തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ രാഷ്‌ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ലെന്ന് തൃശ്ശൂര്‍ നഗരസഭാ മേയര്‍ എം.കെ. വര്‍ഗീസ്. തന്റെ രാഷ്‌ട്രീയവും സുരേഷ് ഗോപിയുടെ രാഷ്‌ട്രീയവും വേറെയാണെന്നു പറഞ്ഞ അദ്ദേഹം, താൻ ബിജെപിയിൽ പോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും വ്യക്തമാക്കി. സുരേഷ് ഗോപിയിൽ ജനങ്ങൾക്ക് പ്രതീക്ഷയുണ്ട്, അത് വോട്ടായെന്നും മേയര്‍ പറഞ്ഞു.
വലിയ പ്രതീക്ഷയിലാണ് സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത്. വികസനം നടത്തുമെന്ന് ജനത്തിന് പ്രതീക്ഷയുണ്ട്. വികസനം നടത്താൻ തയ്യാറായാൽ കൂടെ നിൽക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. ആര് വികസനത്തിനൊപ്പം നിന്നാലും താൻ അവർക്കൊപ്പം നിൽക്കും. സിപിഐയുടെ എതിർപ്പ് തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും പറഞ്ഞ എം.കെ വർഗീസ് എവിടെയോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ കോര്‍പ്പറേഷന്റെ മേയറാണ്. കോര്‍പ്പറേഷന്റെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വന്നാല്‍ താന്‍ പോകാന്‍ ബാധ്യസ്ഥനാണ്. തൃശ്ശൂരിന് പുരോഗതി അത്യാവശ്യമല്ലേ. ആ പുരോഗതിക്ക് സുരേഷ് ഗോപി പദ്ധതികള്‍ തയ്യാറാക്കുന്നത് നല്ല കാര്യം. അതിനകത്ത് രാഷ്‌ട്രീയം എന്താണെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. അദ്ദേഹം വലിയ പദ്ധതികള്‍ കൊണ്ടുവരട്ടെ എന്നാണ് എന്റെ അഭിപ്രായം. സുരേഷ് ഗോപിയുടെ മനസ്സില്‍ വലിയ പദ്ധതികള്‍ ഉണ്ടെന്ന് എനിക്ക് മുമ്പും മനസ്സിലായിട്ടുണ്ട്. അദ്ദേഹത്തോട് സംസാരിക്കരുതെന്ന് പറയാന്‍ പറ്റുമോ’, എം.കെ. വര്‍ഗീസ് പ്രതികരിച്ചു.
വികസനരംഗത്ത് രാഷ്‌ട്രീയമില്ലാതെ മുന്നോട്ടു പോകണം. എല്ലാ കാര്യത്തിലും രാഷ്‌ട്രീയം കണ്ടാൽ അത് ജനങ്ങളോടുള്ള വെല്ലുവിളിയാകും. സുരേഷ് ഗോപിക്ക് രാഷ്‌ട്രീയത്തിന് അതീതമായി പ്രവർത്തിക്കാൻ കെൽപ്പുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയാവുന്നത് ചിന്തിച്ചിട്ടില്ല. എന്നാൽ ഭാവിയിൽ അങ്ങനെയൊരു തീരുമാനമുണ്ടാകുമോ എന്ന ചോദ്യത്തിന് ഇപ്പോൾ അങ്ങനെയൊരു ചിന്ത ഇല്ലെന്നും മേയർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: