പത്തനംതിട്ട: കാപ്പാ കേസ് പ്രതിക്കൊപ്പം വേദി പങ്കിട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ രക്ഷിക്കാന്‍ ജില്ലാ പോലീസ്. വിഷയത്തില്‍ ജാഗ്രതക്കുറവുണ്ടെന്ന സിപിഎം സംസ്ഥാന ഘടകത്തിന്റെ വിലയിരുത്തലിന് പിന്നാലെയാണ് ഇന്റലിജന്‍സ് വീഴ്ചയില്ലെന്ന വിചിത്രവാദവുമായി ജില്ലാ പോലീസ് മേധാവി അജിത്ത് വി. രംഗത്ത് വന്നിരിക്കുന്നത്.
ദക്ഷിണ മേഖല എഡിജിപിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് എസ്പിയുടെ പച്ചക്കള്ളം. ദിവസങ്ങള്‍ മുമ്പ് നിശ്ചയിച്ചിരുന്ന പരിപാടിയിലാണ് മന്ത്രി പങ്കെടുത്തത്. സ്വകാര്യ പരിപാടിയിലാണെങ്കിലും പ്രോട്ടോക്കോള്‍ പ്രകാരമുള്ള ഇന്റലിജന്‍സ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാണ്. ഇതില്‍ ഗുരുതരമായ ചട്ടലഘനമാണ് ഉണ്ടായിരിക്കുന്നത്. അതിനിടെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ണുമടച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചതില്‍ സിപിഎം ജില്ലാ സെക്രട്ടറിക്കും ഔദ്യോഗിക വിഭാഗത്തിനുമെതിരെ പത്തനംതിട്ട സിപിഎമ്മില്‍ പടയൊരുക്കം ശക്തമായിരിക്കുകയാണ്. കേസുകളെല്ലാം ഒഴിവാക്കി നല്‍കാമെന്ന ഡീലിലാണ് ജില്ലാ സെക്രട്ടറി ഇഡലി എന്നു വിളിക്കപ്പെടുന്ന ശരണ്‍ ചന്ദ്രനെയും കൂട്ടാളികളെയും പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതെന്നാണ് വിമതവിഭാഗം നേതാക്കള്‍ പറയുന്നത്. മലയാലപ്പുഴയിലെയും പത്തനംതിട്ടയിലെയും പാര്‍ട്ടി പ്രാദേശിക ഘടകങ്ങളെ പോലും അറിയിക്കാതെ ആയിരുന്നു സ്വീകരണ പരിപാടി. വിവാദങ്ങള്‍ ഓരോന്നും പാര്‍ട്ടിക്ക് നാണക്കേടായെന്ന് ജില്ലാ സെക്രേട്ടറിയറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മാത്രമല്ല, ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്വീകരിക്കാന്‍ പോയ ആരോഗ്യമന്ത്രിക്കെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നതും പാര്‍ട്ടിയെ വെട്ടിലാക്കി.
സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ഒരു വിഭാഗം ജില്ലാ നേതാക്കള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. വന്നവരില്‍ പ്രധാനിയായ ശരണ്‍ ചന്ദ്രന് കാപ്പാ കേസ് പ്രതിയെന്ന വിവരം പുറത്തു വന്നതും തിരിച്ചടിയായി. പിന്നാലെ യദു കൃഷ്ണന് എന്ന യുവാവ് കഞ്ചാവ് കേസില്‍ പിടിയിലായി. ഇതിനെല്ലാം പുറമേ എസ്എഫ്ഐക്കാരെ ഉള്‍പ്പെടെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പോലീസ് തിരയുന്ന സുധീഷിനും മാലയിട്ടു സ്വീകരണം നല്‍കിയെന്ന വിവരം പാര്‍ട്ടിക്കുള്ളില്‍ കടുത്ത അതൃപ്തിക്ക് കാരണമായി.
തിരുത്തല്‍ നടപടിക്കിറങ്ങിയ പാര്‍ട്ടിയെ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും സംഘവും ചേര്‍ന്ന് പ്രതിസന്ധിയിലാക്കിയെന്ന വിമര്‍ശനമാണ് ശക്തമാകുന്നത്. വിവാദങ്ങളില്‍ സംസ്ഥാന നേതൃത്വവും കടുത്ത അതൃപ്തിയിലാണ്. ബിജെപി വിട്ടു വന്നവരെന്ന പേരില്‍ 62 പേരെ ജില്ലാ സെക്രട്ടറിയും മന്ത്രിയും ചേര്‍ന്ന് പാര്‍ട്ടിയിലേക്ക് സ്വീകരിച്ച ദിവസം മുതല്‍ തുടങ്ങിയതാണ് വിവാദങ്ങള്‍. ശരണിനെ ബിജെപി നേരത്തെ പുറത്താക്കിയതാണെന്ന വസ്തുതയും പാര്‍ട്ടി ന്യായീകരണങ്ങളുടെ മുനയൊടിക്കുന്നതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: