വിഴിഞ്ഞം: ചരിത്രമുറങ്ങുന്ന വിഴിഞ്ഞം തുറമുഖത്തെ ഉണര്‍ത്തി ചരക്കുമായി ആദ്യ കണ്ടെയ്നര്‍ കപ്പല്‍ ‘കരുതല്‍’ വന്ന് മടങ്ങിയിട്ട് പത്തു വര്‍ഷം പിന്നിടുന്നു. 2013 മാര്‍ച്ച് 15ന് ദുബായിയില്‍ നിന്ന് ചരക്കുകളുമായി പരീക്ഷണാര്‍ത്ഥം വിഴിഞ്ഞം തുറമുഖത്തെ പുതിയ വാര്‍ഫില്‍ എത്തിയ ട്രാന്‍സ് ഏഷ്യഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ ‘കരുതല്‍’ എന്ന കപ്പലിന് അന്നത്തെ തുറമുഖ മന്ത്രി കെ. ബാബു, കോവളം എംഎല്‍എ ആയിരുന്ന ജമീലാ പ്രകാശം, തുറമുഖ ഡയറക്ടര്‍ ജേക്കബ് തോമസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഹൃദ്യമായ വരവേല്‍പ്പ് നല്കി.
ട്രയല്‍ റണ്ണിനായി അടുത്ത ചെറുകപ്പലില്‍ നിന്ന് ആറോളം കണ്ടെയ്നറുകള്‍ സ്വകാര്യ ക്രെയിനിന്റെ സഹായത്തോടെ വിഴിഞ്ഞത്ത് ഇറക്കിയിരുന്നു. തുടര്‍ന്ന് ഒരു ദിവസം തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലില്‍ തന്നെ കണ്ടെയ്നറുകള്‍ കയറ്റി കൊല്ലത്തേക്ക് യാത്രയാക്കി. ബ്ലൂ സ്കൈപോര്‍ട്ട് സര്‍വീസസ് (ഡോവിന്‍സ് ഷിപ്പിംഗ്) എന്ന ഏജന്‍സിയാണ് കരുതല്‍ എന്ന കപ്പലിനെ വിഴിഞ്ഞത്ത് അടുപ്പിച്ചത്.
കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിഴിഞ്ഞം തുറമുഖം മറ്റ് പേരുകേട്ട തുറമുഖങ്ങള്‍ക്കൊപ്പം ചരക്ക് കയറ്റിറക്കുമതിക്ക് പ്രാപ്തമാണെന്ന് തെളിയിച്ചായിരുന്നു കപ്പലിന്റെ മടക്കം. തുടര്‍ന്ന് കൊല്ലത്തും കൊച്ചിയിലും ബേപ്പൂരിലും അടുത്തശേഷം ദുബായിയിലേക്ക് പുറപ്പെട്ടു. കാലപ്പഴക്കത്തിന്റെ പേരില്‍ കണ്ടം ചെയ്തെങ്കിലും കരുതലിനെ വിഴിഞ്ഞത്തുകാര്‍ക്ക് മറക്കാനാകില്ല. ട്രയല്‍ റണ്ണിന് ശേഷം വീണ്ടും ഇടവിട്ട് ചരക്കുകളുമായി കപ്പല്‍ എത്തുമെന്ന് അധികൃതര്‍ വാഗ്ദാനം നല്കി മടങ്ങിയെങ്കിലും എല്ലാം പാഴ്വാക്കായി. ഇതിനും രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ചരക്ക് കയറ്റാനായി മാലിയില്‍ നിന്ന് കപ്പലായ ആര്ഗോനോട്ടും വിഴിഞ്ഞത്ത് എത്തിയതു ചരിത്രമായിരുന്നു. ഇവിടെ നിന്ന് 200 കിലോയോളം ചരക്ക് കയറ്റി അയക്കുന്ന ആദ്യ സംഭവവും ഏടുകളില്‍ കുറിക്കപ്പെട്ടു. പത്ത് വര്‍ഷം മുമ്പ് ഗുജറാത്തില്‍ നിന്ന് മണലുമായി കപ്പല്‍ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടതും ചരിത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: