മഹാകവി ഉള്ളൂര്‍ ‘പ്രേമസംഗീതം’ എന്ന ഉജ്ജ്വല കവിതയില്‍ പാടുന്നു: ”നമിക്കില്‍ ഉയരാം,
നടുകില്‍ തിന്നാം,
നല്‍കുകില്‍ നേടീടാം
നമുക്കു നാമേ-
പണിവതുനാകം,
നരകവുമതുപോലെ” എന്ന്. ‘പ്രേമസംഗീതം’ ഉപനിഷത്തും ഉപദേശവും ഒരു സംസ്‌കാരത്തിന്റെ ഗീതയുമാണ്. ”ഒരൊറ്റ മതമുണ്ട്, ഉലകിന്നുയിരാം പ്രേമമതൊന്നല്ലോ, പരക്കെ നമ്മെ പാലമൃതൂട്ടും പാര്‍വണ ശശിബിംബം” എന്നാണതിന്റെ തുടക്കം. വിശ്വമാനവികത മുതല്‍ വ്യക്തി മനുഷ്യത്വ വിശേഷംവരെ അതിഗഹനമായി, ആര്‍ദ്രമായി അവതരിപ്പിക്കുന്ന ആ കവിത ഇനിയും വേണ്ടത്ര തരത്തില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടില്ല. കുമാരനാശാനെയും വള്ളത്തോളിനെയും ഉള്ളൂരിനെയും മഹാകവികളാക്കി, ആധുനിക കവിത്രയങ്ങളാക്കി, പഠിച്ചപ്പോഴും പഠിപ്പിച്ചപ്പോഴും ഉള്ളൂരിനെ ചിലര്‍ ആസൂത്രിതമായി പലകാരണങ്ങളാല്‍ ഒഴിച്ചുനിര്‍ത്തി. ഇനിയും ആഴത്തില്‍ പഠിച്ചിട്ടില്ല ഉള്ളൂര്‍ക്കവിതകള്‍ എന്നത് പല പ്രമുഖ നിരൂപകരും അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ജ്ഞാനപ്പാന പോലെ, ഹരിനാമകീര്‍ത്തനം പോലെ അത്രയ്‌ക്ക് അര്‍ത്ഥവ്യാപ്തിയും ധ്വനിയും ധര്‍മ്മാന്വയവുമുള്ള പ്രേമസംഗീതം പ്രത്യേകമായി പഠിക്കേണ്ടതാണ്, ഗ്രഹിക്കേണ്ടതാണ്. ആ പ്രേമസംഗീതത്തിലെ ”നല്‍കുകില്‍ നേടീടാം” എന്ന പ്രമാണം ഇന്നേ ആപ്തവാക്യമായി സ്വീകരിച്ച് സാമൂഹ്യപ്രവര്‍ത്തനത്തിന് ആസൂത്രണ-നിര്‍വഹണങ്ങള്‍ നടത്തിയാല്‍ അത് നാളത്തെക്കാലത്ത് ”നടുകില്‍ തിന്നാം” വരികളുടെ സാക്ഷാല്‍ക്കാരമാകും. ഉള്ളൂരിനും മുമ്പ്, പലരും നൂറ്റാണ്ടും സഹസ്രാബ്ദവും മുമ്പ്, പറഞ്ഞും പ്രവര്‍ത്തിച്ചും ഫലിപ്പിച്ചും അനുഭവിച്ചും സത്യസാക്ഷാല്‍ക്കാരം നേടിക്കഴിഞ്ഞതാണ് ഈ സങ്കല്‍പമെങ്കിലും ചിലത് പറയുന്നതിലെ ലാളിത്യവും വാക്കുകളുടെ പരിചിതത്വവും അവ ആരുടെയും ഹൃദയത്തില്‍ കടത്തുമല്ലോ; അത്തരം അക്ഷരാര്‍ത്ഥമാണ് ”നല്‍കുകില്‍ നേടീടാം എന്നത്”
മനുഷ്യബന്ധങ്ങളും ജീവിതമാകെയും സാമ്പത്തികാടിത്തറയിലാണെന്ന് സ്ഥാപിക്കുന്നതിന് ഒരുകാലത്ത് ചിലര്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ലോകമാകെ സ്വാധീനിക്കപ്പെട്ടിരുന്നു. ഭൗതിക നേട്ടങ്ങളാണ് മുഖ്യം, അതിനപ്പുറമൊന്നുമല്ല, അതുണ്ടെങ്കില്‍ എല്ലാമായി എന്ന ചിന്തയുടെ അതിവ്യാപ്തിയില്‍ ആഡംബരത്തിനുള്ള ഉപാധിയായി പണം സമ്പാദിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുന്നതായി പൊതുസ്വഭാവം. അങ്ങനെ ഭൗതികോന്നതിയിലെത്തിയ വ്യക്തികള്‍ക്കും രാജ്യങ്ങള്‍ക്കും അതല്ല അവസാനമെന്ന് തിരിച്ചറിവുണ്ടായി. അവര്‍ തിരുത്തിത്തുടങ്ങിയപ്പോഴും ‘വികസ്വര രാജ്യങ്ങളും അവിടത്തെ വ്യക്തികളും ആ പാതയില്‍ തുടര്‍ന്നു. അങ്ങനെ നല്‍കുന്നത് നിക്ഷേപവും നേടുന്നത് പലിശ അല്ലെങ്കില്‍ ലാഭം എന്ന ചിന്തയിലേക്കായി ”നല്‍കുകില്‍ നേടീടാം” എന്ന സിദ്ധാന്തത്തിന്റെ പൊരുള്‍ വ്യാഖ്യാനം. പക്ഷേ, നിക്ഷേപത്തിന്റെ തോത് കുറച്ച്, ലാഭവും പലിശയും അധികം നേടാനുള്ള പ്രവണതയില്‍ ആ വ്യാപാരവും വഴിതെറ്റി. നിക്ഷേപിക്കുന്നതും ലാഭം നേടുന്നതും സമ്പദ് ശാസ്ത്രത്തില്‍ അവിശുദ്ധമല്ല, പക്ഷേ, അമിതലാഭവും അവിഹിത നേട്ടവുമാണ് അപകടം. സംഭവിച്ചത് അങ്ങനെ ഊഹക്കച്ചവടങ്ങളില്‍ എത്തിപ്പെടലായി മാറി. കബളിപ്പിക്കല്‍, വഞ്ചന, അതിനായി കൃത്രിമം, അഴിമതി തുടങ്ങിയ വൈകൃതങ്ങള്‍ വന്നുപെട്ടതും അങ്ങനെയാകണം. അത് ‘പലിശരഹിത വായ്‌പ’യെന്ന ബോര്‍ഡുവച്ച കഴുത്തറപ്പന്‍ സാമ്പത്തിക ഇടപാടുകളിലുമെല്ലാം നിഷ്പ്രയാസം വ്യപരിക്കാനും സ്വയംകുഴികുഴിച്ച് അതില്‍ വീഴാനും അവസരങ്ങള്‍ തുറന്നു.
ഒരിക്കല്‍, അത്ര താത്ത്വികമായൊന്നും മുമ്പ് സംസാരിച്ചിട്ടില്ലാത്ത സുഹൃത്ത്, റോഡു മുറിച്ചുകടക്കവേ കൈയില്‍ പിടിമുറുക്കിക്കൊണ്ട് ചോദിച്ചു; എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ദൈവങ്ങളുടെ പേരും സ്വന്തം കുഞ്ഞുങ്ങളുടെയും കുടുംബക്കാരുടെയും പേരും സ്വന്തം വാഹനങ്ങളില്‍ എഴുതിച്ചേര്‍ക്കുന്നവര്‍ ദയ, കാരുണ്യം, സ്നേഹം, സഹായം, സേവനം, ദാക്ഷിണ്യം തുടങ്ങിയ പേരുകള്‍ ചേര്‍ക്കുന്നത് കുറവായത് എന്തുകൊണ്ടാണെന്ന്. സീബ്രാ ലൈനില്‍ ഒരു ഞൊടി സ്തംഭിച്ചു നില്‍ക്കാനിടയാക്കിയ ചോദ്യമായിരുന്നു അത്. അങ്ങനെയാണ് ഞങ്ങളുടെ തുടര്‍ സംസാരം നിക്ഷേപത്തിലെത്തിയത്. ഞങ്ങളുടെയോ ഞങ്ങളുടെ കുടുംബത്തിന്റെയോ സ്വത്തുക്കളുടെയോ സംരക്ഷണത്തിനായുള്ള ഇന്‍ഷുറന്‍സ് നിക്ഷേപങ്ങളിലല്ല, സ്ഥിരം നിക്ഷേപത്തിലോ, കൂടുതല്‍ പലിശ കിട്ടുന്ന സ്വകാര്യ സ്ഥാപന നിക്ഷേപത്തിലോ അല്ല; പകരം സ്നേഹത്തിന്റെയും സേവനത്തിന്റെയും നിക്ഷേപത്തിനെക്കുറിച്ചായിരുന്നു സംസാരം.
ഒരു മനുഷ്യന്‍ അവന്റെ ജീവിതത്തില്‍ മറ്റൊരാളുടെ ജീവിതത്തെ സഹായിക്കാന്‍ എത്ര സമയനിക്ഷേപം നടത്തുന്നുണ്ട്? അങ്ങനെ ചെയ്താല്‍ നിക്ഷേപിക്കുന്ന ആ സമയവും ആ സേവനവും അയാള്‍ക്ക് പലിശസഹിതം തിരികെ കിട്ടുമെന്നായിരുന്നു സുഹൃത്തിന്റെ അഭിപ്രായം. അത്തരത്തില്‍ സേവനം നിക്ഷേപിക്കാന്‍ തയ്യാറാകുന്ന ഒരു മനസ്ഥിതിയും വ്യവസ്ഥിതിയും സമൂഹത്തില്‍ രൂപപ്പെടുത്താനാവുമോ എന്നായിരുന്നു ചര്‍ച്ച. വ്യക്തികളില്‍ അത്തരത്തില്‍ രൂപപ്പെടുന്ന ചിന്താഗതി സമൂഹത്തിന്റേതായി മാറുന്ന ഒരു കാലം ഉണ്ടാകുകയാണെങ്കില്‍ നിശ്ചയമായും അത് വലിയൊരു നിക്ഷേപ പദ്ധതിയാകും. സാമ്പത്തികമായ നിക്ഷേപങ്ങള്‍ നിര്‍മാണാത്മകമായി സമൂഹത്തിനും അതിലൂടെ രാജ്യത്തിനും പൊതുവേ ഉണ്ടാക്കിയേക്കാവുന്ന നേട്ടത്തിന്റെ പലമടങ്ങായിരിക്കും ആ ‘സേവനനിക്ഷേപം.’ ഇത് ഏതെങ്കിലുംവഴിയില്‍ എപ്പോഴെങ്കിലും കിട്ടുന്ന പ്രത്യുപകാരമല്ലാതെ വ്യവസ്ഥാപിതമായ മാര്‍ഗത്തില്‍ തിരികെക്കിട്ടുന്ന നിക്ഷേപമായി മാറ്റാന്‍ കഴിയണം. അപ്രകാരമൊരു സമാധാനക്രമം രൂപപ്പെടുത്താന്‍ കഴിഞ്ഞാല്‍ അതായിരിക്കും നാളെയുടെ ലോകത്ത് ആര്‍ക്കും സഹായകമാകുന്ന വലിയ മൂല്യവത്തായ നിക്ഷേപം. ഒരു പുതിയ ചിന്താപദ്ധതിയായി ഇത് അവതരിപ്പിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും വേണ്ടതുണ്ട്.
പ്രത്യുപകാരമെന്നും കര്‍മ്മഫലമെന്നും മറ്റും മറ്റുമായി ഈ കാഴ്ചപ്പാട് നമ്മുടെ സാമൂഹ്യ സംസ്‌കാരത്തിലുണ്ട്. മതബോധനങ്ങളിലും മതവിശ്വാസങ്ങളിലും ഈ ചിന്ത രൂഢമൂലമാണ്. കര്‍മ്മവും ഫലവും, പാപപുണ്യങ്ങളുടെ അനന്തരഫലം, തുടങ്ങിയ ചിന്തകളും സാരോപദേശങ്ങളും ഇതിഹാസ കഥാസന്ദര്‍ഭങ്ങളും മതസാരതത്ത്വങ്ങളും ഉണ്ട്. പാപചിന്തയിലും കര്‍മ്മങ്ങളിലുംനിന്ന് പിന്തിരിപ്പിക്കുന്ന ‘നരകപട’ങ്ങള്‍ പോലും ഒരുകാലത്ത് നാട്ടില്‍ സാര്‍വത്രികമായിരുന്നു. അത് നന്മ ചെയ്യാനുള്ള പ്രചോദനമോ ദുഷ്പ്രവൃത്തികളില്‍നിന്നു വിട്ടുനില്‍ക്കാനുള്ള പ്രേരണയോ ഒക്കെ നല്‍കിയിരുന്നു. അതിനുമപ്പുറത്തുള്ള പ്രവൃത്തിപദ്ധതിയെക്കുറിച്ചാണ് ഈ സങ്കല്‍പ്പനം.
കമ്പ്യൂട്ടറും റോബോട്ടും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഒക്കെ സങ്കല്‍പ്പമോ ശാസ്ത്രീയതരംഗത്തെ സ്വപ്നമോ ഒക്കെയായിരുന്നുവല്ലോ ഒരു കാലത്ത്. വൃദ്ധസദനങ്ങളെക്കുറിച്ച് പറഞ്ഞുതുടങ്ങിയ ആദ്യകാലത്ത്, ‘ഛെ, അതൊക്കെ നമ്മുടെ നാട്ടില്‍ സംഭവ്യമോ?’ എന്ന് പ്രതികരിച്ചവരുണ്ടല്ലോ. ഇന്ന് ജീവിതശുശ്രൂഷ ഒരു ജീവകാരുണ്യ പ്രവര്‍ത്തനത്തിനപ്പുറം അവശ്യാവശ്യമായി മാറിക്കൊണ്ടിരിക്കെ നിങ്ങള്‍ ”നട്ടാല്‍ നിങ്ങള്‍ക്കു തിന്നാ”മെന്നും, നിങ്ങള്‍ ”നല്‍കിയാല്‍ നാളെ നേടാ”മെന്നുമുള്ള ദര്‍ശനം ഒരു കാലഘട്ടത്തിന്റെ മുദ്രാവാക്യമായി മാറില്ലെന്നാര്‍ക്ക് പറയാനാവും.
പുണ്യപാപങ്ങളുടെ കണക്കും ചുമടും കണക്കുപുസ്തകത്തില്‍ കയറ്റുന്ന ധര്‍മ്മബോധം പോലെ സേവനത്തിന്റെയും സ്നേഹകാരുണ്യങ്ങളുടെയും കൊടുക്കലിന്റെ കണക്കുപുസ്തകങ്ങള്‍ വ്യക്തിക്കും സമൂഹത്തിനും സൂക്ഷിക്കേണ്ടിവരും, വരണം. അതൊരു സാമൂഹ്യക്രമമായി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനൊപ്പം ഔദ്യോഗികമായിത്തന്നെ വളര്‍ത്തിയെടുക്കേണ്ടതുണ്ടെന്നുമാത്രം.
പിന്‍കുറിപ്പ്:
പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോരോ കാരണമുണ്ട് എന്നത് ഒരു പരസ്യവാക്യമായിരുന്നു. പ്രാര്‍ത്ഥനയേ പാടില്ലെന്ന ഇന്നത്തെ വാദക്കാലത്ത് ജീവിതാന്ത്യത്തില്‍ മാത്രം ആകാശം കാണുന്ന മൃഗമാകുന്നത് അപകടമാണ് എന്ന് ആര് ആരോടു പറയും?
















