തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി പുരസ്കാരത്തിന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട 11 പുസ്തകങ്ങള്‍ ഒറ്റ ദിവസം കൊണ്ട് വായിച്ചുതീര്‍ത്ത് വിധി നിര്ണ്ണയിക്കുകയായിരുന്നെന്ന് അക്കാദമി മുന്‍ പബ്ലിക്കേഷന്‍ ഓഫീസറും സാഹിത്യ വിമര്‍ശനം ചീഫ് എഡിറ്ററുമായ സി.കെ.ആനന്ദന്‍പിള്ളയ്ക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ നിന്ന് വ്യക്തമാകുന്നു.
2023 ജൂണ്‍ 23 ന് ഗ്രന്ഥങ്ങള്‍ നല്‍കുകയും അന്നു തന്നെ അവാര്‍ഡ് പ്രഖ്യാപിക്കുകയായിരുന്നെന്നുമാണ് മറുപടിയില്‍ പറയുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റി നല്കിയ 15 പേരുടെ പാനലില്‍ നിന്ന് മൂന്നു പേരെയാണ് വിധികര്‍ത്താക്കളായി കെ. സച്ചിദാനന്ദന് പ്രസിഡന്റും സി.പി. അബൂബേക്കര്‍ സെക്രട്ടറിയുമായ സമിതി നിയമിച്ചത്. നല്കിയ 11 പുസ്തകങ്ങള്‍ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം വിവരാവകാശപ്രകാരം ഉള്ള മറുപടിയില്‍ പറയുന്നില്ല. നോവലിനെ കുറിച്ചുള്ള പഠനത്തിന് നോവലിസ്റ്റിന്റെ കൃതിയെക്കുറിച്ചുള്ള പഠനത്തിനും വേണം അവാര്‍ഡ് നല്‍കാനെന്നാണ് മാനദണ്ഡം. എന്നാല്‍ അവാര്‍ഡ് ലഭിച്ച പി.കെ പോക്കറിന്റെ സര്‍ഗാത്മകതയുടെ നിലവിളിച്ചം എന്ന ഗ്രന്ഥം ലേഖന സമാഹാരമാണ്. പോക്കറിന്റെ പുസ്തകം സാഹിത്യ അക്കാദമി ഉണ്ടാക്കിയ കരാറിലെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നും നിലവാരമില്ലാത്ത കൃതിയാണെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
ഇടതുപക്ഷ സഹയാത്രികനും ഉത്തരാധുനിക എഴുത്തുകാരനുമാണ് പോക്കര്. കാലിക്കറ്റ് സര്‍വകലാശാലയിലെ ഫിലോസഫി വിഭാഗം പ്രൊഫസറും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറുമാണ് . ‘സ്വത്വരാഷ്ട്രീയം’ എന്ന ഗ്രന്ഥം 2008-ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള അക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്.
അവകാശികള്‍ ഉള്‍പ്പെടെ വിഖ്യാത ഗ്രന്ഥങ്ങളുടെ കര്‍ത്താവായ വിലാസിനിയുടെ (എംകെ മേനോന്) ആഗ്രഹപ്രകാരമാണ് സാഹിത്യ അക്കാദമിയില്‍ നോവല്‍ നിരൂപണം ശക്തിപ്പെടുത്തുന്നതിനായി അവാര്‍ഡ് ഏര്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: