കൊച്ചി: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെത്തുടർന്ന് പെരിയാറിൽ ജലനിരപ്പുയർന്നു. ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിലായി.
ഇന്നലെ പെയ്ത മഴയെത്തുടർന്നാണ് ആലുവ ക്ഷേത്രവും പരിസരവും വെള്ളത്തിനടിയിലായത്. ഈ മഴക്കാലത്ത് ആദ്യമായാണ് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറുന്നത്. പെരിയാറിൽ അതിശക്തമായ അടിയൊഴുക്കും അനുഭവപ്പെടുന്നുണ്ട്.
അതേസമയം കനത്ത മഴയെത്തുടർന്ന് എറണാകുളം ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. കാറ്റിലും മഴയിലും മരം വീണ് വീടുകൾക്കും വാഹനങ്ങൾക്കുമുൾപ്പെടെ തകരാർ സംഭവിച്ചു.
മരങ്ങൾ കടപുഴകി വീണാണ് കൂടുതൽ നാശനഷ്ടവുമുണ്ടായത്. മഴക്കെടുതി ഉണ്ടാകാതിരിക്കാൻ ജില്ല ഭരണകൂടം വേണ്ട മുൻകരുതലകൾ സ്വീകരിച്ചിട്ടുണ്ട്. പെരിയാറിൽ ജലനിരപ്പുയർന്നതോടെ തിങ്കളാഴ്ച വൈകിട്ടോടെ ഭൂതത്താൻകെട്ട് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഭരണകൂടം അറിയിച്ചു.
അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: