ന്യൂദല്‍ഹി: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് തൊഴിലവസരങ്ങളില്‍ ലോകരാജ്യങ്ങളില്‍ ഭാരതമാണ് മുന്‍നിരയിലെന്ന് ഒല സിഇഒ ഭവിഷ് അഗര്‍വാള്‍. എഐ മേഖലയില്‍ ധാരാളം അവസരങ്ങളാണ് യുവാക്കള്‍ക്ക് മുന്നില്‍ തുറക്കുന്നത്. ഇതിലൂടെ ജോലിഭാരം കുറയുകയും ചെയ്യും, ഭവിഷ് അഗര്‍വാള്‍ എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
എഐ വഴി യുവാക്കള്‍ക്ക് ഭാരതത്തിലിരുന്നുതന്നെ ആഗോളതലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ഇത് യുവാക്കളുടെ ഉത്പാദനക്ഷമത 10 ഇരട്ടിയായി വര്‍ധിപ്പിക്കുന്നു. ജോലിഭാരം പത്തിലൊന്നായി കുറയും. അതായത് 10 മടങ്ങിലധികം കൂടുതല്‍ തൊഴിലവസരങ്ങള്‍ ഭാരതത്തിലേക്ക് വരും, ഭവിഷ് പറഞ്ഞു.
നവ ഭാരതത്തെ കെട്ടിപ്പടുക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നത്. എഐ മേഖലയ്‌ക്ക് പ്രാധാന്യം നല്കുന്നത് സമ്പദ്വ്യവസ്ഥ ഉയര്‍ത്തും. ചില ജോലികള്‍ നഷ്ടപ്പെട്ടേക്കാം, പകരം അതിനെക്കാള്‍ 10 ഇരട്ടി ഉദ്പാദനക്ഷമതയുള്ള ജോലികള്‍ സൃഷ്ടിക്കപ്പെടുമെന്നതാണ് വാസ്തവം. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ജോലികള്‍ ചെയ്യാന്‍ പ്രാപ്തരാക്കുകയാണ് എഐ മേഖലയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത അഞ്ച് വര്‍ഷത്തിനിടയില്‍ നിരവധി മാറ്റങ്ങളാണ് ഭാരതത്തില്‍ ഉണ്ടാകാന്‍ പോകുന്നത്. ബ്ലൂ കോളര്‍ ജോലികള്‍ ഇല്ലാതായി, വൈറ്റ് കോളര്‍ ജോലികള്‍ മാത്രമായി മാറും. ഇന്ന് നമ്മുടെ മൊബൈല്‍ ഫോണുകളിലും കമ്പ്യൂട്ടറുകളിലും എഐ ഉണ്ട്. എന്നാല്‍ 5-10 വര്‍ഷത്തിനിടെ റോബോട്ടുകള്‍ നിര്‍മിക്കും. അതിന് മുമ്പുതന്നെ മൊബൈല്‍ ഫോണുകളിലും കമ്പ്യൂട്ടറുകളിലുമുള്ള എഐ സംവിധാനങ്ങള്‍ വലിയ സ്വാധീനമാണ് ചെലുത്താന്‍ പോകുന്നതെന്നും ഭവിഷ് അഗര്‍വാള്‍ വ്യക്തമാക്കി.















