തൃശൂര്‍: പച്ചക്കറിക്ക് തീ വിലയായതോടെ താളം കണ്ടെത്താനാകാതെ ചെറുകിട ഹോട്ടല്‍ മേഖല. വാടകയും വൈദ്യുതി ബില്ലും ലോണും അടയ്ക്കാന്‍ പലരും പെടാപ്പാടുപെടുകയാണ്. വില വര്‍ദ്ധിപ്പിക്കാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. രണ്ടാഴ്ചക്കിടെ തക്കാളി, ബീന്‍സ് ഉള്‍പ്പെടെയുള്ള പച്ചക്കറികള്‍ക്ക് 10 മുതല്‍ 40 രൂപ വരെ വര്‍ദ്ധിച്ചിട്ടുണ്ട്. ആവശ്യ സാധനങ്ങള്‍ക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇതനുസരിച്ചുള്ള വിറ്റുവരവ് ഹോട്ടലുകള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു.
കോലാര്‍, മൈസൂരു, ഹൊസൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരള മാര്‍ക്കറ്റിലേക്ക് തക്കാളിയെത്തുന്നത്. ഇവിടങ്ങളില്‍ നിന്നുള്ള തക്കാളിവരവ് കുറഞ്ഞതാണ് വില കൂടാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. നാസിക്കില്‍ നിന്ന് തക്കാളി വരവ് കുറഞ്ഞതും തിരിച്ചടിയായി. വിലവര്‍ദ്ധിച്ചതോടെ ഊണിനൊപ്പമുള്ള കറികളില്‍ പച്ചക്കറി വിഭവങ്ങളുടെ അളവും കുറഞ്ഞിട്ടുണ്ട്. ഹോട്ടലുകളില്‍ സുലഭമായി വിളമ്പുന്ന സാമ്പാറില്‍ കഷണങ്ങള്‍ വളരെ കുറച്ചിട്ടുണ്ട്. പല ഹോട്ടലുകളിലും ഒഴിച്ചുകറി, മോര്, രസം, മീന്‍ കറി എന്നിവയിലേക്ക് ചുരുങ്ങി. രസത്തില്‍ നിന്ന് തക്കാളിയും പടിയിറങ്ങി. അവിയലിന്റെ അളവും കുറച്ചു.
ചെറുകിട ഹോട്ടലുകളും തട്ടുകടകളും പ്രവര്‍ത്തനം നിര്‍ത്തേണ്ട അവസ്ഥയിലാണ്. അഞ്ച് മുതല്‍ 15പേര് വരെ പണിയെടുക്കുന്ന ഓരോ ഭക്ഷണശാലയിലും ദിവസേന 700 മുതല്‍ 1200 വരെ പേര്‍ക്ക് വരെ ഭക്ഷണം നല്‍കുന്നുണ്ട്. ഇവര്‍ക്ക് കൂലി നല്കാന് പോലും വിറ്റുവരവ് തികയുന്നില്ല. കുടുംബശ്രീ ജനകീയ ഭക്ഷണ ശാലകളും അടുപ്പെരിയിക്കാനാവാതെ വിഷമിക്കുകയാണ്. 35 രൂപയ്ക്ക് ഊണും സാമ്പാറും കറികളും നല്കാന് കഴിയാത്ത അവസ്ഥയാണെന്ന് നടത്തിപ്പുകാര്‍ പറയുന്നു.പച്ചക്കറി വില റോക്കറ്റ് വേഗത്തില്‍ ഉയരുകയാണ്.
ജീവനക്കാരുടെ ശമ്പളം പോലും നല്കാന് കഴിയുന്നില്ല. സാധനങ്ങള്‍ക്ക് വില വര്‍ദ്ധിക്കുമ്പോള്‍ അതിനനുസരിച്ച് ഭക്ഷണ വില കൂട്ടണം. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പുകള്‍ ഇടപെട്ട് സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറികളും ഇറച്ചിക്കോഴിയും ദൗര്‍ബല്യമില്ലാതെ വിപണിയിലെത്തിച്ച് ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: