ന്യൂദല്‍ഹി: സാധാരണക്കാര്‍ക്ക് അനുഗ്രഹമായി ബിഎസ് എന്‍എല്‍ കൈപൊള്ളാത്ത പ്രീപെയ് ഡ് പ്ലാന്‍ അവതരിപ്പിച്ചു. വെറും 107 രൂപയ്‌ക്ക് 35 ദിവസത്തെ വാലിഡിറ്റിനല്കുന്നതാണ് ഈ റീച്ചാര്‍ജ് പ്ലാന്‍. മിനിമം രീതിയില്‍ വോയ് സ് കോളും ഡേറ്റ ഉപയോഗവും ഉള്ളവര്‍ക്ക് ഈ പ്ലാന്‍ അനുഗ്രഹമാകും. 4ജി ആണ് നല്‍കുന്നത്.
പണമുള്ളവരും 5ജിയുടെ ഉയര്‍ന്ന ഫീച്ചറുകള്‍ ആസ്വദിക്കുകയും ചെയ്യേണ്ടവര്‍ കൂടുതല്‍ പണം മുടക്കി അത് ആസ്വദിക്കട്ടെ, സാധാരണക്കാര്‍, പരിമിതമായ വോയ്സ് കാളും ഡേറ്റയും വേണ്ടവര്‍ ബിഎസ് എന്‍എലിലേക്ക് തിരിയട്ടെ എന്നതാണ് സര്‍ക്കാര്‍ നയം.
വീഡിയോ ഉപഭോഗത്തിനുള്ള താല്‍പര്യം ഉപഭോക്താക്കളില്‍ വര്‍ധിച്ചതോടെ കൈപൊള്ളുന്ന 5ജി പ്ലാനുകള്‍ മറ്റ് ടെലികോം കമ്പനികള്‍ അവതരിപ്പിക്കുമ്പോഴാണ് കൈ പൊള്ളാത്ത പ്ലാനുമായി ബിഎസ് എന്‍എല്‍ എത്തുന്നത്. ജിയോയും എയര്‍ടെല്ലും വൊഡഫോണും വിട്ട് നിരവധി പേര്‍ പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് മാറുകയാണ്. എയര്‍ടെല്‍, ജിയോ, വൊഡഫോണ്‍ എന്നീ കമ്പനികള്‍ ശരാശരി 15 ശതമാനത്തിന്റെ വര്‍ധനയാണ് റീചാര്‍ജ്ജ് പ്ലാനില്‍ വരുത്തിയത്. ഇത് അവസരമായി കണ്ട് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ചെലവ് കുറച്ച് റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് വരികയാണ് ബിഎസ്എന്‍എല്‍.
മറ്റു കമ്പനികളുടെ സമാനമായ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറവാണ് ബിഎസ് എന്‍എല്‍ പ്ലാനിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 35 ദിവസം കാലാവധിയുള്ള പ്ലാനാണ് 107 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍. ഏതു നെറ്റ് വര്‍ക്കിലേക്കും 200 മിനിറ്റ് വോയ്‌സ് കോളിങ്, 2ജിബി ഡേറ്റ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: