Kerala

മില്‍മ സ്റ്റോറില്‍ 27 ലക്ഷം രൂപയുടെ അഴിമതി നടന്നതായി പോസ്റ്റര്‍ പ്രചാരണം

Published by

അമ്പലപ്പുഴ: പുന്നപ്ര മില്‍മയിലെ സ്റ്റോറില്‍ അഴിമതി നടന്നതായി പോസ്റ്റര്‍ പ്രചാരണം. സ്റ്റോറിലെ ഒരു മുന്‍ ജീവനക്കാരന്‍ 27 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്നാരോപിച്ചാണ് പോസ്റ്റര്‍ പ്രചാരണം നടക്കുന്നത്.

പോസ്റ്ററില്‍ സ്റ്റോര്‍ ജീവനക്കാരനായിരുന്ന ആളുടെ പേരെടുത്തു പറയുന്നുണ്ട്. ഇയാള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. മില്‍മ വളപ്പിനുള്ളില്‍ തന്നെയാണ് പലയിടങ്ങളില്‍ പോസ്റ്റര്‍ പതിപ്പിച്ചിട്ടുള്ളതായി കാണപ്പെട്ടത്. ഇയാള്‍ക്കെതിരെ മറ്റ് ചില ആരോപണങ്ങളും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. മറ്റൊന്ന് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതായ ആരോപണമാണ്. ഇതിനെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്ന ആവശ്യവും സൂചിപ്പിക്കുന്നുണ്ട്.

ഓഡിറ്റിങ് ഫിനാന്‍സ് വിഭാഗങ്ങളുടെ കണ്ണില്‍ പോലും പെടാതെ സ്റ്റോറില്‍ ഇങ്ങനെ ഒരു അഴിമതി നടത്തിയ ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നും ഇത്രയും വലിയ അഴിമതി കാണിച്ച ജീവനക്കാരനെ ഉന്നത തസ്തികയില്‍ നിയമിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന ആവശ്യവും പോസ്റ്ററില്‍ സൂചിപ്പിക്കുന്നുണ്ട്. നിലവില്‍ ഗുണനിലവാര വിഭാഗം നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുമ്പോള്‍ അഴിമതി നടത്തിയയാളെ നിയമിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. വിജിലന്‍സ് അന്വേഷണം നടന്നാല്‍ മറ്റ് ചില അഴിമതികളും വെളിച്ചത്താകുമെന്ന ആശങ്കയും ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by