പാലക്കാട്: പാലക്കാട് തന്നോളു, കേരളംഞങ്ങളിങ്ങെടുക്കുമെന്ന്’ സുരേഷ്ഗോപി. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പാലക്കാടും, ചേലക്കരയിലും, വയനാടും യോഗ്യരായ സ്ഥാനാര്‍ഥികള്‍ വേണമെന്ന് സുരേഷ് ഗോപി. ഇതൊന്നും ബിജെപിക്കുള്ള അഗ്നിപരീക്ഷയല്ല. നമ്മളെ ചവിട്ടിതാഴ്ത്താന്‍ ശ്രമിച്ചവര്‍ക്കുള്ള ശക്തമായ സന്ദേശമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയത്.
ബിജെപി ഉയിര്‍പ്പിന്റെ കാലഘട്ടത്തിലാണ്. കര്‍ത്താവിന്റെ ഉയിര്പ്പുപോലെയാണ് ബിജെപിയുടെ വിജയം. പാലക്കാട് സ്ഥാനര്‍ഥി വോട്ടഭ്യര്‍ഥിച്ചു വരുമ്പോള്‍ താനും കൂടെയുണ്ടാവുമെന്ന് സുരേഷ്ഗോപി ഉറപ്പുനല്‍കി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സെമിഫൈനലാണ് പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും വയനാട് ലോകസഭാ മണ്ഡലത്തിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പ്. വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തുടങ്ങേണ്ടതാണ്.
എല്ലാ വാര്‍ഡുകളിലേക്കും മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്തി ഇപ്പോഴേ പ്രവര്‍ത്തനം തുടങ്ങണം. ആദ്യകാല നേതാക്കള്‍ ഒരുപാട് ത്യാഗം ചെയ്തതിന്റെ ഫലമാണ് മൂന്നാം തവണയും അധികാരത്തിലെത്താന്‍ കാരണമായത്. അവര്‍ക്കുള്ള സമര്‍പ്പണമായിരിക്കണം നമ്മുടെ വിജയമെന്നും സുരേഷ്ഗോപി പറഞ്ഞു.
തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ കല്പാത്തി രഥോത്സവത്തിന് പാലക്കാട്ടുകാര്‍ക്കൊപ്പം ഉണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ വിഷയങ്ങള്‍ സംബന്ധിച്ച് എംപിയും മുന്‍ മന്ത്രിയുമായ കെ. രാധാകൃഷ്ണനുമായി സംസാരിച്ചെന്നും അദ്ദേഹം പറഞ്ഞു.
പട്ടികജാതി വിഭാഗത്തിന്റെ പേരില്‍ സ്ഥാപിച്ച മെഡിക്കല്‍ കോളേജിന്റെയും അവിടെയുള്ള വിദ്യാര്‍ഥികളും നേരിടുന്ന പ്രശ്നത്തില്‍ ഇടപെടുമെന്നും സുരേഷ്ഗോപി വ്യക്തമാക്കി.
മെഡിക്കല്‍ കോളേജിലെ അടിസ്ഥാനസൗകര്യ വികസനത്തിനും വിദ്യാര്‍ഥികളുടെ പഠനത്തിനാവശ്യമായ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍
ഇടപെട്ടില്ലെങ്കില്‍ താന്‍ വേണ്ടത് ചെയ്യുമെന്നും സുരേഷ് ഗോപി ഉറപ്പുനല്‍കി. അതിനുവേണ്ട കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും പെട്രോളിയം കമ്പനികള്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് പാലക്കാട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ കോളേജിന്റെ ദുരവസ്ഥക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ താല്‍ക്കാലിക ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. പട്ടികജാതിക്കാരുടെ അവകാശം നിഷേധിച്ചവര്‍ക്ക് പാര്‍ലിമെന്റില്‍ വന്ന് സര്‍ക്കസ് കാണിക്കുവാനുള്ള ഒരവകാശവും ഇല്ലെന്നും സുരേഷ് ഗോപി തുറന്നടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: