കൊച്ചി: കൊച്ചിയിൽ 2023 മാർച്ചിൽ സംഘടിപ്പിച്ച കട്ടിങ് സൗത്ത് വിഘടനവാദ പരിപാടിക്ക് കാനഡ ഹൈക്കമ്മിഷൻ നൽകിയ രണ്ടു കോടി രൂപ പോയ വഴി അറിയില്ല. പരിപാടിയുടെ വരവു ചെലവു കണക്കിൽ കാനഡ ഹൈക്കമ്മീഷന്റെ സ്പോൺസർഷിപ്പ് തുകയായ രണ്ടു കോടി രൂപ വകയിരുത്തിയിട്ടില്ല. കട്ടിങ് സൗത്ത് പരിപാടി സംഘടിപ്പിക്കാൻ കേരള മീഡിയ അക്കാഡമിയുടെ ബജറ്റ് പദ്ധതി വിഹിതത്തിൽ നിന്നു 44.9 ലക്ഷം രൂപ ചെലവിട്ടതായാണ് വിജിലൻസ് പരിശോധനയിൽ വെളിപ്പെട്ടത്.
കട്ടിങ് സൗത്ത് പരിപാടിയുടെ ബ്രോഷറിൽ കാനഡ ഹൈക്കമ്മിഷണർ സ്പോൺസർ ആണെന്നു രേഖപ്പെടുത്തിയിരുന്നു.
കട്ടിങ്ങ് സൗത്തിൽ കാനഡ ഹൈക്കമ്മീഷന്റെ പ്രത്യേക താൽപര്യം വ്യക്തമല്ല. കേന്ദ്ര സർക്കാരിന്റെ അനുമതി ഇല്ലാതെയാണ് പരിപാടിക്ക് കാനഡ ഹൈക്കമ്മിഷന്റെ ധനസഹായം നേടിയത്.
കട്ടിങ് സൗത്ത് ലോഗോയിൽ ഇന്ത്യയുടെ ഭൂപടത്തിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ കറുത്ത നിറത്തിൽ വേർതിരിച്ചു കാണിച്ചത് വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു.
കേരള മീഡിയ അക്കാഡമി, കെയുഡബ്ല്യുജെ, കോൺഫ്ലുവൻസ് മീഡിയ, ന്യൂസ് മിനിട്ട്, ന്യൂസ് ലൗൺട്രി എന്നിവ സംയുക്തമായാണ് കട്ടിങ് സൗത്ത് സംഘടിപ്പിച്ചത്.
സംഘാടകരെന്ന നിലയിൽ കോൺഫ്ലുവൻസ് മീഡിയയാണ് കാനഡ ഹൈക്കമ്മീഷനെ സ്പോൺസർഷിപ്പിനായി സമീപിച്ചത്. സ്പോൺസർഷിപ്പ് തുകയായ ഒരു കോടി രൂപ കോൺഫ്ലുവൻസ് മീഡിയ കൈപ്പറ്റിയതായാണ് വിവരം. കട്ടിങ് സൗത്ത് പരിപാടിയെ കുറിച്ച് അന്വേഷിച്ച ബെംഗളുരു പൊലീസിനു ന്യൂസ് മിനിട്ട് എഡിറ്റർ ധന്യ രാജേന്ദ്രൻ രേഖാമൂലം നൽകിയ മൊഴിയിൽ കാനഡ ഹൈക്കമ്മിഷനിൽ നിന്നു സ്പോൺസർഷിപ്പ് ലഭിച്ചതായി വെളിപ്പെടുത്തിയിരുന്നു.
കട്ടിങ് സൗത്ത് സാമ്പത്തിക ഇടപാടുകളെ കുറിച്ച് സംസ്ഥാന വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിലും കാനഡ ഹൈക്കമ്മിഷന്റെ സംഭാവന വരവു ചെലവു കണക്കിൽ ഉൾപ്പെടുത്തിയിട്ടെല്ലു ബോധ്യമായി. സംഘാടകരുടെ വിമാന ടിക്കറ്റ്, ഹോട്ടൽ താമസം, ഭക്ഷണം, ടാക്സി ബില്ലുകളാണ് ആകെ ചെലവിന്റെ മുക്കാൽ പങ്കും.
കേരള മീഡിയ അക്കാഡമി സമർപ്പിച്ച 44.95 ലക്ഷം രൂപ ചെലവു കണക്കിലെ പ്രധാന ചെലവ് ഇനങ്ങൾ ഇപ്രകാരം :
ഹാൾ വാടക 1.34 ലക്ഷം രൂപ, ഹോട്ടൽ മുറി വാടക 5.8 ലക്ഷം രൂപ, ഭക്ഷണ ചെലവ് 4.5 ലക്ഷം രൂപ, വിമാന ടിക്കറ്റ് 8.9 ലക്ഷം രൂപ, ടാക്സി വാടക 2.13 ലക്ഷം രൂപ, ഹാൾ ഡെക്കറേഷൻ 5.21 ലക്ഷം രൂപ, ലൈറ്റ് & സൗണ്ട് 7.48 ലക്ഷം രൂപ, സാംസ്കാരിക പരിപാടി 2.07 ലക്ഷം രൂപ എന്നിങ്ങനെയാണ്.
പ്രഥമ ദൃഷ്ട്യാ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് വകുപ്പുതല അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഐപിആർഡി സെക്രട്ടറിക്ക് നിർദേശം നൽകി.
ഐപിആർഡിക്ക് കീഴിലാണ് കേരള മീഡിയ അക്കാഡമി . ഐ പിആർഡി ഡപ്യൂട്ടി ഡയറക്ടറാണ് അക്കാഡമി സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത്.
പരിപാടിയുടെ ചെലവു മുഴുവൻ സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാഡമിയുടെ ബജറ്റ് പദ്ധതി വിഹിതത്തിൽ നിന്നു ചെലവിട്ട ശേഷം കാനഡ ഹൈക്കമ്മിഷൻ നൽകിയ രണ്ടു കോടി രൂപ സംഘാടകർ വീതിച്ചു പോക്കറ്റിലാക്കിയെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: