ബെംഗളൂരു : തുമകൂരുവിൽ 35,000 രൂപയ്‌ക്കുവേണ്ടി അമ്മയുടെ സഹോദരി വിറ്റ പതിനൊന്നുവയസ്സുകാരിയെ ഒരു വർഷത്തിനുശേഷം ആന്ധ്രാപ്രദേശിലെ ഹിന്ദുപുരത്തുനിന്ന് പോലീസ് രക്ഷപ്പെടുത്തി.
തുമകൂരു സ്വദേശിനിയായ 33-കാരിയുടെ മകളെയാണ് ഇളയസഹോദരിയും ഭർത്താവും ചേർന്ന് ഹിന്ദുപുരയിൽ പൗൾട്രി ഫാം നടത്തുന്ന ശ്രീരാമുലു എന്നയാൾക്ക് വിറ്റത്. ദമ്പതിമാർ വാങ്ങിയ പണം തിരികെ കൊടുക്കുന്നതിന് പകരമായിട്ടായിരുന്നു കുട്ടിയെ വിറ്റതെന്ന് പോലീസ് പറഞ്ഞു.
യുവതിയുടെ സഹോദരിയും ഭർത്താവും പെൺകുട്ടിയെ സംരക്ഷിക്കാമെന്നുപറഞ്ഞാണ് കഴിഞ്ഞവർഷം ഹിന്ദുപുരത്തേക്ക് കൊണ്ടുപോയത്. കുട്ടിയെ സ്കൂളിൽ ചേർത്തെന്ന് അമ്മയെ അറിയിച്ചിരുന്നു. എന്നാൽ, ഒരുവർഷമായിട്ടും മകളെ തിരിച്ചെത്തിക്കാത്തതിനാൽ യുവതി സഹോദരി താമസിക്കുന്ന ഹിന്ദുപുരത്തെത്തിയപ്പോഴാണ് മകളെ വിറ്റതായി അറിഞ്ഞത്.
തുടർന്ന്, യുവതി ശ്രീരാമുലുവിനെ ഫോണിൽ വിളിച്ച് മകളെ വിട്ടുതരാൻ ആവശ്യപ്പെട്ടപ്പോൾ സഹോദരിയും ഭർത്താവും വാങ്ങിച്ച 35,000 രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. പണമില്ലാത്തതിനാൽ യുവതി ജില്ലാ ലേബർ ഓഫീസറെ സമീപിക്കുകയായിരുന്നു. തുമകൂരു ജില്ലാ ലേബർ ഓഫീസറുടെ പരാതിയിൽ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: