ന്യൂദല്‍ഹി: 2031ല്‍ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാകാന്‍ കഴിയുമെന്ന് ആര് ബിഐ ഡപ്യൂട്ടി ഗവര്‍ണര്‍ മൈക്കേല്‍ പാത്ര. 2060ല്‍ ഇന്ത്യ ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകാനും സാധിക്കുമെന്നും മൈക്കേല്‍ പാത്ര പറഞ്ഞു.
“എന്നാല്‍ ഈ ലക്ഷ്യം നേടിയെടുക്കാന്‍ ഇന്ത്യയ്ക്ക് ഒട്ടേറെ പരിമിതികള്‍ മറികടക്കണം. തൊഴില്‍ ഉല്പാദനശേഷി, അടിസ്ഥാനസൗകര്യവികസനം, ജിഡിപിയിലേക്കുള്ള ഉല്പാദനരംഗത്തിന്റെ സംഭാവന, സുസ്ഥിരവികസനത്തിന് ഹരിതസമ്പദ് വ്യവസ്ഥയുടെ വികസിപ്പിച്ചെടുക്കല്‍ തുടങ്ങിയ വെല്ലുവിളികള്‍ നേരിടേണ്ടതുണ്ട്. “-മസൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“ഇന്ത്യയുടെ സ്വാഭാവിക കരുത്ത് ഉപയോഗപ്പെടുത്തി വെല്ലുവിളികള്‍ നേരിടാനായാല്‍ 2048ല്‍ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ ശക്തിയാകും. 2060ല്‍ ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയാകും”. – മൈക്കേല്‍ പാത്ര പറഞ്ഞു.
“വര്‍ഷത്തില്‍ 9.6 ശതമാനമെന്ന നിലയില്‍ അടുത്ത 10 വര്‍ഷത്തേക്ക് വളര്‍ച്ച നേടാനായാല്‍ ഇന്ത്യ താഴേക്കിടയിലുള്ള മധ്യവര്ഗ്ഗരാഷ്ട്രം എന്ന പ്രതിച്ഛായയെ തകര്‍ത്ത് വികസിത രാഷ്ട്രമെന്ന പ്രതിച്ഛായയിലേക്ക് ഉയരും. ആളോഹരി വരുമാനം 4516 ഡോളര്‍ മുതല്‍ 14005 ഡോളര്‍ വരെ നേടിയാല്‍ ഇന്ത്യ ഇടത്തരം സമ്പദ് ഘടനയുള്ള രാജ്യമെന്ന പദവി ഇന്ത്യ സ്വന്തമാക്കും. ഒരു വികസിത രാഷ്ട്രമായി ഉയരണമെങ്കില്‍ ആളോഹരി വരുമാനം 34000 ഡോളര്‍ ആയി ഉയരണം.” – മൈക്കേല്‍ പാത്ര പറഞ്ഞു.
എങ്ങിനെയാണ് ഇന്ത്യ യുഎസിനെ മറികടന്ന് 2048ല്‍ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാവുക?- ഇതേക്കുറിച്ച് മൈക്കേല്‍ പാത്ര വിശദീകരിക്കുന്നത് താഴെ പറയും പ്രകാരമാണ്.
“ഇപ്പോള്‍ ഇന്ത്യന്‍ സമ്പദ് ഘടനയില്‍ കറന്‍സി വിനിമയനിരക്ക് ഏറ്റിറക്കങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. അതിനാല്‍ ഈ വിനിമയനിരക്കിനെ ജിഡിപിയുടെ അടിസ്ഥാനമായി കണക്കാക്കരുത്. പകരം പര്‍ച്ചേസ് പവര്‍ പാരിറ്റി (പിപിപി)യെ ഉപയോഗപ്പെടുത്തണം. പിപിപി കണക്കിലെടുത്താല്‍ ഇന്ത്യ മൂന്നാമത്തെ ശക്തമായ രാജ്യമാണ്. 2027ല്‍ അഞ്ച് ലക്ഷം കോടി ഡോളര്‍ കൈവരിക്കുക എന്ന ലക്ഷ്യം സാധ്യമാക്കിയാല്‍ അത് പിപിപി അനുസരിച്ച് 16 ലക്ഷം കോടി ഡോളര്‍ ആണ്. പിപിപി നിരക്കില്‍ കാര്യങ്ങള്‍ കണക്കിലെടുത്താല്‍ 2048ല്‍ ഇന്ത്യ യുഎസിനെ പിന്നിലാക്കി ലോകത്തിലെ രണ്ടാമത്തെ ശക്തിയാകുമെന്നാണ് ഓര്ഗനൈസേഷന് ഓഫ് ഇക്കണോമിക് കോപറേഷന്‍ ആന്റ് ഡവലപ് മെന്റ് (ഒഇസിഡി) കണക്ക് കൂട്ടുന്നത്. “- മൈക്കേല്‍ പാത്ര പറയുന്നു.
“മാര്‍ച്ച് 2024ന് ഇന്ത്യയുടെ സമ്പദ്ഘടന കറന്‍സി വിനിമയ നിരക്ക് കണക്കിലെടുത്താല്‍ 3.6 ലക്ഷം കോടി ഡോളര്‍ ആയി മാറി. എന്നാലും ഇന്ത്യ താഴേത്തട്ടിലുള്ള ഇടത്തരം-വരുമാന ഗ്രൂപ്പില്ഉള്പ്പെട്ട രാജ്യമാണ്. കാരണം ഇന്ത്യയുടെ ആളോഹരി വരുമാനം 2500 ഡോളര്‍ (2,07030 രൂപ) മാത്രമാണ്”. – മൈക്കേള്‍ പാത്ര ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നല്കിയ പ്രഭാഷണത്തിന്റെ വിഷയം “ഭാവിയിലേക്ക് ഒരുങ്ങിയ ഇന്ത്യയുടെ സാമ്പത്തി നയം എന്നതായിരുന്നു.
“ഇന്ത്യയിലെ നാണയപ്പെരുപ്പവും ഇന്ത്യയ്ക്ക് പുറത്തുള്ള ആഗോള നാണയപ്പെരുപ്പവും ഒരുപോലെ ആക്കി മാറ്റണം. അതായത് ഇന്ത്യയുടെ നാണയപ്പെരുപ്പത്തെ ആഗോള നാണയപ്പെരുപ്പത്തിന് സമമാക്കി നിര്‍ത്തണം. എങ്കില്‍ ഇന്ത്യന്‍ രൂപയുടെ വില ഇന്ത്യയ്ക്കകത്തും പുറത്തും ഒന്നായിരിക്കും. അങ്ങിനെയെങ്കില്‍ രൂപയെ ഒരു അന്താരാഷ്ട്ര കറന്‍സിയാക്കി മാറ്റാന്‍ എളുപ്പമാണ്. ഇതോടെ നാളത്തെ ലോകത്തിലെ വന്‍സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റാനാവും.”- മൈക്കേല്‍ പാത്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: