തിരുവനന്തപുരം: നൂറ്റാണ്ടുകള്‍ക്കുശേഷം ലോക സമുദ്രവ്യാപാര പാതയിലേക്ക് വിഴിഞ്ഞം തുറമുഖം വീണ്ടും മിഴിതുറക്കുകയാണ്. ലോകത്തിന്റെ പുരാതന കാലത്ത് ആയ് രാജാക്കന്മാരുടെ തുറമുഖ നഗരവും സൈനിക കേന്ദ്രവുമായിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ആധുനികകാല സാധ്യതകള്‍ തിരിച്ചറിഞ്ഞതും തുറമുഖം വികസിപ്പിക്കുന്നതിന് നടപടികള്‍ ആരംഭിച്ചതും തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി. രാമസ്വാമി അയ്യര്‍ ആയിരുന്നു. എന്നാല്‍ തുടര്‍ന്ന് കേരളം ഭരിച്ച ജനാധിപത്യ സര്‍ക്കാരുകള്‍ പതിറ്റാണ്ടുകളോളമാണ് പദ്ധതി ചവറ്റുകൊട്ടയിലേക്കിട്ടിരുന്നത്. തുറമുഖം യാഥാര്‍ത്ഥ്യമായതോടെ അവകാശവാദങ്ങളുമായി ഓരോരുത്തരായി രംഗത്തെത്തിയെങ്കിലും തുറമുഖം യാഥാര്‍ത്ഥ്യമാക്കിയത് നരേന്ദ്രമോദി സര്‍ക്കാരിന്റെ ഇച്ഛാശക്തി ഒന്നുകൊണ്ടു മാത്രമാണെന്നറിയാത്തവരല്ല കേരളീയര്‍.
പൗരാണിക തുറമുഖം
വിഴിഞ്ഞത്തിന്റെ ആധിപത്യത്തിനുവേണ്ടി ദക്ഷിണേന്ത്യയിലെ വിവിധ രാജാക്കന്മാര് നിരവധി പോരാട്ടങ്ങള്‍ നടത്തിയിട്ടുണ്ട്. എട്ടാം നൂറ്റാണ്ടിലെ ഘോരയുദ്ധത്തില്‍ ആയ് രാജവംശം പാണ്ഡ്യന്മാരാല്‍ പരാജയപ്പെടുകയായിരുന്നു. വിഴിഞ്ഞത്തിന്റെ കുലഗുരുവായി കരുതപ്പെടേണ്ട പുരാതന ഗുഹാക്ഷേത്രം ചരിത്രത്തിന്റെ സാക്ഷയായി നില്ക്കുന്നു. 2006ലെ ഒരു ഖനനത്തില്‍ വിഴിഞ്ഞത്തെ ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. എട്ടോ ഒമ്പതോ നൂറ്റാണ്ടിലേതാണ് ഇതെന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട് ധര്‍മ്മരാജാവായ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയുടെ ഭരണകാലത്ത് തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാ കേശവദാസാണ് വിഴിഞ്ഞം തുറമുഖം നവീകരിച്ചത്.
സി.പി. രാമസ്വാമി അയ്യരുടെ സ്വപ്നം
വിഴിഞ്ഞത്ത് ആധുനിക തുറമുഖം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് തിരുവിതാംകൂര്‍ ദിവാനായിരിക്കെ സി.പി. രാമസ്വാമി അയ്യരായിരുന്നു. 1940കളില്‍ അദ്ദേഹം ഒരു സര്‍വെ നടത്തുകയും ചെയ്തിരുന്നു. രാജകല്പന പ്രകാരം ഒരു ബ്രിട്ടീഷ് എഞ്ചിനീയര്‍ വിഴിഞ്ഞം കടലും തീരവും പഠിക്കാന്‍ തിരുവിതാംകൂറിലെത്തി. അക്കാലത്ത് പൊതുമരാമത്ത് വകുപ്പിന് കീഴില്‍ ഒരു എയര്‍പോര്‍ട്ട് ഡിവിഷന് ഉണ്ടായിരുന്നു. ആ വകുപ്പിന് കീഴില്‍, വിഴിഞ്ഞം ഹാര്‍ബര്‍ പ്രത്യേക വിഭാഗം 1946 ല്‍ സ്ഥാപിതമായി. സര്‍വെ സംഘം നടത്തിയ പഠനങ്ങള്‍ ബ്രിട്ടനും അന്നത്തെ സര്‍ക്കാരിനും കൈമാറി. തിരുവിതാംകൂറും കൊച്ചിയും ലയിച്ചതോടെ ശ്രദ്ധ കൊച്ചി തുറമുഖത്തേക്ക് മാറി. അതോടെ വിഴിഞ്ഞം തുറമുഖ ഓഫീസ് പൂട്ടി.
എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഹൈദരാബാദിലെ ലാന്‍കോ കോണ്ടാപ്പള്ളി കമ്പനിയുടെ ഉടമസ്ഥതയിലുള്ള കണ്‍സോര്‍ഷ്യത്തിന് തുറമുഖം വികസിപ്പിക്കുന്നതിനുള്ള അനുമതിയും ലഭ്യമായി. ലാന്‍കോ ഇന്‍ഫ്രാ ടെക്, മലേഷ്യന്‍ കമ്പനിയായ പെമ്പിനാന്‍ റെസായി എന്നീ പേരുകളും പില്ക്കാലത്ത് ഉയര്‍ന്നുവന്നു. പദ്ധതി വീണ്ടും ഇഴഞ്ഞുനീങ്ങി. ഇതിനിടയില്‍ ചൈനീസ് കമ്പനിയുടെ താല്പര്യവും ചര്‍ച്ചാവിഷയമായി. കേരളത്തിലെ ഇടതു സര്‍ക്കാരിന് താല്പര്യം ചൈനീസ് കമ്പനിയോടായിരുന്നു. പിപിപി മാതൃകയില്‍ വിളിച്ച രണ്ട് റൗണ്ട് ലേലങ്ങളും ടെന്‍ഡറുകളും പരാജയപ്പെട്ടു. കേന്ദ്രത്തില്‍ നിന്ന് സുരക്ഷാ അനുമതി ലഭിക്കാത്ത ചൈനീസ് കമ്പനിക്കാണ് ആദ്യ റൗണ്ട് അനുമതി ലഭിച്ചത്. രണ്ടാം റൗണ്ട് ആദ്യം ലാങ്കോ ഗ്രൂപ്പിന് ലഭിച്ചു. ഹൈക്കോടതിയില്‍ വിഷയം എത്തിയതോടെ ലാങ്കോ ഗ്രൂപ്പ് പിന്‍വാങ്ങി. 2015 ജൂണ്‍ 10 ന് ചേര്‍ന്ന കേരള കാബിനറ്റ് പദ്ധതി ഏക ലേലക്കാരായ അദാനി പോര്‍ട്സിനും കരാര്‍ നല്കാന് തീരുമാനിക്കുകയായിരുന്നു.
മോദി സര്‍ക്കാരിന്റെ ഇടപെടല്‍ വഴിത്തിരിവായി
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതോടെയാണ് വിഴിഞ്ഞം പദ്ധതിക്ക് പുതുജീവന്‍ വച്ചത്. വിഴിഞ്ഞം പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനത്തിന് താല്പര്യമില്ലെങ്കില് തമിഴ്നാട്ടിലെ കുളച്ചല്‍ തുറമുഖം നവീകരണവുമായി മുന്നോട്ടുപോകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ സന്ദേശമാണ് സംസ്ഥാന സര്‍ക്കാരുകളുടെ തണുപ്പന്‍ നയത്തിന് മാറ്റംവരുത്തിയത്. ഇതോടെ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഭാരതത്തിലെ പ്രധാന തുറമുഖമായിരുന്ന വിഴിഞ്ഞം തുറമുഖം പൂര്‍വകാല പ്രൗഢിയോടെ സമുദ്രവ്യാപാരത്തിന്റെ അനന്തസാധ്യതകളിലേക്ക് മിഴിതുറക്കുകയായി.
വിവിധ തടസങ്ങളാല്‍ കാലതാമസം
പദ്ധതിയുടെ ഏക ലേലക്കാരനായി അദാനി ഗ്രൂപ്പ് ഉയര്‍ന്നു, 2015ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കീഴിലുള്ള കേരള സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന്റെ പ്രോജക്ടുകള്‍ക്ക് പദ്ധതി നല്കി. 2015 ഡിസംബര്‍ 5ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 1,000 ദിവസത്തിനുള്ളില്‍ ആദ്യത്തെ കപ്പല്‍ എത്തിക്കലായിരുന്നു ലക്ഷ്യം. 2018 സെപ്തംബര്‍ 1ന് തുറമുഖം പ്രവര്‍ത്തനസജ്ജമാകുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ 2017ലെ ഓഖി ചുഴലിക്കാറ്റ് വലിയ നാശം വിതച്ചു. പൂര്‍ത്തിയായ ബ്രേക്ക്വാട്ടറിന്റെ ഒരു ഭാഗത്ത് നാശമുണ്ടായി. അസംസ്കൃത വസ്തുവായ ചുണ്ണാമ്പുകല്ലിന്റെ കുറവ് മറ്റൊരു കാലതാമസത്തിന് കാരണമായി. കൊവിഡ് രോഗവ്യാപനവും പദ്ധതിക്ക് കാലതാമസമുണ്ടാക്കി. ഇതിനൊക്കെ പുറമെ വിവിധ കാരണങ്ങള്‍ പറഞ്ഞ് ഒരു പ്രത്യേക വിഭാഗം മത്സ്യത്തൊഴിലാളികളില്‍ ബോധപൂര് തുറമുഖനിര്‍മാണം തടസപ്പെടുത്താന്‍ ഉപരോധ സമരം ഉള്‍പ്പെടെ നടത്തുകയും ചെയ്തു. ഈ സമരത്തിന് വന്‍കിട വിദേശ തുറമുഖ നടത്തിപ്പുകാരും ദുബായ് ഉള്‍പ്പെടെയുള്ള വിദേശഭരണാധികാരികളുടെ സാമ്പത്തിക സഹായവും ഉണ്ടായിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. കേന്ദ്രസേന എത്തുമെന്ന ഘട്ടം വന്നതോടെയാണ് സമരക്കാര്‍ പിന്മാറിയത്. എല്ലാ തടസങ്ങളും തട്ടിമാറ്റി തുറമുഖം നിര്‍മാണം ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: