ബെര്‍ലിന്‍: കൃത്യം ഒരുമാസമായി തുടരുന്ന യൂറോ 2024ന് ഇന്ന് രാത്രിയിലെ ഫൈനല്‍ പോരാട്ടത്തോടെ കലാശക്കൊട്ട്. ടൂര്‍ണമെന്റ് ആതിഥേയരായ ജര്‍മനിയുടെ തലസ്ഥാന നഗരം ബെര്‍ലിനിലെ ഒളിംപിയാസ്റ്റേഡിയനില്‍ ഭാരത സമയം രാത്രി 12.30ന് ഏറ്റുമുട്ടുന്നത് സ്‌പെയിനും ഇംഗ്ലണ്ടും. പ്രാദേശിക സമയം രാത്രി ഒമ്പത് മണിക്കാണ് പോരാട്ടം.
കഴിഞ്ഞ മാസം ഇതേ ദിവസം മ്യൂണിക്കില്‍ ജര്‍മനിയും സ്‌കോട്ട്‌ലന്‍ഡും നേര്‍ക്കുനേര്‍ പൊരുതിക്കൊണ്ടാണ് ഇത്തവണത്തെ യൂറോയ്‌ക്ക് തുടക്കമിട്ടത്. അന്നമുതല്‍ ഇന്നുവരെ പിന്നിട്ടത് 49 മത്സരങ്ങള്‍. പിറന്നത് 114 ഗോളുകള്‍. ഗോള്‍ വേട്ടയില്‍ മുന്നില്‍ ആറ് പേരാണുള്ളത്. മൂന്ന് വീതം ഗോളുകള്‍ നേടിയ ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍, സ്‌പെയിന്റെ ഡാനി ഓല്‍മോ, നെതര്‍ലന്‍ഡ്‌സിന്റെ ഗോഡി ഗാക്‌പോ, ജര്‍മനിയുടെ ജമാല്‍ മുസിയാല, ജോര്‍ജിയന്‍ താരം ജോര്‍ജെസ് മിക്കാവുറ്റാഡ്‌സെ, സ്ലോവാക്യന്‍ താരം ഇവാന്‍ സ്‌ക്രാന്‍സ്. ഇവരില്‍ ഗോളെണ്ണം കൂട്ടാന്‍ ശേഷിയുള്ള രണ്ട് താരങ്ങളേ ഉള്ളൂ ഹാരി ഗെയ്‌നും ഡാനി ഓല്‍മോയും ഇന്നത്തെ പോരാട്ടത്തിനിറങ്ങുന്ന രണ്ട് ടീമുകളിലെയും അപകടകാരികളായ സ്‌ട്രൈക്കര്‍മാര്‍.
ടൂര്‍ണമെന്റില്‍ താരപ്പിറവിക്കുമപ്പുറം താരാധിപനായി ഉയര്‍ന്നുവന്നിരിക്കുകയാണ് ഇന്നലെ 17 വയസ് പൂര്‍ത്തിയായ സ്‌പെയിന്റെ ലാമിന്‍ യമാല്‍. സെമിയില്‍ ഫ്രാന്‍സിന്റെ കഥകഴിച്ചുകൊണ്ട് താരം നേടിയ അത്യുഗ്രന്‍ ഗോള്‍ ടൂര്‍മെന്റിലെ തന്നെ മികച്ച ലോങ് റേഞ്ചര്‍ ഫിനിഷിങ് ആണ്. ഈ പുത്തന്‍ താരോദയത്തിന് കീരടംചൂടിക്കൊണ്ടുള്ള പൂര്‍ണതയ്‌ക്കായാണ് സ്‌പെയിന്‍ ഇറങ്ങുന്നത്. ഒപ്പം യൂറോ കിരീട നേട്ടം നാലായി ഉയര്‍ത്താനുള്ള ഒരുക്കത്തിലും. 1964ലാണ് ആദ്യമായി യൂറോയില്‍ മുത്തമിട്ടത്. 2008ലും 2012ലും തുടര്‍ച്ചയായി കിരീടം നേടി. 2010 ഫിഫ ലോകകപ്പ് നേടിയ സ്‌പെയിന്‍ നിലവിലെ യുവേഫ നേഷന്‍സ് ലീഗ് ജേതാക്കള്‍ കൂടിയാണ്.
അതേസമയം 1966ലെ ലോക കിരീടത്തിന് ശേഷം പ്രധാനനേട്ടങ്ങളൊന്നും അവകാശപ്പെടാനില്ലാത്തവരാണ് ഇംഗ്ലണട്് ഫുട്‌ബോള്‍ ടീം. ഗാരെത്ത് സൗത്ത്‌ഗേറ്റ് പരിശീലകനായതിന് ശേഷം മികച്ച സ്ഥിരത പുലര്‍ത്തുന്ന ടീം കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പ്രധാന ടൂര്‍ണമെന്റുകളിലെല്ലാം ശ്രദ്ധേയ സാന്നിധ്യമായി. യൂറോ കപ്പില്‍ ആദ്യമായി ഫൈനല്‍ കളിച്ചത് പോലും കഴിഞ്ഞ തവണയാണ്. അന്ന് സ്വന്തം നാട്ടില്‍ ഇറ്റലിയോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടു. ഇക്കുറി വീണ്ടും ഫൈനലിലെത്തിയിരിക്കുന്നു. ആറ് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഒരു കിരീടം ആണ് ഇംഗ്ലണ്ട് തേടുന്നത്. യൂറോയിലെ കന്നിക്കിരീടവും. സൗത്ത്‌ഗേറ്റിന്റെ ടാക്റ്റിക്കുകളില്‍ മികച്ച മുന്നേറ്റം കാഴ്‌ച്ചവയ്‌ക്കാന്‍ ഇംഗ്ലണ്ടിന് സാധിക്കുന്നുണ്ട്. നെതര്‍ലന്‍ഡ്‌സിന്റെ കരുത്തിനെ സെമിയില്‍ 2-1ന് കീഴടക്കിയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയിരിക്കുന്നത്. ഇതുവരെയുള്ള കുതിപ്പില്‍ ഒരു മത്സരം പോലും തോറ്റിട്ടില്ല. പ്രാഥമിക റൗണ്ടില്‍ രണ്ട് കളികള്‍ സമനിലയിലായപ്പോള്‍ ഒരെണ്ണം മാത്രമേ ജയിച്ചുള്ളൂ. പ്രീക്വാര്‍ട്ടറില്‍ സ്ലൊവാക്യയെയും ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും തോല്‍പ്പിച്ചു.
ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് സ്‌പെയിന്റെ ഫൈനല്‍ പ്രവേശം. പ്രാഥമിക റൗണ്ടില്‍ മൂന്ന് കളികളും ജയിച്ച അവര്‍ പ്രീക്വാര്‍ട്ടറില്‍ ജോര്‍ജിയയെ തോല്‍പ്പിച്ചു. ക്വാര്‍ട്ടറില്‍ ടൂര്‍ണമെന്റ് ഫേവറിറ്റുകളായിരുന്ന ജര്‍മനിയെ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക