ന്യൂദല്‍ഹി: അരവിന്ദ് കേജ്രിവാളിന് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത് സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടി തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ബന്‍സുരി സ്വരാജ് എംപി. കേസില്‍ അരവിന്ദ് കേജ്രിവാളിന്റെ പങ്കാളിത്തം സുപ്രീംകോടതി സ്ഥിരീകരിച്ചു. അദ്ദേഹത്തിനെതിരെ ഇ ഡിയുടെ പക്കല്‍ കൃത്യമായ തെളിവുകളുണ്ട്, ബന്‍സുരി സ്വരാജ് ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സുപ്രീംകോടതിയുടെ ഇടക്കാലജാമ്യം അനുവദിച്ചുള്ള വിധിക്കുപിന്നാലെ ആപ്പ് പതിവുപോലെ പൊതുജനങ്ങളെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണ്. സുപ്രീംകോടതി ഉത്തരവ് കേജ്രിവാളിന് ഒരു ആശ്വാസവും നല്‍കുന്നതല്ല. മദ്യനയ അഴിമതി കേസില്‍ അദ്ദേഹത്തിന് പങ്കുണ്ട്. അദ്ദേഹത്തിനെതിരെ ഇ ഡിയുടെ കൈവശം മതിയായ തെളിവുണ്ടെന്ന് സ്ഥിരീകരിക്കുന്നതാണ് ഈ വിധി. കേജ്രിവാള് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടില്ല. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് അവകാശപ്പെട്ട് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയാണുണ്ടായത്. ഇടക്കാല ജാമ്യം അനുവദിച്ചത് നിയമവശം പരിശോധിക്കാന്‍ വിശാല ബെഞ്ചിന് വിട്ടതുകൊണ്ടാണെന്നും ബന്‍സുരി പറഞ്ഞു.
ഇ ഡി കഴിഞ്ഞദിവസം വിശദമായ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. വാട്ട്സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും മറ്റുരേഖകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ കേജ്രിവാളാണ് കേസിലെ പ്രധാനപ്രതിയെന്ന് തെളിഞ്ഞിരിക്കുകയാണ്. കേജ്രിവാളിന് മറ്റ് പ്രതികളുമായി അടുത്ത ബന്ധമുണ്ട്. നൂറു കോടി രൂപയാണ് അഴിമതി പണമായി ലഭിച്ചത്. അതില്‍ 45 കോടി രൂപ ഗോവ തെരഞ്ഞെടുപ്പില്‍ ചെലവഴിച്ചു. ഈ സാഹചര്യത്തില്‍ ആപ്പും കേസിലെ പ്രധാനപ്രതിയാണ്. കേജ്രിവാള് അധികാരത്തിന്റെ ലഹരിയിലാണ്, മുഖ്യമന്ത്രിക്കസേര ഒഴിയാന്‍ അദ്ദേഹം തയാറല്ല. കേജ്രിവാളിന്റെ പിടിവാശി ദല്‍ഹിയില്‍ ഭരണപരമായ തളര്‍ച്ചയ്ക്കും ഭരണഘടനാ പ്രതിസന്ധിക്കും കാരണമായെന്നും ബാന്‍സുരി സ്വരാജ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: