തിരുവനന്തപുരം : തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങിയ ആളെ കാണാതായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞു.അഗ്നിശമന സേന തെരച്ചില്‍ നടത്തുന്നുണ്ടെങ്കിലും തൊഴിലാളിയെ ഇതുവരേയും കണ്ടെത്താനായിട്ടില്ല. അഗ്നിശമന സേനയുടെ സ്കൂബ ഡൈവേഴ്സാണ് തെരച്ചില്‍ നടത്തുന്നത്.
ആമയിഴഞ്ചാന്‍ തോടിന് 12 കിലോമീറ്റര്‍ നീളമുണ്ട്.തമ്പാനൂരില്‍ റെയില്‍ പാതയ്ക്കടിയിലൂടെയാണ് തോട് കടന്നു പോകുന്നത്.ട്രാക്കിനടിയില്‍ കൂടെ പോകുന്ന ഭാഗത്തിന് വീതിയില്ല. ഇവിടെ തുരങ്കം പോലെയാണ്. ഇതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്.
കാണാതായ ജീവനക്കാരനുമായി ബന്ധമില്ലെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. റെയില്‍വേ നേരിട്ട് നിയോഗിച്ച ജീവനക്കാരനല്ലെന്ന് വിശദീകരണം. തോട് വൃത്തിയാക്കേണ്ടത് നഗരസഭയും മൈനര്‍ ഇറിഗേഷന്‍ വകുപ്പുമെന്ന് ദക്ഷിണ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
അതേസമയം നഗരസഭയെ കുറ്റപ്പെടുത്താനുള്ള സമയമായി ചിലര്‍ ഇതിനെ കാണുന്നുവെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രന് പ്രതികരിച്ചത്. കാണാതായത് റെയില്‍വേയുടെ കരാര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന കരാറുകാരന് കീഴിലെ തൊഴിലാളിയാണെന്നാണ് ആര്യാ രാജേന്ദ്രന്റെ വാദം.നഗരസഭയോട് ആവശ്യപ്പെട്ട സഹായം നല്‍കുമെന്നും മേയര്‍ പറഞ്ഞു.
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ കോര്‍പ്പറേഷന്റെ താത്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശി 42കാരനായ ജോയ് എന്നയാളെയാണ് കാണാതായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: