തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വിജയവും പാര്‍ട്ടിയുടെ മുന്നേറ്റവും ബലിദാനികള്‍ക്കു സമര്‍പ്പിച്ച് ബിജെപി വിശാല നേതൃയോഗം. തദ്ദേശ തെരഞ്ഞെടുപ്പിനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുമുള്ള പോരാട്ടത്തിന് യോഗം കാഹളം മുഴക്കി. മുതിര്‍ന്ന നേതാവ് ഒ. രാജഗോപാല്‍ മുതല്‍ പഞ്ചായത്ത് ഭാരവാഹികള്‍ വരെ ഒരുമിച്ചു ചേര്‍ന്ന് പുതിയ കേരളത്തിനായി പദ്ധതികള്‍ രൂപീകരിച്ചാണ് യോഗം അവസാനിപ്പിച്ചത്.
കേരളത്തിലെ ബിജെപി മുന്നേറ്റം ഭാവിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി. നഡ്ഡ പറഞ്ഞു. ആന്ധ്രപ്രദേശിലും എന്‍ഡിഎ അധികാരത്തിലെത്തിയതോടെ ബിജെപി ഉത്തരേന്ത്യന്‍ പാര്‍ട്ടിയെന്ന ബോധപൂര്‍വമായ പ്രചാരണം ജനം തള്ളി. തെലങ്കാനയില്‍ സീറ്റ് ഇരട്ടിയാക്കി. കേരളത്തില്‍ ആദ്യമായി വിജയിച്ചു. ഒഡീഷയില്‍ ഐതിഹാസിക വിജയം നേടി. ഭാവിയില്‍ തമിഴ്‌നാട്ടിലും ജയിക്കും, അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ ഭാരതാംബയുടെയും ശ്യാമപ്രസാദ് മുഖര്‍ജിയുടെയും ദീന്‍ദയാല്‍ ഉപാധ്യായയുടെയും ചിത്രങ്ങള്‍ക്കു മുന്നില്‍ ഒ. രാജഗോപാല്‍ ദീപം തെളിയിച്ചു. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ വിശാല നേതൃയോഗം ഉദ്ഘാടനം ചെയ്തു. രാഷ്‌ട്രീയത്തില്‍ മൂന്നാം കടമ്പ കടന്നാല്‍ പിന്നെ തടയാനാര്‍ക്കും കഴിയില്ലെന്നും ഇനി നരേന്ദ്ര മോദിയെ പിടിച്ചുനിര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബലിദാനികളാണ് കരുത്ത്. സാധാരണക്കാര്‍ക്കു വേണ്ടിയാണ് എന്നെ മന്ത്രിയാക്കിയതെന്നു പ്രധാനമന്ത്രി പറഞ്ഞു. സാധാരണക്കാര്‍ക്കായി പ്രവര്‍ത്തിക്കും. കേരളത്തിന്റെ വികസന കാര്യത്തില്‍ രാഷ്‌ട്രീയമുണ്ടാകില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയെ പിന്തുണച്ചതിന്റെ പേരില്‍ ആരും ആക്രമിക്കപ്പെടില്ലെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ക്രൈസ്തവ നേതൃത്വത്തെ സിപിഎം ഭീഷണിപ്പെടുത്തുന്നു. ബിജെപിക്കു വോട്ട് ചെയ്തവരെ വേട്ടയാടാന്‍ അനുവദിക്കില്ല, അദ്ദേഹം തുടര്‍ന്നു. പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ബിജെപിയുടെ വോട്ടു വിഹിതം 30 ശതമാനത്തിലെത്തുമെന്ന് കേരള പ്രഭാരി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം പങ്കെടുത്തത്.
കേരളം മാറുന്നു, ഭാരതത്തിനൊപ്പമെന്ന പ്രമേയം മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരനും നരേന്ദ്ര മോദിക്ക് അഭിവാദ്യമര്‍പ്പിച്ചുള്ള പ്രമേയം ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും അവതരിപ്പിച്ചു. മുന്‍ സംസ്ഥാന അധ്യക്ഷന്‍മാരായ കെ. രാമന്‍പിള്ള, കുമ്മനം രാജശേഖരന്‍, സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍. രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, സി. കൃഷ്ണകുമാര്‍, പി. സുധീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2500 പ്രവര്‍ത്തകരാണ് യോഗത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: