)വാണ് പണമില്ലാത്തതിനാല്‍ പരിശീലനം മുടങ്ങുമെന്ന അവസ്ഥയിലായത്. മഞ്ചേരി ബോയ്സ് സ്കൂളില്‍ നിന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം കഴിഞ്ഞ ജിഷ്ണുവിന് ഫുട്ബോള്‍ കളി ഒരു വികാരമാണ്. നിരവധി അക്കാദമികളില്‍ കളിക്കാന്‍ ഈ കായികതാരത്തിന് അവസരം ഉണ്ടായിട്ടുണ്ട്. അച്ഛനായ ജനാര്‍ദനനും അമ്മയായ ജലജക്കും മകന് വലിയ ഒരു ഫുട്ബോള്‍ താരമാകണമെന്ന ആഗ്രഹമാണ് ഉള്ളത്.
എന്നാല്‍ ഹോട്ടല്‍ തൊഴിലാളിയായ ജനാര്ദനന് മകനെ സ്പെയിനിലേക്ക് അയക്കാനുള്ള വലിയ തുക ണ്ടെത്താന്‍ കഴിയില്ല. ഈ അവസ്ഥയിലാണ് കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നത്.
ജിഷ്ണുവിന്റെ കുടുംബവും ഇപ്പോള്‍ കാഞ്ഞിരാട്ടു കുന്നിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. ചെന്നൈയില്‍ ഫുട്ബോള്‍ പ്ലസ് സോക്കര്‍ അക്കാദമി നടത്തിയ സെലക്ഷന് ക്യാംപിലൂടെയാണ് സ്പെയിനി ലെ ഇഎസ് മിസാല്റ്റ ഫുട്ബോള്‍ ക്ലബ്ബില്‍ പരിശീലനം നടത്താനുള്ള അവസരം ജിഷ്ണുവിനെത്തേടിയെത്തിയത്.
ചെന്നൈയില്‍ നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ജിഷ്ണു അന്‍പത് ശതമാനം സ്കോളര്‍ഷിപ്പോടുകൂടി സ്പെയിനില്‍ പരിശിലത്തിന് അവസരം നേടുകയായിരുന്നു. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായാണ് അവിടെ പരിശിലനത്തിനായി എത്തേണ്ടത്. ഏകദേശം യാത്രയും, മറ്റു ചിലവുമായി 5 ലക്ഷത്തിലേറെ രൂപ യാത്രയ്ക്കായി ആവശ്യമുണ്ട്. ഈ തുക നിര്‍ദ്ധനരായ കുടുംബത്തിന് താങ്ങാന്‍ കഴിയില്ല. അതിനാലാണ് ജിഷ്ണു ഫുട്ബോളിനെ നെഞ്ചിലേറ്റുന്നവരുടെ സഹായം തേടുന്നത്. കായികപ്രേമികളായ സുമനസ്സുകളുടെ സഹായത്തോടെ സ്പെയിനിലേക്ക് പറക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ഈ മിടുക്കന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: