പ്രൊഫ. ജെ. പ്രമീളാ ദേവി
(മുന്‍ വനിതാ കമ്മീഷന് അംഗം)
പൂക്കോട്ട് വെറ്ററിനറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ത്ഥ് എന്ന വിദ്യാര്‍ത്ഥി മൃഗീയമായി കൊല്ലപ്പെട്ടു എന്ന് ഞാന്‍ പറയില്ല. കാരണം മൃഗങ്ങള്‍ ഭക്ഷണത്തിനും ഇണയ്ക്കും വേണ്ടിയല്ലാതെ പരസ്പരം പോരടാറില്ല. കൊലപ്പെടുത്താറില്ല. പൈശാചികമായിട്ടാണ് ആ വിദ്യാര്‍ത്ഥി കൊലചെയ്യപ്പെട്ടത്. എന്താണ് അവന് ചെയ്ത കുറ്റം. യാതൊരു കുറ്റവും അവന് ചെയ്തില്ല എന്നതാണ് കുറ്റം.
എസ്എഫ്ഐ എന്ന കിരാതമായ, മനസ്സാക്ഷിയില്ലാത്ത വിദ്യാര്‍ത്ഥി സംഘടന കേരളത്തിലെ കോളജുകളില്‍ അരങ്ങുവാഴുന്നു. ഞാന്‍ ദീര്‍ഘകാലം കോളജുകളില്‍ അധ്യാപികയായിരുന്നു. അവിടെയും എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ആക്രമണങ്ങളും സമരങ്ങളും നിരന്തരം ഉണ്ടായിട്ടുണ്ട്. ഇരിക്കുന്ന ബഞ്ച് ചവിട്ടിയൊടിക്കുക, ജനാല ചില്ലുകള്‍ പൊട്ടിക്കുക, സാധനങ്ങള്‍ നശിപ്പിക്കുക ഇതൊക്കെ ചെയ്യുന്ന വിദ്യാര്‍ത്ഥികളെ കണ്ടിട്ടുണ്ട്. മാതൃകലാലയത്തോട്, വീടിനോട് കൂറില്ലാത്തവന് എങ്ങനെയാണ് മനുഷ്യനാകുന്നത്. ആരോടും കൂറും വിശ്വസ്തതയുമില്ലാത്ത ഈ പൈശാചിക സമൂഹമാണ് ആ പാവം ചെറുപ്പക്കാരനെ കൊന്നത്. ഇവരെ സംക്ഷിക്കുന്ന ഒരു സമൂഹമുണ്ട്.
ഇതിനെതിരെ പ്രതികരിക്കാന്‍ കേരളത്തിലെ സാംസ്കാരിക നായകര്‍ എന്ന ഇരട്ടപ്പേരില്‍ അറിയപ്പെടുന്നവര്‍ സജീവമായി മുന്നോട്ടു വന്നില്ല. ഹത്രസിലെ പെണ്‍കുട്ടിക്ക് വേണ്ടി കവിതയെഴുതിയവര്‍, മണിപ്പൂരിന് വേണ്ടി മെഴുകുതിരി കത്തിക്കുന്നവര്‍, അജ്മല്‍ കസബിന് വേണ്ടി പ്രമേയം പാസാക്കിയവര്‍, സദാം ഹുസൈന് വേണ്ടി പ്രകടനം നടത്തിയവര്‍ ഈ ചെറുപ്പക്കാരനുവേണ്ടി ഒരു വാക്ക് ഉരിയാടാന്‍ മുന്നോട്ട് വന്നില്ല. എന്ത് ചെയ്തു എന്നതല്ല, ആര് ചെയ്തു എന്നതാണ് ഇവര്‍ക്കൊക്കെ പ്രധാനം എന്നതാണ് ഭീതിതമായ സാഹചര്യം.
നമ്മുടെ മക്കള്‍ കേരളത്തില്‍ ജീവിക്കാന്‍ പദ്ധതിയിടാന്‍ അനുവദിക്കരുത്. അവര്‍ക്ക് മുന്നില്‍ വിശാലമായ ഒരു ലോകമുണ്ട്. കേരളം പോലെ, കമ്യൂണിസം എന്ന പൈശാചികമായ സംവിധാനം അരങ്ങുവാഴുന്നിടത്ത് നമ്മുടെ പ്രിയപ്പെട്ടവരോട് ജീവിക്കാന്‍ പറയരുത്. അവര്‍ മറ്റെവിടെയെങ്കിലും പോയി രക്ഷപ്പെടട്ടെ. ഈ പറയുന്ന നിശാചരക്കൂട്ടം ആ കുട്ടിയുടെ അച്ഛന്റെ ഹൃദയമുരുകിയുള്ള വാക്കുകേട്ടിട്ട് പോലും പ്രതികരിക്കുന്നില്ല. ”ഞാന്‍ ഗള്‍ഫില്‍ പോയി കഷ്ടപ്പെട്ടത് എന്റെ മക്കള്‍ക്ക് ഭക്ഷണം കൊടുക്കാനാണ്, എന്റെ മകന് മൂന്ന് ദിവസം പട്ടിണി കിടന്നു. അവന് ഒരല്പം വെള്ളം കൊടുക്കാമായിരുന്നില്ലേ” എന്ന ആ പിതാവിന്റെ ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യാറാവാത്ത കേരളത്തിലെ ബുദ്ധിജീവി സമൂഹം നാടിന്റെ വലിയ ആപത്താണ്.
വിനാശത്തിന്റെ വക്കിലാണ് കേരളം. അങ്ങേയറ്റം സങ്കടം. മാ നിഷാദ എന്ന് ഏത് വാല്മീകി വിളിച്ചുപറഞ്ഞാലും അത് കേരളത്തിന്റെ ബധിര കര്‍ണങ്ങളില്‍ പതിയാന്‍ പോകുന്നില്ല. ഈ നിഷാദവൃത്തി കേരളത്തില്‍ കമ്യൂണിസം നിലനില്‍ക്കുന്ന കാലം തുടര്‍ന്നുകൊണ്ടേയിരിക്കും. നമ്മുടെ മക്കളെ അതില്‍ നിന്ന് രക്ഷിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: