കോഴിക്കോട്: സംസ്ഥാനത്തിന്റെ വികസനം സാധ്യമാക്കുന്നതിനുള്ള ആദ്യപടി കേരളത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കുകയാണെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ, ഫിഷറീസ്, ആനിമല്‍ ഹസ്ബന്‍ഡറി വകുപ്പ് സഹമന്ത്രി ജോര്‍ജ് കുര്യന്‍. ജന്മഭൂമി സുവര്‍ണ്ണജൂബിലി ആഘോഷത്തിന്റെ മുന്നോടിയായി കോഴിക്കോട്ടെ പൗരപ്രമുഖര്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്ത കോഴിക്കോടിന്റെ വികസന സാധ്യതകള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ 65 ശതമാനം ജനസംഖ്യ 35 വയസില്‍ താഴെയുള്ളവരാണ്. അവരുടെ ചിന്തകള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം. യുവസമൂഹത്തിന്റെ കരുത്ത് സംസ്ഥാന വികസനത്തിന്റെ ചാലക ശക്തിയാകണം. കേരളത്തിലെ പത്ത് ശതമാനത്തോളം ഭൂമി ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമാണുള്ളത്. ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ വ്യവസായ സമൂഹം തയാറാകണം. പ്രാദേശിക വികസന സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന തരത്തില്‍ ടൂറിസം വിഭാവനം ചെയ്യണം. അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന നല്‍കുന്ന വികസന സമീപനമാണ് ആവശ്യം അദ്ദേഹം പറഞ്ഞു.
മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉപാധ്യക്ഷന്‍ എം. നിത്യാനന്ദ കമ്മത്ത് അദ്ധ്യക്ഷനായി, ചേംബര്‍ ഓഫ് കൊമേഴ്‌സ് മുന്‍ പ്രസിഡന്റ് ഹസീബ് അഹമ്മദ് ആമുഖ പ്രഭാഷണം നടത്തി. അലോക് സാബു, ഡോ. ജയ്കിഷന്‍ ജയരാജ്, സി.ഇ. ചാക്കുണ്ണി, ഡോ. മനോജ് കാളൂര്‍, അക്ഷയ് മുരളി, ടി.വി. ശ്രീധരന്‍, പത്മജന്‍ കാളിയത്ത്, എന്‍.പി. അബ്ദുള്‍ നാസര്‍, ജുബിന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ചു.
കോഴിക്കോടിന്റെ വികസനത്തിന് ആവശ്യമായ എല്ലാ നീക്കങ്ങള്‍ക്കും നരേന്ദ്രമോദി സര്‍ക്കാറിന്റെ പിന്തുണയുണ്ടാകുമെന്ന് ചര്‍ച്ചയ്‌ക്ക് മറുപടിയായി മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ മധുകര്‍ വി. ഗോറെ എന്നിവര്‍ പങ്കെടുത്തു. ജന്മഭൂമി ന്യൂസ് എഡിറ്റര്‍ എം. ബാലകൃഷ്ണന്‍ സ്വാഗതവും അസിസ്റ്റന്റ് മാനേജര്‍ കെ.എം. അരുണ്‍ നന്ദിയും പറഞ്ഞു. ജന്മഭൂമി വികസന സമിതി ചെയര്‍മാന്‍ ടി.വി. ഉണ്ണികൃഷ്ണന്‍, സി. ഇ. ചാക്കുണ്ണി, ശ്രീകുമാര്‍ കോമത്ത് എന്നിവര്‍ മന്ത്രിയെ ഷാള്‍ അണിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: