വിദ്യാഭ്യാസ മേഖലയ്‌ക്കും സമൂഹത്തിനു തന്നെയും ഭീഷണിയായ എസ്എഫ്‌ഐയ്‌ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയിരിക്കുന്ന വിമര്‍ശനം വൈകിയുദിച്ച വിവേകമായി കാണേണ്ടിയിരിക്കുന്നു. എസ്എഫ്‌ഐ എന്ന സംഘടന കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് അരാജകത്വം സൃഷ്ടിച്ചും, ഭീഷണിയും അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അഭിരമിക്കുകയും ചെയ്യാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. കാമ്പസുകള്‍ കയ്യടക്കി ഇവര്‍ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. മറ്റ് സംഘടനകളിലെ വിദ്യാത്ഥികളെ കൊന്നൊടുക്കുക, അധ്യാപകരെ ആക്രമിക്കുക, അപമാനിക്കുക, പരീക്ഷകള്‍ അലങ്കോലപ്പെടുത്തുക എന്നിവയൊക്കെ എസ്എഫ്‌ഐയുടെ പ്രവര്‍ത്തന പദ്ധതിയാണ്. സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും പിന്തുണയോടെ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്ന പലതരം പേക്കൂത്തുകള്‍ ബിനോയ് വിശ്വത്തെപ്പോലുള്ളവര്‍ ഇതുവരെ കാണാതിരുന്നതെന്താണ്? സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയെപ്പോലും കാമ്പസുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുകയും, ഇതില്‍പ്പെടുന്ന വിദ്യാര്‍ത്ഥിനികളെ മ്ലേച്ഛമായി അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തിട്ടും സിപിഎമ്മിനെ ഭയന്നും, അധികാരത്തിന്റെ സുഖത്തിലമര്‍ന്നും നിഷ്‌ക്രിയത പാലിച്ചവരാണ് സിപിഐ നേതാക്കള്‍. വൈകിയാണെങ്കിലും എസ്എഫ്‌ഐ ക്രിമിനലുകളെ തള്ളിപ്പറയാന്‍ ബിനോയ് വിശ്വത്തെപ്പോലുള്ളവര്‍ തയ്യാറായത് ആശ്വാസകരമാണ്. അപ്പോഴും സ്വന്തം പാര്‍ട്ടിയുടെ മറ്റ് നേതാക്കളില്‍നിന്ന് ബിനോയ് വിശ്വത്തിന് പിന്തുണ ലഭിക്കാതിരിക്കുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.
എസ്എഫ്‌ഐയുടേത് പ്രാകൃത ശൈലിയാണെന്നും, ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനാ ശൈലിക്ക് ചേര്‍ന്നതല്ലെന്നും ബിനോയ് വിശ്വം പറയുന്നത് എസ്എഫ്‌ഐയെയും അതിന്റെ യജമാനന്മാരായ സിപിഎമ്മിന്റെയും ബധിരകര്‍ണങ്ങളിലാണ് പതിക്കുക. തെറ്റ് തിരുത്തിയില്ലെങ്കില്‍ എസ്എഫ്‌ഐ ഇടതുപക്ഷ പ്രസ്ഥാനത്തിനു ബാധ്യതയാകുമെന്ന് ബിനോയ് വിശ്വം പറയുന്നത് ഒരൊറ്റ സിപിഎം നേതാവിനും സ്വീകാര്യമാവുമെന്ന് തോന്നുന്നില്ല. സിപിഐയ്‌ക്ക് എസ്എഫ്‌ഐ ഒരു ബാധ്യതയായി തോന്നിയേക്കാമെങ്കിലും സിപിഎമ്മിന് അവര്‍ മുതല്‍ക്കൂട്ടാണ്. സിപിഎം പിന്തുടരുന്ന അക്രമരാഷ്‌ട്രീയത്തിന് നേതാക്കളെ സംഭാവന ചെയ്യുന്ന എക്സ്റ്റന്‍ഷന്‍ കൗണ്ടറാണ് എസ്എഫ്‌ഐ. മയക്കുമരുന്നിലൂടെയും അക്രമങ്ങളിലൂടെയുമാണ് ഇവര്‍ വിദ്യാര്‍ത്ഥികളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നത്. എസ്എഫ്‌ഐയുടെ ഇടിമുറികളില്‍ പരിശീലനം നേടിയവരാണ് സിപിഎമ്മിന്റെ നേതാക്കളായി മാറുന്നത്. നിരവധി കേസുകളില്‍ പ്രതിയും പിടികിട്ടാപ്പുള്ളിയുമൊക്കെയായ ആര്‍ഷോ എന്തൊക്കെ അതിക്രമങ്ങളാണ് സര്‍വകലാശാലകളില്‍ കാട്ടിക്കൂട്ടിയത്. പിണറായി സര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമായ നടപടികളെ സ്വന്തം വിവേചനാധികാരം ഉപയോഗിച്ച് തടയാന്‍ ശ്രമിച്ച ഗവര്‍ണര്‍ക്കെതിരെ ഈ നേതാവ് സര്‍വകലാശാലകള്‍ തോറും കയറിയിറങ്ങി കൊലവിളി നടത്തുകയായിരുന്നു. എസ്എഫ്‌ഐയുടെ ക്രിമിനല്‍ കളരിയില്‍ പിച്ചവച്ച ധാര്‍ഷ്ട്യത്തിന്റെ ആള്‍രൂപമായ ഒരു മുന്‍ എംഎല്‍എ തെരുവു ഗുണ്ടയെപ്പോലെയാണ് ഗവര്‍ണര്‍ക്കെതിരെ പ്രസംഗിക്കുന്നത്. ഇയാള്‍ക്കെതിരെ താന്‍ എന്തുപറയാനാണ് എന്ന ഗവര്‍ണറുടെ പ്രതികരണത്തില്‍ പ്രബുദ്ധ കേരളത്തിന്റെ ധര്‍മസങ്കടമുണ്ട്.
കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിന്‍സിപ്പലിനെതിരെയാണ് ഏറ്റവും ഒടുവിലായി എസ്എഫ്‌ഐ ക്രിമിനലുകള്‍ വധഭീഷണി മുഴക്കിയത്. പ്രിന്‍സിപ്പലിനെ രണ്ട് കാലില്‍ നടക്കാന്‍ അനുവദിക്കില്ലെന്നും, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ രണ്ട് ആംബുലന്‍സുകള്‍ വേണ്ടിവരുമെന്നുമൊക്കെ ഈ എസ്എഫ്‌ഐ നേതാവ് പരസ്യമായി ഭീഷണി മുഴക്കിയിട്ടും പോലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. പാലക്കാട് വിക്‌ടോറിയ കോളജ് പ്രിന്‍സിപ്പലായിരുന്ന ഡോ. ടി.എ.സരസുവിന് കോളജിന്റെ മുറ്റത്ത് കുഴിമാടം നിര്‍മിക്കുകയും, എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.എല്‍. ബീനയുടെ കസേര കത്തിക്കുകയുമൊക്കെ ചെയ്തതിന്റെ തുടര്‍ച്ചയാണ് കൊയിലാണ്ടി ഗുരുദേവ കോളജിലും കണ്ടത്. പൂക്കോട് വെറ്ററനറി കോളജ് കാമ്പസില്‍ എസ്എഫ്‌ഐക്കാര്‍ ആള്‍ക്കൂട്ട വിചാരണ ചെയ്ത് കൊലപ്പെടുത്തിയ സിദ്ധാര്‍ത്ഥന്റെ മുഖം ആരും മറന്നിട്ടുണ്ടാവില്ലല്ലോ. നിയമവും കോടതിയുമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നു കരുതുന്ന, മാനവിക മൂല്യങ്ങളില്‍ വിശ്വാസമില്ലാത്ത ഒരു വിഭാഗമാണ് എസ്എഫ്‌ഐ. കക്ഷി രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി ഇക്കൂട്ടരെ സിപിഎം സമ്പൂര്‍ണ്ണമായി സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇതില്‍ മുന്നില്‍നില്‍ക്കുന്നു. ഡോ. സരസുവിന് എസ്എഫ്‌ഐ തീര്‍ത്ത കുഴിമാടം പ്രതിഷ്ഠാപന കലയായി കാണുകയായിരുന്നല്ലോ സിപിഎം നേതൃത്വം. ഇപ്പോള്‍ എസ്എഫ്‌ഐയുടെ അതിക്രമങ്ങളെ വിമര്‍ശിച്ച ബിനോയ് വിശ്വത്തിനെതിരെയും പ്രമുഖ സിപിഎം നേതാക്കള്‍ രംഗത്തു വന്നിരിക്കുകയാണ്. വിദ്യാര്‍ത്ഥികളും പൊതുസമൂഹവും എസ്എഫ്‌ഐയെ ബഹിഷ്‌കരിക്കുകയാണ് വേണ്ടത്. വിദ്യാര്‍ത്ഥി രാഷ്‌ട്രീയമെന്നാല്‍ ഹിംസയാണെന്നു കരുതുന്ന ഇവര്‍ക്ക് മാനസാന്തരമുണ്ടാകുമെന്ന് കരുതാവാനില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: