മുംബൈ: ഇന്ത്യ ഉടൻ തന്നെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. മുംബൈ ബാന്ദ്ര-കുർള കോംപ്ലക്‌സിൽ ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ സെക്രട്ടേറിയറ്റായ ഐഎൻഎസ് ടവേഴ്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ പണമിടപാടിൽ ഇന്ത്യ എങ്ങനെയാണ് മുന്നിലെത്തിയതെന്നും മോദി പറഞ്ഞു. “ഡിജിറ്റൽ ഇടപാടുകൾ ഇന്ത്യയ്‌ക്കുള്ളതല്ലെന്ന് ചില രാഷ്‌ട്രീയക്കാർ പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. ആധുനിക സാങ്കേതികവിദ്യയ്‌ക്ക് ഈ രാജ്യത്ത് പ്രവർത്തിക്കാനാവില്ലെന്ന മുൻവിധി അവർക്കുണ്ടായിരുന്നു, ”- മോദി പറഞ്ഞു.
എന്നിരുന്നാലും രാജ്യത്തെ ജനങ്ങളുടെ കഴിവുകൾക്ക് ലോകം സാക്ഷ്യം വഹിക്കുന്നു. ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യ ഇന്ന് പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ഇന്ത്യയുടെ യുപിഐയും ആധുനിക ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറും കാരണം, ആളുകളുടെ ജീവിത സൗകര്യം മെച്ചപ്പെട്ടു, രാജ്യങ്ങളിലേക്ക് പണം അയക്കുന്നത് അവർക്ക് എളുപ്പമായിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ കാര്യക്ഷമമായ പ്രവർത്തനം രാജ്യത്തിന് ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു. മാധ്യമങ്ങൾ ആളുകളെ അവരുടെ ശക്തിയെക്കുറിച്ച് ബോധവാന്മാരാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വ്യവഹാരങ്ങൾ സൃഷ്ടിക്കുക എന്നതാണ് മാധ്യമങ്ങളുടെ സ്വാഭാവിക ധർമ്മമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014-ന് മുമ്പ്, മിക്ക ആളുകൾക്കും സ്റ്റാർട്ടപ്പ് എന്ന വാക്ക് അറിയില്ലായിരുന്നു, എന്നാൽ മാധ്യമങ്ങൾ അത് എല്ലാ വീടുകളിലും എത്തിച്ചുവെന്നും മോദി പറഞ്ഞു. അതേസമയം, ആർബിഐയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ മൂന്നോ നാലോ വർഷത്തിനിടെ രാജ്യത്ത് എട്ട് കോടി പുതിയ തൊഴിലവസരങ്ങൾ ലഭ്യമാക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
റോഡ്, റെയിൽവേ, തുറമുഖ മേഖലകളിൽ 29,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്ത് തറക്കല്ലിട്ട ശേഷം മുംബൈയിലെ ഗോരേഗാവ് നഗരപ്രാന്തത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോദി. ആർബിഐ അടുത്തിടെ തൊഴിലിനെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. റിപ്പോർട്ട് പ്രകാരം കഴിഞ്ഞ മൂന്ന്-നാല് വർഷത്തിനിടെ എട്ട് കോടിയോളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. ഈ കണക്ക് ജോലിയെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ നിശ്ശബ്ദരാക്കിയെന്നും മോദി പറഞ്ഞു.
നൈപുണ്യ വികസനവും തൊഴിലവസരങ്ങളും രാജ്യത്ത് ആവശ്യമാണെന്നും ഞങ്ങളുടെ സർക്കാർ ഈ ദിശയിലാണ് പ്രവർത്തിക്കുന്നത്, അദ്ദേഹം പറഞ്ഞു. മുംബൈയിലും പരിസരങ്ങളിലും വരാനിരിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സമീപ പ്രദേശങ്ങളുമായുള്ള നഗരത്തിന്റെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഞങ്ങളുടെ ഗവൺമെൻ്റിന്റെ മൂന്നാം ടേമിനെ ചെറുതും വലുതുമായ നിക്ഷേപകർ ആവേശത്തോടെ സ്വാഗതം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. എന്റെ ലക്ഷ്യം മഹാരാഷ്‌ട്രയെ ലോകത്തിലെ വലിയ സാമ്പത്തിക ശക്തി കേന്ദ്രമാക്കുകയും മുംബൈയെ ആഗോള ഫിൻടെക് തലസ്ഥാനമാക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: