ഒരു കാലത്തുണ്ടായിരുന്ന
ആ ഇരുണ്ട ഭൂഖണ്ഡം
തേടിയിനിനി
വിമാനത്തിലോ
കപ്പലിലോ കയറി
ദിവസങ്ങളോളം കാത്തിരിക്കണമെന്നില്ല!
ചുറ്റുമൊന്ന് കണ്ണോടിച്ചാല്‍
കയ്യും –
കണക്കുമില്ലാത്തവിധം
ഇരുള്‍മൂടി
കറുത്തുകൊണ്ടിരിക്കുന്ന
ഒരു കര കാണാം!
പൊതുവിടങ്ങളെ മറന്ന്
സ്വന്തം കാല്‍ച്ചുവട്ടില്‍മാത്രം,
വിളക്ക് കൊളുത്തിവയ്‌ക്കുന്നവരുടെ
മസ്തിഷ്‌ക്കത്തിലെയിരുട്ട് ,
ഹൃദയത്തിലൂടരിച്ചിറങ്ങി
മേലാകെപ്പടര്‍ന്ന്
ചുറ്റും വ്യാപിക്കുന്നത്,
ഇന്നീ കരയിലെ
പതിവായി മാറിയിരിക്കുന്നു!
ഒന്ന് കരുതിനില്ക്കാന്‍
കാലമായതുപോലെ!
ഒന്നുകില്‍
കടല്‍, കരയിലേയ്‌ക്കിരമ്പിവന്ന്
ഈ കരയെ
അപ്പാടെ വിഴുങ്ങാം!
ഒരുപക്ഷേ,
അതിനുംമുന്‍പേ,
ഈ കരയാകെയിരുള്‍മൂടി
ഇതൊരു
ഇരുണ്ട ഭൂഖണ്ഡമായി
മാറിയേക്കാം!
ഇരുട്ടിനെ
ഭയക്കുന്നവര്‍ക്ക്
ചെറുതെങ്കിലും
മുങ്ങില്ലെന്നുറപ്പുള്ള
ഒരു കൊതുമ്പുവള്ളം
തയ്യാറാക്കി നിര്‍ത്താം!
ഇരുട്ടുകീറിമുറിക്കുന്ന
സൂര്യന്റെ ദിക്കിലേക്കിനി
ആഞ്ഞാഞ്ഞ് തുഴയെറിയാം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: