കാസര്‍കോട്: രാജ്യത്ത് ഏറ്റവും നീതി നിഷേധിക്കപ്പെട്ട സമൂഹമായി കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരെന്ന് ബിഎംഎസ് അഖിലേന്ത്യ അധ്യക്ഷന്‍ ഹിരണ്‍മയ് പാണ്ഡ്യ. കേരള എന്‍ജിഒ സംഘ് 45-ാം സംസ്ഥാന സമ്മേളനം കാസര്‍കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനവിരുദ്ധ സര്‍ക്കാരുകളില്‍ പ്രഥമ സ്ഥാനത്താണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍. രാജ്യത്ത് എന്‍പിഎസ് പിന്‍വലിച്ച് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ നടപ്പാക്കണമെന്നാണ് ബിഎംഎസ് ആവശ്യപ്പെടുന്നത്. കേന്ദ്ര ധനമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. ജീവനക്കാര്‍ക്ക് നിശ്ചിത പെന്‍ഷന്‍ ഉറപ്പാക്കി പുതിയ പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്, അദ്ദേഹം പറഞ്ഞു.
എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശ് അധ്യക്ഷനായി. ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സഹ. സംഘടനാ കാര്യദര്‍ശി എം.പി. രാജീവന്‍, സ്വാഗത സംഘം അധ്യക്ഷന്‍ കെ. ശശിധര (റിട്ട.) ഐഎഎസ് എന്നിവര്‍ പ്രസംഗിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ. പ്രകാശ് സ്വാഗതവും സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പി. പീതാംബരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് യാത്രയയപ്പു സമ്മേളനം ആര്‍എസ്എസ് ഉത്തര മേഖല പ്രാന്തസഹകാര്യവാഹ് പി.പി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഗസറ്റഡ് തസ്തികയിലേക്കു പ്രമോഷന്‍ ലഭിച്ച എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍. രമേശിനും സര്‍വീസില്‍ നിന്നു വിരമിച്ച ജനറല്‍ സെക്രട്ടറി എ. പ്രകാശിനും മറ്റു സംസ്ഥാന ഭാരവാഹികള്‍ക്കും യാത്രയയപ്പു നല്കി. സാംസ്‌കാരിക സമ്മേളനം ആര്‍എസ്എസ് പ്രാന്തബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈകിട്ട് കാസര്‍കോട് നഗരത്തില്‍ ശക്തി പ്രകടനം നടന്നു. തുടര്‍ന്ന് പൊതുസമ്മേളനം ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഇന്ന് 10നു സുഹൃദ് സമ്മേളനം കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗണ്‍സില്‍ ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യ ഉപാധ്യക്ഷന്‍ പി. സുനില്‍ കുമാറും സമാപന സമ്മേളനം ബിഎംഎസ് സംഘടന കാര്യദര്‍ശി കെ. മഹേഷും ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാരവാഹി തെരഞ്ഞെടുപ്പ്, പ്രമേയങ്ങള്‍ എന്നിവ സമ്മേളനത്തിന്റെ ഭാഗമായുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: