തിരുവനന്തപുരം: പ്രത്യേക പരിഗണന നല്‍കേണ്ട ഓട്ടിസമുള്ള ഒന്നാം ക്ലാസുകാരന് ഒച്ചവെച്ചതിന് സ്കൂളില്‍ നിന്നും പുറത്താക്കി. തിരുവനന്തപുരം തൈക്കാട് ഗവ. മോഡല്‍ എച്ച്എസ് എല്‍പിഎസില്‍ നിന്നാണ് മണക്കാട് സ്വദേശികളുടെ മകനെ പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ച് പുറത്താക്കിയത്. പ്രത്യേക പരിഗണന നല്‍കേണ്ട കുട്ടികള്‍ക്ക് പ്രത്യേകം ശ്രദ്ധ നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് കുട്ടി സ്കൂളിന്റെ നിലനില്പിനെ ബാധിക്കുമെന്ന വിചിത്ര ന്യായം നിരത്തി ഹെഡ്മാസ്റ്റര്.
പ്രവാസി ദമ്പതികള്‍ ഓട്ടിസത്തിന്റെ ചികിത്സയുടെ ഭാഗമായാണ് നാട്ടിലെത്തിയത്. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് കുട്ടിയെ കഴിഞ്ഞ വര്‍ഷം ഈ സ്കൂളില്‍ യുകെജിയില്‍ ചേര്‍ത്തു. പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാം ക്ലാസിലേക്ക് സ്കൂള്‍ അധികൃതര്‍ തന്നെ മാറ്റി. വായനാദിനാചരണം നടക്കുന്നതിനിടെ കുട്ടി ബഹളം വച്ചതാണ് പ്രധാന അധ്യാപകനെ പ്രകോപിപ്പിച്ചത്. കുട്ടിയുടെ അമ്മയെ വിളിച്ചുവരുത്തി നിര്‍ബന്ധിച്ച് ടിസിക്ക് അപേക്ഷ എഴുതി വാങ്ങുകയായിരുന്നു. മൂന്നുമാസത്തിനകം ഭര്‍ത്താവിന്റെ അടുത്തേക്ക് തിരിച്ചുപോകും വരെ സമയം അനുവദിക്കണമെന്ന് അമ്മ അപേക്ഷിച്ചെങ്കിലും ചെവിക്കൊണ്ടില്ല. ഒരാഴ്ചയ്ക്കകം ടിസി വാങ്ങണമെന്ന് നിര്‍ദേശിച്ചു. കുട്ടി സ്കൂളില്‍ തുടര്‍ന്നാല്‍ രക്ഷിതാക്കള്‍ കുട്ടികളെ മറ്റ് സ്കൂളുകളിലേക്ക് മാറ്റുമെന്നും സ്കൂളിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നും ഹെഡ്മാസ്റ്റര് അധിക്ഷേപിച്ചുവെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
ടിസിയുടെ അപേക്ഷയില്‍ കാരണം വ്യക്തമാക്കാന്‍ ശ്രമിച്ചപ്പോള്‍ അതും തടഞ്ഞു. സ്കൂളിലേക്ക് എത്താന്‍ ദൂരം കൂടുതലായതിനാല്‍ ടിസി നല്‍കണമെന്ന് നിര്‍ബന്ധിച്ച് എഴുതിച്ചു. അതിനുശേഷമാണ് ടിസി നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മറ്റൊരു സ്കൂളില്‍ ചേര്‍ത്തു. എല്‍കെജിയില്‍ പഠിച്ചിരുന്ന ഒന്നാം ക്ലാസുകാരന്റെ സഹോദരിയെയും ഇവിടെ നിന്നും മാറ്റി മറ്റൊരു സ്കൂളിലാക്കി.
ഓട്ടിസം അടക്കമുള്ളവയുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയും പരിചരണവും നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലനില്‍കെയാണ് സെക്രട്ടേറിയറ്റിന്റെ വിളിപ്പാടകലെ നിര്‍ബന്ധിച്ച് ടിസി വാങ്ങിപ്പിച്ചത്. ഹെഡ്മാസ്റ്ററുടെ നടപടിക്കെതിരെ പിടിഎയ്ക്കുള്ളില്തന്നെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: