Sports

കോപ്പ അമേരിക്ക കിരീടം അർജന്‍റീനയ്‌ക്ക്; കൊളംബിയയെ കീഴടക്കിയ ഗോൾ നേടിയത് ലൗറ്റാരോ മാർട്ടിനസ്, മൂന്ന് വർഷത്തിനിടെ നാലാം ഇന്റർനാഷണൽ കിരീടം

Published by

മയാമി: കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്‍റിൽ തുടരെ രണ്ടാം വട്ടവും അർജന്‍റീന ചാംപ്യൻമാർ. ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിന് കൊളംബിയയെ കീഴടക്കി. ഇരു ടീമുകൾക്കും റെഗുലേഷൻ ടൈമിൽ ഗോൾ നേടാൻ സാധിക്കാതിരുന്നതോടെ മത്സരം എക്സ്ട്രാ ടൈമിലാണ് പൂർത്തിയാക്കിയത്.

മത്സരത്തിനിടെ സൂപ്പർ താരം ലയണൽ മെസി പരുക്കേറ്റു പുറത്തായെങ്കിലും ലൗറ്റാരോ മാർട്ടിനസിന്റെ ഗോളിൽ അർജന്‍റീന കപ്പുയർത്തുകയായിരുന്നു. ഫ്‌ളോറിഡയിലെ ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും നിറഞ്ഞതായിരുന്നു മത്സരം. സ്റ്റേഡിയത്തിലേക്ക് കൊളംബിയൻ കാണികൾ ടിക്കറ്റെടുക്കാതെ തള്ളിക്കയറാൻ ശ്രമിച്ചതോടെ ഒന്നേകാൽ മണിക്കൂർ വൈകിയാണ് മത്സരം ആരംഭിച്ചത്.

അർജന്റീനയുടെ ആക്രമണം കൊണ്ടാണ് മത്സരം തുടങ്ങിയെങ്കിലും പിന്നീട് മുന്നേറ്റത്തിൽ മുന്നിട്ട് നിന്നത് കൊളംബിയയായിരുന്നു. പന്ത് കൈവശം വെച്ച് കളിച്ചതും കൂടുതല്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്തിയതും കൊളംബിയയാണ്. കൊളംബിയൻ നായകൻ ജെയിംസ് റോഡ്രിഗസിന്റെ പല നീക്കങ്ങളും അർജന്റീനക്ക് ഭീഷണിയുയർത്തി.
എക്സ്ട്രാ ടൈം പൂർത്തിയാകാൻ എട്ട് മിനിറ്റ് മാത്രം ശേഷിക്കെയായിരുന്നു കളിയുടെ വിധി നിർണയിച്ച മാർട്ടിനസിന്റെ ഗോൾ. ഇതോടെ രണ്ട് യൂറോ കപ്പും ഒരു ലോകപ്പും തുടർച്ചയായി സ്വന്തമാക്കിയ സ്പെയിന്റെ റെക്കോഡിനൊപ്പമെത്താനും ലാറ്റിനമേരിക്കയിൽ അർജന്‍റീനയ്‌ക്കു സാധിച്ചു.

സ്പെയിൻ 2008, 2012 വർഷങ്ങളിൽ യൂറോ കപ്പും 2010ൽ ലോകകപ്പും നേടിയിരുന്നു. അർജന്‍റീന 2021ൽ കോപ്പ അമേരിക്ക നേട്ടവുമായി തുടങ്ങിയ പടയോട്ടം 2022ലെ ലോകകപ്പ് നേട്ടവും കടന്നാണ് ഇപ്പോൾ കോപ്പ നിലനിർത്തുന്നതിൽ എത്തിനിൽക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by