തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ രാഷ്ട്രീയം കാണേണ്ട കാര്യമില്ലെന്ന് തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്. മേയറെ തള്ളാനും കൊള്ളാനുമാകാതെ സിപിഎമ്മും ഇടതുമുന്നണിയും. കഴിഞ്ഞദിവസം തൃശൂരിലെ ഒരു ചടങ്ങിനിടെയാണ് മേയര്‍ സുരേഷ് ഗോപിയെ പ്രശംസിച്ചത് ചര്‍ച്ചയായിരുന്നു.
വലിയ വികസന സ്വപ്നങ്ങള്‍ ഉള്ള ആളാണ് സുരേഷ് ഗോപി എന്നും അദ്ദേഹം വിജയിച്ചത് തൃശൂരിന് നേട്ടമാകുമെന്നും മേയര്‍ പറഞ്ഞിരുന്നു. ആ അഭിപ്രായത്തില്‍ താന്‍ ഉറച്ചുനില്‍ക്കുകയാണെന്ന് വര്‍ഗീസ് ഇന്നലെയും മാധ്യമങ്ങളോട് വ്യക്തമാക്കി.
മുമ്പുണ്ടായിരുന്ന എംപിമാര്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുക, അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങളാണ് ചെയ്തിരുന്നത്. സുരേഷ് ഗോപിയുടെ മനസിലുള്ളത് തൃശൂരിന്റെ മുഖച്ഛായ മാറ്റാന്‍ പോകുന്ന വലിയ വികസന പദ്ധതികളാണ്. അത് നടപ്പായാല്‍ നാടിന് ഗുണമുണ്ടാകും. അതിന് രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല. മേയര്‍ എന്ന നിലയില്‍ എല്ലാ പിന്തുണയും ആ വികസന പദ്ധതികള്‍ക്ക് നല്‍കുമെന്നും വര്‍ഗീസ് പറഞ്ഞു.
താന്‍ ഇടതുപക്ഷത്തോടൊപ്പം ഉറച്ചു നില്‍ക്കുന്നയാളാണ്. അക്കാര്യത്തില്‍ ഒരു മാറ്റവുമില്ല. ബിജെപിയില്‍ പോകുന്നു എന്ന പ്രചരണം തെറ്റാണ്. ഇപ്പോള്‍ അങ്ങനെ ഒരു കാര്യം ആലോചിച്ചിട്ടേയില്ല. അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയിലും സുരേഷ് ഗോപിയെ പ്രശംസിച്ച് മേയര്‍ സംസാരിച്ചിരുന്നു. മുന്‍ എംപി ടി.എന്‍. പ്രതാപന് വാഗ്ദാനങ്ങള്‍ മാത്രം തന്നപ്പോള്‍ സുരേഷ് ഗോപി വികസന പദ്ധതികള്‍ക്ക് എംപി ഫണ്ടില്‍ നിന്ന് പണം നല്‍കിയെന്ന് മേയര്‍ തെരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. മേയര്‍ തുടര്‍ച്ചയായി സുരേഷ് ഗോപിയെ പ്രശംസിക്കുന്നതില്‍ ഇടതുമുന്നണി വീര്‍പ്പുമുട്ടുകയാണ്. മേയര്‍ക്കെതിരെ പരസ്യ വിമര്‍ശനവുമായി സിപിഐ രംഗത്ത് വന്നുവെങ്കിലും സിപിഎം നേതൃത്വം ഇതുവരെ മിണ്ടിയിട്ടില്ല. വര്‍ഗീസിനെ മേയര്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് സിപിഐ ആവശ്യപ്പെട്ടെങ്കിലും സിപിഎം മറുപടി പറഞ്ഞില്ല.
കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച വര്‍ഗീസ് ഇടതുമുന്നണിയോടൊപ്പം ചേര്‍ന്ന് മേയര്‍ ആവുകയായിരുന്നു. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത കൗണ്‍സിലില്‍ വര്‍ഗീസിന്റെ ഒരു വോട്ടിനാണ് ഇടതുമുന്നണി ഭരണം നിലനിര്‍ത്തുന്നത്. വര്‍ഗീസിനെ മേയര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ ശ്രമിച്ചാല്‍ അതോടെ ഇടതുമുന്നണിക്ക് ഭരണം നഷ്ടമാകും. സിപിഐ എതിര്‍പ്പുയര്‍ത്തിയിട്ടും വര്‍ഗീസിനെ തൊടാന്‍ സിപിഎം നേതൃത്വം മടിക്കുന്നത് ഇക്കാരണം കൊണ്ടാണ.് മേയറുടെ നേതൃത്വത്തില്‍ നടക്കുന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ക്ക് ഉപകാരപ്രദമാണെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപിയും അഭിപ്രായപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: