ഡോര്‍ട്ട്മുണ്ട്: ഗാരെത്ത് സൗത്ത് ഗേറ്റിന്റെ ഇംഗ്ലീഷ് പട വീണ്ടും യൂറോ കപ്പ് ഫൈനലില്‍. യൂറോയില്‍ 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ടീം തുടര്‍ച്ചയായി രണ്ട് തവണ ഫൈനലിലെത്തുന്നത്. റോണാള്‍ഡ് കൂമാന്റെ നെതര്‍ലന്‍ഡ്സുമായി നടന്ന കരുത്തന് പോരിനൊടുവിലാണ് ഇംഗ്ലണ്ട് ജയിച്ചുകയറിയത്.
89-ാം മിനിറ്റ് വരെ 1-1 സമനിലയില്‍ നിന്ന മത്സരത്തില്‍ പകരക്കാരനായിറങ്ങിയ ഒല്ലീ വാറ്റ്കിന്‍സ് നേടിയ ഗോളിലാണ് ഇംഗ്ലണ്ട് വിജയം കുറിച്ചത്. നിര്‍ണായക നേരത്ത് ഡച്ച് പ്രതിരോധത്തില്‍ കണ്ട വലിയ വിള്ളലിനെ മുതലെടുത്ത് നടത്തിയനീക്കം ഗോളില്‍ കലാശിക്കുകയായിരുന്നു. കാല്ക്കല് പന്ത് കിട്ടിയ പാല്‍മര്‍ മൈതാന മദ്ധ്യ ഭാഗത്ത് നിന്നും ഡച്ച് ഗോള്‍ മുഖം ലക്ഷ്യമാക്കി കുതിച്ചു. മുന്നില്‍ ഓടിക്കയറിയ വാറ്റ്കിന്‍സിന് ത്രൂ ബോള്‍ നല്കി. പന്ത് സ്വീകരിച്ച വാറ്റ്കിന്‍സ് അടുത്തെത്തിയ എതിര് പ്രതിരോധ താരം തടയാന്‍ ശ്രമിക്കും മുമ്പേ അതിവേഗം പന്ത് വലയിലെത്തിച്ചു. അതിവേഗ ഷോട്ടിന് മുന്നില്‍ ഡച്ച് ഗോളി വെര്ബ്രൂഗനും ഒന്നും ചെയ്യാന്‍ സാധിച്ചില്ല.
ഇംഗ്ലണ്ടിനായി ഇന്നലെ ആദ്യ ഗോള്‍ നേടിയ ഹാരി കെയ്ന്‍ പകരക്കാരനായി 81-ാം മിനിറ്റിലാണ് വാറ്റ്കിന്‍സ് കളത്തിലെത്തിയത്. ഇതേ സമയത്ത് തന്നെയാണ് വിജയഗോളിലേക്കുള്ള പാസ് നല്കിയ പാല്‍മറും ഫില്‍ ഫോഡന് പകരക്കാരനായി കളത്തിലിറങ്ങിയത്. ഇതിന് തൊട്ടമുമ്പത്തെ മിനിറ്റില്‍ ഇംഗ്ലണ്ട് ബുക്കായോ സാകായിലൂടെ രണ്ടാം ഗോള്‍ ആഘോഷിച്ചതാണ്. പക്ഷെ വാര്(വീഡിയോ അസിസ്റ്റന്റ് റെഫറി) പരിശോധനയില്‍ നേരിയ വ്യത്യാസത്തില്‍ ഓഫ്സൈഡായതിന്റെ പേരില്‍ ഗോള്‍ നിരസിച്ചു.
മത്സരം തുടക്കം മുതലേ വലിയ ആവേശകരമായിരുന്നു. ഒരു ഗോള്‍ പിന്നില്‍ നിന്ന ശേഷമാണ് ഇംഗ്ലണ്ട് രണ്ട് ഗോളുകള്‍ നേടി വിജയിച്ചത്. ഇംഗ്ലണ്ട് ആണ് ആദ്യം നല്ല നീക്കങ്ങളുമായി മുന്നേറ്റത്തിന് തുടക്കമിട്ടത്. പക്ഷെ അതിവേഗം കുതിച്ചുകയറിയ ഡച്ച് പട ആദ്യ മിനിറ്റുകളില്‍ തന്നെ സ്കോര്‍ ചെയ്തു. ഏഴാം മിനിറ്റില്‍ നെതര്‍ലന്‍ഡ്സ് മിഡ്ഫീല്‍ഡര്‍ സാവി സിമന്‍സ് ആണ് ഗോള്‍ നേടിയത്.
മത്സരം 17 മിനിറ്റിലെത്തിയപ്പോള്‍ ഇംഗ്ലണ്ടിന് അനുകൂലമായൊരു വിധി. ഡച്ച് ബോക്സിനകത്ത് സൂപ്പര്‍ താരം ഹാരി കെയ്ന്‍ മികച്ചൊരു വോളി ഷോട്ടിന് ശ്രമിച്ചപ്പോള്‍ നെതര്‍ലന്‍ഡ്സിന്റെ ഒന്നാന്തരം പ്രതിരോധ താരം ഡെന്‍സല്‍ ഡംഫ്രീസ് കാലില്‍ തൊഴിച്ചു. വാര് പരിശോധനയ്ക്ക് ശേഷമാണ് ഇംഗ്ലണ്ടിന് അര്‍ഹമായ പെനല്‍റ്റി അനുവദിച്ചുകിട്ടിയത്. കിക്കെടുത്ത ഹാരി കെയ്ന്‍ അതിവേഗ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. ഡച്ച് ഗോളി ചാടി നോക്കിയെങ്കിലും കിട്ടിയില്ല.
ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി ഇംഗ്ലണ്ട് എണ്ണം പറഞ്ഞ മുന്നേറ്റങ്ങളാണ് നടത്തിയത്. ഇടയ്ക്ക് ഫില്‍ ഫോഡന്റെ മിന്നലാട്ടങ്ങള്‍ ഏത് സമയവും ഇംഗ്ലണ്ട് ലീഡ് ചെയ്യുമെന്ന പ്രതീതി സൃഷ്ടിച്ചെങ്കിലും ഷോട്ടുകളൊന്നും ഗോളായില്ല. ഒടുവില്‍ കാത്തിരുന്ന വിജയഗോളോടെ ഇംഗ്ലണ്ട് തുടര്‍ച്ചയായി രണ്ടാം ഫൈനലില്‍ സ്ഥാനമുറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: