അമേരിക്കയുടെ മുന്‍ പ്രസിഡന്റും, ആസന്നമായ പ്രസിഡന്റു തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രമ്പിനു നേരെയുണ്ടായ വധശ്രമത്തിന്റെ വാര്‍ത്ത ലോകം ഒരു ഞെട്ടലോടെയാണ് ശ്രവിച്ചത്. പെന്‍സില്‍വാനിയയില്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന ട്രമ്പിനു നേര്‍ക്ക് അടുത്തുള്ള ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്ന് അക്രമി ഒന്നിലധികം പ്രാവശ്യം നിറയൊഴിക്കുകയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ട്രമ്പ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്കാണ്. വെടിയുണ്ട ട്രമ്പിന്റെ വലതു ചെവിയുടെ മുകള്‍വശം തുളച്ച് കടന്നുപോയി. മില്ലിമീറ്റര്‍ വ്യത്യാസം വന്നിരുന്നെങ്കില്‍ തലയോട്ടി തുളച്ചുകയറുമായിരുന്നു. അമേരിക്കയുടെ ആധുനിക ചരിത്രത്തില്‍ വലിയൊരു ദുരന്തമാണ് ഒഴിവായിപ്പോയത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ നിലത്തുവീണെങ്കിലും അടുത്ത നിമിഷംതന്നെ അവിടെനിന്ന് എഴുന്നേറ്റ ട്രമ്പ് ചോരയൊഴുകുന്ന കൈപ്പത്തി ചുരുട്ടി തന്റെ പാര്‍ട്ടി അണികളെ പോരാടാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. അമേരിക്കന്‍ ജനത അപ്പോള്‍ കണ്ടത് ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായ ട്രമ്പിനെയാണ്. അക്രമിയുടെ വെടിയേറ്റ് പരിപാടിയില്‍ പങ്കെടുക്കുന്ന ഒരാള്‍ മരിക്കുകയും, ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തോമസ് മാത്യു ക്രൂക്‌സ് എന്നയാളാണ് ട്രമ്പിനെ വധിക്കാന്‍ ശ്രമിച്ചത്. അക്രമിയെ അമേരിക്കന്‍ സീക്രട്ട് സര്‍വീസ് വെടിവച്ച് കൊല്ലുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തനിക്ക് കുഴപ്പമൊന്നുമില്ലെന്നും ആവേശത്തിലാണെന്നും ട്രമ്പ് പറഞ്ഞത് പ്രക്ഷുബ്ധമായ അന്തരീക്ഷത്തെ ഒരു പരിധിയോളം തണുപ്പിച്ചിട്ടുണ്ട്.
ഡൊണാള്‍ഡ് ട്രമ്പിനെ വധിക്കാന്‍ ശ്രമിച്ച വാര്‍ത്ത കേള്‍ക്കുകയും, കയ്യിലും മുഖത്തും ചോരപുരണ്ടുനില്‍ക്കുന്ന ചിത്രം കാണുകയും ചെയ്തത് ഭാരതത്തിലടക്കം വലിയ നടുക്കമാണ് ഉണ്ടാക്കിയത്. തന്റെ സുഹൃത്തിനെതിരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി, ജനാധിപത്യത്തിലും രാഷ്‌ട്രീയത്തിലും അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രസ്താവിക്കുകയും ചെയ്തു. സമാനമായ ഭാഷയില്‍ തന്നെ മറ്റ് രാഷ്‌ട്രത്തലവന്മാരും സംഭവത്തെ അപലപിച്ചിരിക്കുകയാണ്. ഡെമോക്രാറ്റുകളും അക്രമത്തെ അപലപിച്ചു. എന്നാല്‍ അമേരിക്കയിലെ മുഖ്യധാര മാധ്യമങ്ങള്‍ അത്യന്തം ഗുരുതരമായ ഈ സംഭവത്തെ ലളിതവല്‍ക്കരിക്കാനാണ് ശ്രമിച്ചത്. തങ്ങളുടെ ശത്രുവിനെതിരെ ഉണ്ടായ വധശ്രമത്തെ പക്ഷപാതപരമായാണ് ഈ മാധ്യമങ്ങള്‍ കണ്ടത്. അക്രമി ട്രമ്പിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനാണെന്നും, ഈ നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടുചെയ്യാന്‍ പോകുന്നയാളാണെന്നും പ്രചരിപ്പിക്കുന്നതിലായിരുന്നു അമേരിക്കന്‍ മുഖ്യധാര മാധ്യമങ്ങള്‍ക്ക് തിടുക്കം. ഒരു നിമിഷംപോലും കളയാതെ അവരത് ചെയ്യുകയുമുണ്ടായി. ക്രിമിനല്‍ പശ്ചാത്തലം ഒന്നുമില്ലാത്ത ഇരുപതു വയസ്സുള്ള അക്രമി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗത്വം എടുത്തിട്ടുണ്ടെങ്കിലും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പണം സംഭാവന ചെയ്തയാളാണെന്ന വിവരം പുറത്തുവന്നിരിക്കുന്നു. ജോ ബൈഡന്‍ പ്രസിഡന്റായി സ്ഥാനമേറ്റ കാലത്താണ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ക്രൂക്‌സ് പണം സംഭാവനയായി നല്‍കിയത്. മനസ്സുകൊണ്ട് ഇയാള്‍ ട്രമ്പിന്റെ എതിരാളികളായ ഡെമോക്രാറ്റുകള്‍ക്ക് ഒപ്പമാണെന്ന് കരുതേണ്ടിയിരിക്കുന്നു.
ട്രമ്പിനെതിരെയുണ്ടായ വധശ്രമം വഴിതെറ്റിയ ഒരു യുവാവിന്റെ പരാക്രമമായി കാണാനാവില്ല. അമേരിക്കയുടെ ചരിത്രം പരിശോധിച്ചാല്‍ നിരവധി പ്രസിഡന്റുമാര്‍ വധിക്കപ്പെട്ടിട്ടുണ്ട്. എബ്രഹാം ലിങ്കണ്‍, ജോണ്‍ എഫ് കെന്നഡി തുടങ്ങിയവര്‍ ഇവരില്‍പ്പെടുന്നു. പ്രസിഡന്റുമാരായിരുന്ന ഫ്രാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റ്, ഹാരി ട്രൂമാന്‍, റൊണാള്‍ഡ് റീഗന്‍ എന്നിവര്‍ക്ക് നേരെ വധശ്രമങ്ങളും നടന്നിട്ടുണ്ട്. ജനാധിപത്യത്തെക്കുറിച്ചും പരിഷ്‌കാരത്തെക്കുറിച്ചുമൊക്കെ വാചാലരാവുമെങ്കിലും അമേരിക്കന്‍ സമൂഹം അസഹിഷ്ണുത നിറഞ്ഞതാണ്. മതവും വംശീയതയുമൊക്കെ ഇതില്‍ വലിയ പങ്കുവഹിക്കുകയും ചെയ്യുന്നു. ട്രമ്പിന്റെ ജീവനെടുക്കാന്‍ ശ്രമിച്ച അക്രമിയുടെ പ്രേരണ എന്തായിരുന്നു എന്ന കാര്യം വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തു വരികയുള്ളൂ. പക്ഷേ ഇങ്ങനെയൊന്ന് നടക്കാനിടയായ സാഹചര്യം അവഗണിക്കാനാവില്ല. ട്രമ്പിനെതിരെ നടന്ന വിദ്വേഷ പ്രചാരണത്തിന്റെ ഫലമാണ് ഈ അക്രമമെന്നു തന്നെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും രാഷ്‌ട്രീയ നിരീക്ഷകരും കരുതുന്നത്. ട്രമ്പ് ഏതുവിധേനയും ചെറുക്കപ്പെടേണ്ടയാളാണെന്നു പറഞ്ഞുകൊണ്ടിരുന്ന പ്രസിഡന്റ് ബൈഡന്‍ അക്രമിക്ക് വഴിയൊരുക്കുകയായിരുന്നു. വധശ്രമത്തില്‍ ബൈഡനെതിരെ പ്രേരണാക്കുറ്റം ചുമത്തണമെന്നുവരെ ആവശ്യമുയര്‍ന്നത് ഇതുകൊണ്ടാണ്. ഹിറ്റ്‌ലറുമായി താരതമ്യപ്പെടുത്തിക്കൊണ്ട് നടന്ന പ്രചാരണമാണ് ട്രമ്പിനെതിരായ വധശ്രമത്തില്‍ കലാശിച്ചതെന്ന് മുന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അംഗം വിമര്‍ശിച്ചിരിക്കുന്നു തുളസി ഗബ്ബാര്‍ഡും വിമര്‍ശിച്ചിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസും ഇടത്- ജിഹാദി ശക്തികളും അര്‍ബന്‍ നക്‌സലുകളും മറ്റും ചേര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന വിഷലിപ്തമായ പ്രചാരണവും ഇതില്‍നിന്ന് വളരെയൊന്നും വ്യത്യസ്തമല്ലെന്ന കാര്യം വിസ്മരിക്കാന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: