പുരി (ഒഡീഷ): ഭാരതത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിശ്വപ്രസിദ്ധമായ പുരി ജഗന്നാഥ രഥയാത്രയ്ക്ക് തുടക്കം. ബലഭദ്രന്റെയും ശ്രീകൃഷ്ണന്റെയും സുഭദ്രയുടെയും വിഗ്രഹങ്ങള്‍ വഹിച്ച, തടിയില്‍ തീര്‍ത്ത കൂറ്റന്‍ രഥങ്ങള്‍ പുരിയുടെ വീഥികളെ ഭക്തിയിലാറാടിച്ചു. ലക്ഷക്കണക്കിന് ഭക്തര്‍ ജയ് ജഗന്നാഥ് മന്ത്രങ്ങളുമായി രഥയാത്രയില്‍ പങ്കുചേര്‍ന്നു.
രാഷ്ട്രപതി ദ്രൗപദി മുര്‍മു രഥയാത്രയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുത്തു. ലോകപ്രശസ്തമായ ജഗന്നാഥ രഥയാത്രയുടെ വേളയില്‍, രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നുവെന്ന് ദ്രൗപദി മുര്‍മു എക്സില്‍ കുറിച്ചു. എണ്ണമറ്റ ജഗന്നാഥഭക്തരുടെ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടി ഞാന്‍ മഹാപ്രഭുവിനോട് പ്രാര്‍ത്ഥിക്കുന്നു, രാഷ്ട്രപതി എഴുതി.
രാഷ്ട്രപതിക്കൊപ്പം ഒഡീഷ ഗവര്‍ണര്‍ രഘുബര്‍ ദാസ്, മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്, മുന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്, പുരി എംപി സമ്പിത് പാത്ര തുടങ്ങിയവരും പങ്കെടുത്തു.
ജഗന്നാഥന്റെ അതിരില്ലാത്ത കരുണ നാടിന് ഐശ്വര്യം കൊണ്ടുവരാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു. സമൃദ്ധമായ, നവീന ഒഡീഷയിലേക്കുള്ള രഥയാത്രയായി ഇത് മാറുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1971ന് ശേഷം ഇതാദ്യമായിട്ടാണ് രണ്ട് ദിവസം രഥയാത്ര ആഘോഷിക്കുന്നത്. ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കുള്ള ഭഗവാന് ജഗന്നാഥന്റെയും സഹോദരന് ബലഭദ്രന്റെയും സഹോദരി സുഭദ്രയുടെയും യാത്രയെ അനുസ്മരിച്ചാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടക്കുന്നത്. രഥയാത്ര അവസാനിക്കുന്നത് ഗുണ്ടിച്ച ക്ഷേത്രത്തിലാണ്. ബഹുദ യാത്ര എന്നറിയപ്പെടുന്ന മടക്കയാത്ര ആരംഭിക്കുന്നതിന് മുമ്പ് ദേവന്മാര് ഒമ്പത് ദിവസം വിശ്രമിക്കുന്നു. നീലാദ്രി വിജയത്തില്‍ രഥങ്ങള്‍ പൊളിക്കുന്നതോടെ ഉത്സവം സമാപിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് രഥയാത്രയുടെ ആശംസകള്‍ നേര്‍ന്നു. മഹാപ്രഭു ജഗന്നാഥനെ വണങ്ങുന്നു. ജഗന്നാഥന്റെ അനുഗ്രഹം നമ്മുടെ മേല്‍ എപ്പോഴും ഉണ്ടായിരിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുവെന്ന് മോദി ആശംസിച്ചു.
രാവിലെ അഹമ്മദാബാദിലെ ജഗന്നാഥക്ഷേത്രത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭാര്യക്കൊപ്പം മംഗള ആരതി നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: