വെള്ളിയാഴ്ച, 2024 മാര്‍ച്ച് ഒന്നിന് വയനാട് പൂക്കോട്ടെ സര്‍ക്കാര്‍ വെറ്ററിനറി സര്‍വകലാശാലയുടെ കാമ്പസ് സന്ദര്‍ശിച്ചിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ത്ഥന്‍.ജെ.എസ് എന്ന വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ വകവരുത്തിയ കാമ്പസ്. സിദ്ധാര്‍ത്ഥന്‍ വിദ്യകൊണ്ട് ബുദ്ധനായി വളരേണ്ടയാളായിരുന്നു. അത് ആ കുട്ടിയുടെയും രക്ഷിതാക്കളുടെയും അഭിലാഷമായിരുന്നു. അത് ആ നാടിന്റെ, ഈ രാജ്യത്തിന്റെ പൊതു താല്‍പ്പര്യമായിരുന്നു. അതിന് എന്റെയും വായനക്കാരുടെയും വിയര്‍പ്പിന്റെ പിന്തുണയുണ്ടായിരുന്നു. പക്ഷേ, സഹപാഠികളില്‍ ചിലരുടെ ദുര്‍വൃത്തിക്ക് ഇരയായി സിദ്ധാര്‍ത്ഥന്‍ ഈ ഭൂമുഖത്ത് ഇല്ലാതായി. കാരണക്കാര്‍ സഹപാഠികള്‍, അല്ല, ഒരു വിദ്യാര്‍ത്ഥി സംഘടന, പോരാ, സംസ്ഥാനത്തെ ഭരണകക്ഷിയുടെ സംരക്ഷണവും പോഷണവും തലോടലും അനുഭവിക്കുന്ന സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ-എസ്എഫ്‌ഐ. ലോകഭീകര സംഘടനകളായ താലിബാനെയും ഐഎസ്‌ഐഎസിനെപ്പോലെ, ഭീകരപ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരോധിക്കപ്പെട്ട പിഎഫ്‌ഐ എന്ന ‘പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ’യെ പോലെ മറ്റ് അന്തര്‍ദേശീയ-ദേശീയ ഭീകര സംഘടനകളെപ്പോലെ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന, എസ്എഫ്‌ഐയെന്ന വിദ്യാര്‍ത്ഥി സംഘടനയെ നിരോധിക്കാന്‍ ഇനിയെന്തിനാണ് വൈകുന്നത്. ഏറ്റവും പുതിയ കാരണം, വയനാട് പൂക്കോട്ടിലെ വെറ്ററിനറി കോളജില്‍ സിദ്ധാര്‍ത്ഥന്‍.ജെ.എസ് എന്ന വിദ്യാര്‍ത്ഥിയെ കൊന്ന് കെട്ടിത്തൂക്കിയതോ കെട്ടിത്തൂക്കി കൊന്നതോ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചതോ ആയ ആ സംഭവമാണ്.
വിദ്യാഭ്യാസം നിഷേധിച്ച്, പഠിക്കാന്‍ പോകുന്നത് വിലക്കി, അതിനെ എതിര്‍ക്കുന്നവരെ കൊന്നുതള്ളുന്ന ഭീകര സംഘടനയായ താലിബാനും ഐഎസ്‌ഐഎസ്സും ചെയ്യുന്നതുതന്നെയാണ് എസ്എഫ്‌ഐ കേരളത്തിലെ സ്‌കൂള്‍-കോളജ് കാമ്പസുകളില്‍ ചെയ്യുന്നതെന്ന് സൂക്ഷ്മവും സത്യസന്ധവുമായ വിശകലനത്തില്‍ ആര്‍ക്കും വ്യക്തമാകും. താലിബാന്‍ ആക്രമിച്ച മലാല യൂസഫ് സായിക്കുവേണ്ടി കാമ്പസുകളില്‍ എസ്എഫ്‌ഐ പാട്ടകൊട്ടിപ്പാടി നടന്നു; അതൊരുവശത്ത് നടക്കവേ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും കാമ്പസുകളില്‍ വേട്ടയാടി. അതാണ് അവരുടെ രീതി, ഇരകള്‍ക്കൊപ്പം എന്ന് തോന്നിപ്പിച്ച്, അതേസമയംതന്നെ വേട്ടക്കാരനായി അവര്‍ വിലസും.
എസ്എഫ്‌ഐ അങ്ങനെ മാത്രമായിരുന്നില്ല. ഒരുകാലത്ത് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസപരമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ അവര്‍ മുന്നിട്ടിറങ്ങിയിട്ടുണ്ട്. വിജയം കണ്ടിട്ടുണ്ട്. അതിനു പുറമേ കലാലയ കാമ്പസുകളില്‍ ‘പ്രണയപ്രകടനം ജന്മാവകാശം’ എന്ന മട്ടില്‍ അതിന് അനുമതി നേടിയെടുത്തത് ആരാണ്? അത് ആഭാസസ്വരൂപം പ്രാപിച്ചപ്പോഴും ന്യായീകരിച്ചത് ആരാണ്? കലാലയങ്ങളില്‍ കലയെ പ്രോത്സാഹിപ്പിക്കാന്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട് എസ്എഫ്‌ഐ. അതിനെ കലാഭാസമാക്കി മാറ്റിയതും അവരാണ്. വരയും പാട്ടും നൃത്തവും പ്രസംഗവുമടക്കം സകലതിനെയും ആഘോഷവും അനാശാസ്യവുമാക്കി മാറ്റിയതില്‍ എസ്എഫ്‌ഐയുടെ പങ്ക് വലുതാണ്.
പക്ഷേ, അതിനൊപ്പം തന്നെ അവര്‍ കാമ്പസുകളെ ചോരക്കളമാക്കിയിട്ടുണ്ട്. എതിര്‍ വിശ്വാസപ്രമാണമുള്ളവരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക, നിഷ്‌കരുണം കൊന്നുതള്ളുക, കൊല്ലാതെ കൊന്ന് ജീവച്ഛവമാക്കുക, ജനാധിപത്യ ഹിംസ നടത്തുക, ഒക്കെ അവര്‍ക്ക് പതിവ് പ്രക്രിയകളായിരുന്നു. കാമ്പസ് രാഷ്‌ട്രീയം അവസാനിപ്പിക്കാന്‍ ജനകീയ സമ്മര്‍ദ്ദങ്ങളും കോടതി തീരുമാനങ്ങളും വേണ്ടിവന്നത് വിദ്യാലയങ്ങളില്‍ എസ്എഫ്‌ഐ നടത്തിയ സാമൂഹ്യവിരുദ്ധ വിളയാട്ടങ്ങളെ തുടര്‍ന്നായിരുന്നു. കാമ്പസുകളില്‍ ‘രക്ത സാക്ഷികളെ’ സൃഷ്ടിക്കാന്‍ അവര്‍ നടത്തിയ കുത്സിതവൃത്തികള്‍ പോലുമുണ്ട്. കാമ്പസുകളില്‍ മറുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലെ എത്രയെത്ര കുട്ടികളെ അവര്‍ കൊന്നുതള്ളിയിട്ടുണ്ട്; അവരില്‍ കമ്മ്യൂണിസ്റ്റുകളെങ്കിലും മാര്‍ക്‌സിസ്റ്റല്ലാത്തതിനാല്‍ എഐഎസ്എഫുകാര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. മാന്നാര്‍ പരുമലയിലെ ദേവസ്വം ബോര്‍ഡ് പമ്പാ കോളജില്‍ മൂന്ന് കുട്ടികളെ പമ്പയാറ്റില്‍ മുക്കിയും കല്ലെറിഞ്ഞും കൊന്നുകളഞ്ഞതാണ് ഈ ഭീകരര്‍. അങ്ങനെ എത്ര അമ്മമാരെ കണ്ണീര്‍ കുടിപ്പിച്ചിട്ടുണ്ട്. ശരിയാണ്, അത്തരം ആക്രമണവേളകളില്‍ എസ്എഫ്‌ഐയുടെ പ്രവര്‍ത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അവരുടെ ആത്മാവും ചോദിക്കുന്നുണ്ട്, എന്തിനായിരുന്നു അതൊക്കെയെന്ന്.
ഒരുകാലത്ത് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ആയിരുന്ന സംഘടന ഇന്ന് ചുരുക്കപ്പേരിന് പുതിയ വിശദീകരണം സ്വയം സമ്പാദിച്ചുകഴിഞ്ഞു: സ്റ്റുഡന്റ് ഫിയറിങ് ഇന്‍സ്ട്രുമെന്റ്- വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തുന്ന ഉപകരണം എന്ന്. കോളജുകളില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനം ആവശ്യമാണ്. അവര്‍ക്ക് രാഷ്‌ട്രീയവുമാവാം. വിദ്യാര്‍ത്ഥിക്ഷേമ പ്രവര്‍ത്തനവുമാകാം. പഠനമാണ് മുഖ്യം, ആവശ്യമെങ്കില്‍ സമരംവരെയാകാം. പക്ഷേ, എസ്എഫ്‌ഐയുടെ മുദ്രാവാക്യം പോലെയൊന്ന് വേറേയെങ്ങുമില്ല, പഠനത്തോടൊപ്പം സമരം. അതായത് സമരം അനിവാര്യമാണെന്നര്‍ത്ഥം, ആവശ്യമില്ലെങ്കിലും. സന്തോഷത്തിലും സങ്കടത്തിലും ക്ഷോഭത്തിലും ശാന്തിയിലും ആരുടെയെങ്കിലും നെഞ്ചത്തേക്ക് അല്ലെങ്കില്‍ ആകാശത്തേക്കെങ്കിലും മെഷീന്‍ ഗണ്ണില്‍നിന്ന് താലിബാന്‍ ഭീകരര്‍ വെടിയുതിര്‍ക്കുന്നതു കണ്ടിട്ടില്ലേ. അത് ഓര്‍മ്മിപ്പിക്കുംമട്ടിലാണ് എസ്എഫ്‌ഐയുടെ പ്രവൃത്തികള്‍.
താലിബാന്‍ ആണ്‍-പെണ്‍ സൗഹാര്‍ദ്ദത്തിനെതിരാണ്. അവര്‍ ആട്ടത്തിനും പാട്ടിനും വിരുദ്ധരാണ്. അവര്‍ക്ക് അവരുടെ സംഘടനയിലല്ലാത്തവര്‍ ശത്രുക്കളാണ്. അവര്‍ക്ക് മാനുഷികത ഇല്ല, ക്രൗര്യം മാത്രം. കടപ്പാടും കടവും ഒരിക്കലും നടക്കില്ലെന്നുറപ്പുള്ള സങ്കല്‍പ്പങ്ങളോടാണ്. അവര്‍ അരാജകരാണ്. അവര്‍ മയക്കുമരുന്നിനും മറ്റ് ലഹരികള്‍ക്കും അപകടകരമായ ആശയങ്ങള്‍ക്കും അടിമകളാണ്.
ഇതൊക്കെത്തന്നെയാണ് എസ്എഫ്‌ഐയുടെ പുതിയ ചേഷ്ടകളുടെ അടിസ്ഥാനവും. സിദ്ധാര്‍ത്ഥന്‍ കാമ്പസിലെ പ്രണയദിനാഘോഷത്തിനിടെ പെണ്‍കുട്ടിയോട് പ്രണയം പറഞ്ഞുപോയി എന്നത് എസ്എഫ്‌ഐക്ക് തെറ്റ്. അവന്‍ നൃത്തം ചെയ്തു, പാട്ടുപാടി- അതും തെറ്റ്. സിദ്ധാര്‍ത്ഥന്‍ എസ്എഫ്‌ഐയില്‍ അംഗമായില്ല- വലിയ തെറ്റ്. അപ്പോള്‍പ്പിന്നെ താലിബന്‍ ഭീകരരുടെ മാര്‍ഗ്ഗത്തില്‍ അതി ഭീകരമായി, മര്‍ദ്ദിച്ചും ഭേദിച്ചും ഇഞ്ചിഞ്ചായി കൊന്നുകളഞ്ഞു. ആത്മഹത്യയെന്നു വരുത്തി.
എണ്ണിപ്പറഞ്ഞു നിരത്തിയാല്‍ തീരില്ല, ആ സംഘടനയുടെ ഘാതകവൃത്തികള്‍. 1936 ല്‍ എസ്എഫ് ആയിരിക്കെയും 53 വര്‍ഷം മുമ്പ് 1970 ല്‍ എസ്എഫ്‌ഐ ആയപ്പോഴും നടത്തിയ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അതുകൊണ്ടാണ് ഇന്നും തുടരുന്നത്. ചിലത് പെട്ടെന്ന് പറയാം; സ്വഭാവം കൃത്യമായി വെളിപ്പെടുത്തുന്ന ഉദാഹരണങ്ങള്‍. അതിനാലാണ് അവര്‍ മറ്റ് സംഘടനകള്‍ക്ക് കാമ്പസുകളില്‍ പ്രവര്‍ത്തനം തടയുന്നത്. അതിനാലാണ് അവര്‍ പാലക്കാട് വിക്‌ടോറിയ കോളെജില്‍ പ്രിന്‍സിപ്പലിന്റെ കുഴിമാടം ഒരുക്കിയതും എറണാകുളം മഹാരാജാസ് കോളജില്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ചതും. അതിന്റെ തുടര്‍ച്ചകളിലാണ് കാമ്പസുകളില്‍ ചുംബന സമരങ്ങളും പ്രചാരണങ്ങളും നടത്തിയത്. കാമ്പസുകളില്‍ ലൈംഗിക അരാജകത്വത്തിന്റെ പ്രചാരണ- പ്രഭാഷണ- പ്രഘോഷണ പ്രവര്‍ത്തകര്‍ ഇവരായിരുന്നു. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവൃത്തികളുടെയൊക്കെ പരമാവധിയിലാണ് അവര്‍ കാമ്പസുകളില്‍ ആക്രമണങ്ങളും കൊലപാതകങ്ങളും നടത്തിപ്പോരുന്നത്. എസ്എഫ്‌ഐയുടെ നേതാക്കള്‍ പരീക്ഷയെഴുതാതെ മാര്‍ക്ക് നേടുന്നത്, പരീക്ഷ പാസാകുന്നത്, വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മ്മിക്കുന്നത് എല്ലാം ഈ ഘാതകവൃത്തികള്‍ തന്നെയാണ്. സെനറ്റ് അംഗങ്ങളെ യോഗങ്ങളില്‍ പ്രവേശിപ്പിക്കാതെ തടയുന്ന ഗുണ്ടാപ്പണികള്‍ അവരുടെ ദുഷ്‌ചെയ്തികളുടെ തുടര്‍ച്ചയാണ്. അവരുടെ തോന്നിവാസങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്ത ഗവര്‍ണറെ വഴി തടയുന്നതും ആ ദുര്‍വൃത്തി പരമ്പരയുടെ ഭാഗമാണ്. ആ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആ സംഘടനയുടെ സംസ്ഥാന നേതാവ് പെണ്‍കുട്ടിയെ ജാതിപറഞ്ഞ് ആക്ഷേപിച്ചത്. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയത് എല്ലാം ഈ ‘എസ്എഫ്‌ഐത്വ’ത്തിന്റെ അടയാളങ്ങളാണ്. അവര്‍ക്ക്, അവരുടെ മാതൃകകളായ പാര്‍ട്ടി നേതാക്കള്‍ പറയുംപോലെ പാടത്തെ ജോലിക്ക് വരമ്പത്തുകിട്ടുന്ന കൂലികളാണ് അഭിമന്യുവിനെപ്പോലുള്ള പാവങ്ങളുടെ അകാല മരണങ്ങള്‍. വര്‍ഗീയത തുലയട്ടെ എന്ന് എസ്എഫ്‌ഐയും നേതാക്കളും ആകാശത്തേക്ക് ‘മുദ്രാവാക്യവെടി’ പൊയ്‌വെടി വയ്‌ക്കുമ്പോള്‍ അവിടവിടെ കിട്ടുന്ന കനത്ത പ്രഹരങ്ങളാണവയോരോന്നും.
‘ഒടുവില്‍’ എന്ന് പറയാന്‍ കഴിയില്ല, കമ്മ്യൂണിസ്റ്റ് ആശയക്കാരായ എസ്എഫ്‌ഐയുടെ കാര്യമാകുമ്പോള്‍, ‘ഏറ്റവും പുതിയത്’ എന്നതാണ് കൂടുതല്‍ ശരി; അങ്ങനെയൊന്നാണ് പൂക്കോട്ട് വെറ്ററിനറി കോളജിലെ സിദ്ധാര്‍ത്ഥിന്റെ കൊലപാതകം. കൊടും ഭീകര കൊലപാതകങ്ങള്‍ നടത്തിയ പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടപോലെ, അന്താരാഷ്‌ട്ര ഭീകര സംഘടനയായ താലിബാന്‍ നിരോധിക്കപ്പെട്ടപോലെ, കലാലയ കാമ്പസുകളിലും പുറത്തും എസ്എഫ്‌ഐ എന്ന ഭീകരതയെ നിരോധിക്കുകയാണ് ആത്യന്തിക പോംവഴി.
നാലുണ്ട് മാര്‍ഗങ്ങള്‍. ഒന്ന്: ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ എസ്എഫ്‌ഐ തയാറാകുക. രണ്ട്: വിദ്യാര്‍ത്ഥികള്‍ അന്ധമായ രാഷ്‌ട്രീയ-കക്ഷിരാഷ്‌ട്രീയം വെടിഞ്ഞ് സംഘടനാ പ്രവര്‍ത്തനത്തിന് തയാറാകുക. മൂന്ന്: രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരും ഒന്നിച്ചുനിന്ന് ഇക്കൂട്ടരെ വിലക്കുക, ബഹിഷ്‌കരിക്കുക. നാലാമത്തേത് അറ്റകൈ: എസ്എഫ്‌ഐയെ നിരോധിക്കാന്‍ സമ്മര്‍ദ്ദം സമൂഹത്തില്‍നിന്ന് ഉയരുക.
പിന്‍കുറിപ്പ്:
ആഭ്യന്തരമന്ത്രികൂടിയായ മഖ്യമന്ത്രി പിണറായി വിജയന്‍ ഒരുകാലത്ത് എസ്എഫ്‌ഐയുടെ മേല്‍നോട്ട-നിയന്ത്രണങ്ങള്‍ നടത്തിയിരുന്ന സിപിഎം നേതാവാണ്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്നത് പഴയകാല ചൊല്ലാണ്. കൊല്ലുന്ന ശിഷ്യരെ രക്ഷിക്കുന്ന മുഖ്യമന്ത്രി എന്നതാണ് ചേരുന്ന പുതിയകാല ചൊല്ല്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: