സിയാറ്റില്‍: അമേരിക്കയിലെ സിയാറ്റിലില്‍, ബെല്ലെവ്യൂ നഗരങ്ങളില്‍ ഭാരതത്തിന്റെ ആദ്യ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ (ഐവിഎസി) ആരംഭിച്ചു. മേയര്‍ ബ്രൂസ് ഹാരെലും സിയാറ്റിലിലെ ഭാരത കോണ്‍സല്‍ ജനറല്‍ പ്രകാശ് ഗുപ്തയും സംയുക്തമായാണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
ഇവിടങ്ങളില്‍ പുതിയ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ തുറക്കുന്നത് പസഫിക്, വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുകയെന്ന ഭാരത സര്‍ക്കാരിന്റെ പ്രതിബദ്ധതക്ക് ആക്കം കൂട്ടുന്നതാണെന്ന് പ്രകാശ് ഗുപ്ത പറഞ്ഞു. ഗ്രേറ്റര്‍ സിയാറ്റിലിലെ താമസക്കാര്‍ക്ക് വിസ, പാസ്പോര്‍ട്ട്, ഒസിഐ തുടങ്ങിയ കോണ്‍സുലാര്‍ സേവനങ്ങളും മറ്റ് അനുബന്ധ കോണ്‍സുലാര്‍ ആവശ്യകതകളും നിറവേറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശകാര്യ മന്ത്രാലയത്തിന്റെ ഔട്ട്സോഴ്സ് വിസ സേവന പങ്കാളിയായ വിഎഫ്എസ് ഗ്ലോബലിനാണ് വിസ അപേക്ഷ കേന്ദ്രങ്ങളുടെ ചുമതല.
പുതിയ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ വിസ അപേക്ഷാ പ്രക്രിയ കൂടുതല്‍ സുഗമമാക്കും. ഇതിലൂടെ യാത്രക്കാര്‍ക്കും ഭാരതീയരായ പ്രവാസികള്‍ക്കും മികച്ച സേവനം നല്കാന് കഴിയുമെന്നും വിഎഫ്എസ് ഗ്ലോബല്‍ മേധാവി അമിത് കുമാര്‍ ശര്‍മ പറഞ്ഞു. 2023 നവംബറില്‍ സിയാറ്റിലില്‍ ഭാരതത്തിന്റെ ആദ്യ കോണ്‍സുലേറ്റ് ആരംഭിച്ചതിനെ തുടര്‍ന്നാണ് ഐവിഎസി സേവനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
അലാസ്ക, ഐഡഹോ, മൊണ്ടാന, നെബ്രാസ്ക, നോര്‍ത്ത് ഡക്കോട്ട, ഒറിഗോണ്‍, സൗത്ത് ഡക്കോട്ട, വാഷിങ്ടണ്‍, വ്യോമിങ് എന്നീ ഒമ്പത് പസഫിക് വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളെ ഉള്‍ക്കൊള്ളുന്ന സിയാറ്റിലിലെ പുതിയ വിസ അപേക്ഷ കേന്ദ്രം ഭാരതീയ പ്രവാസി സമൂഹത്തിന് ഏറെ പ്രയോജനകരമാകുമെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: