മാന്നാര്‍: പതിനഞ്ചു വര്‍ഷം മുന്‍പു കാണാതായ ഇരമത്തൂര്‍ സ്വദേശി ശ്രീകലയെ കൊന്നു സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ പോലീസ് അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കി. കസ്റ്റഡിയില്‍ വാങ്ങിയ മൂന്നു പ്രതികളെയും വെവ്വേറെ സ്റ്റേഷനുകളില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് മാന്നാറില്‍ സ്പിരിറ്റ് കടത്തും ക്വട്ടേഷനുമായി നടന്നിരുന്ന റൊട്ടി വിനോദിന്റെ സഹായികളായിരുന്നു പ്രതികളില്‍ ചിലര്‍. സ്പിരിറ്റ് കടത്തിനും മറ്റും ഇവര്‍ പോയിരുന്നെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. 10 വര്‍ഷം മുന്‍പ് വളഞ്ഞവട്ടത്ത് ഒരു ബാറില്‍ റൊട്ടിവിനോദ് കൊല്ലപ്പെട്ടു. ഇതോടെ ഈ സംഘം തന്നെയില്ലാതായി. പ്രതികളിലൊരാളായ പ്രമോദ് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെ കേസില്‍ പ്രതിയാണ്.
പോലീസ് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയയാളും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വെട്ടുകേസില്പ്പെട്ടയാളാണ്. ഇതിന്റെ വിവരങ്ങളും പോലീസ് തിരയുന്നുണ്ട്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഇന്നലെയും തികച്ചും വിഭിന്നമായ വിവരങ്ങള്‍ ഇവരില്‍ നിന്നും ലഭിച്ചെന്നാണ് സൂചന. ജില്ലാ പോലീസ് മേധാവിയുടെ കര്‍ശനമായ നിര്‍ദേശമുള്ളതിനാല്‍ എല്ലാ രഹസ്യസ്വഭാവവും പാലിച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
ഒന്നാംപ്രതിയും ശ്രീകലയുടെ ഭര്‍ത്താവുമായ അനില്‍ കഴിഞ്ഞ മൂന്നുമാസമായി ഇസ്രയേലില്‍ താമസിച്ചിരുന്ന സ്ഥലം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ശ്രീകലയെ കൊലപ്പെടുത്തിയതില്‍ കൂടുതല്‍ പ്രതികള്‍ക്ക് പങ്കുണ്ടോ എന്നും ആയുധം ഉപയോഗിച്ചോ എന്നും പോലീസ് അന്വേഷിക്കുന്നു. മൃതദേഹം കൊണ്ടുപോയ വാഹനം കണ്ടെത്താനും ശ്രമിക്കുന്നുണ്ട്.
അറസ്റ്റിലായ സോമരാജന്, കെ.സി. പ്രമോദ്, ജിനു ഗോപി എന്നിവരെ ആറുദിവസത്തേക്കാണ് പോലീസിന് കസ്റ്റഡിയില്‍ വിട്ടുകിട്ടിയത്. തുടക്കത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടന്ന ചോദ്യംചെയ്യലില്‍ പെരുമ്പുഴ പാലത്തില്‍നിന്ന് കലയുടെ മൃതദേഹം ആറ്റിലേക്ക് തള്ളാന്‍ ശ്രമം നടത്തിയിരുന്നെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ അവിടെ ആളുകള്‍ വന്നുംപോയുമിരുന്നതിനാല്‍ ശ്രമം ഉപേക്ഷിച്ചുവെന്നും സെപ്റ്റിക് ടാങ്കില്‍ മറവുചെയ്യാന്‍ തീരുമാനിച്ചെന്നുമാണ് മൊഴി. കസ്റ്റഡിയിലുള്ള മൂന്നു പ്രതികളുടെയും അനിലിന്റെയും വീടിനടുത്തെ ചതുപ്പ് നിറഞ്ഞ പ്രദേശത്തും പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. സെപ്റ്റിക് ടാങ്കില്‍നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ തിരയാന്‍ പോലീസിനെ സഹായിച്ച തിരുവല്ല സ്വദേശി സോമന് എന്നയാളും പോലീസിനൊപ്പമുണ്ടായിരുന്നു. ഇവിടെ യന്ത്രസഹായത്തോടെ തിരച്ചില്‍ നടത്തുമെന്നാണ് സൂചന.
പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ തൃപ്പെരുന്തുറ ഇരമല്ലൂര്‍ പുതുപ്പള്ളില്‍ തെക്കേതില്‍ കെ.വി. സുരേഷ് കുമാറിനെ, കാറില്‍ കിടക്കുന്ന കലയുടെ മൃതദേഹം അനില്‍ കാണിച്ചെന്നാണു നേരത്തെ പോലീസിനു കിട്ടിയ സൂചന. അതനുസരിച്ചാണു കസ്റ്റഡിയിലെടുത്തത്. സുരേഷ് കുമാറാണു വിവരം നല്‍കിയതെന്നും രണ്ടാം തീയതി സുരേഷ് കുമാര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തതെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
ഇതിനിടയില്‍ ഒന്നാം പ്രതി അനിലിന്റെ പിതാവ് തങ്കച്ചന്, മാതാവ് മണിയമ്മ, അനിലിന്റെ ഇപ്പോഴത്തെ ഭാര്യ ശുഭ എന്നിവരെ മാന്നാര്‍ പോലീസ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തിട്ടുണ്ട്. അനിലിന്റെ വീട്ടിലെ അടച്ചിട്ട മുറിയിലായിരുന്നു പോലീസ് വിവരങ്ങള്‍ തേടിയത്. പഞ്ചായത്തംഗം പുഷ്പ ശശികുമാറില്നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
അതേസമയം കല കൊലപാതകക്കേസിലെ ഒന്നാംപ്രതിയായ ഭര്‍ത്താവ് അനിലിനെ ഇസ്രയേലില്‍നിന്നു നാട്ടിലെത്തിക്കാന്‍ നീക്കങ്ങള്‍ ശക്തമാക്കി പോലീസ്. ബന്ധുക്കളിലടക്കം സമ്മര്‍ദം ചെലുത്തി നാട്ടിലെത്തിക്കാനാണ് ശ്രമം. കോടതിയില്‍നിന്നു വാറണ്ട് വാങ്ങി പാസ്പോര്‍ട്ട് നമ്പരും സ്പോണ്‍സറുടെ വിലാസവും ശേഖരിച്ച് ഇന്റര്‍പോള്‍ സഹായത്തോടെ നാട്ടിലെത്തിക്കാനാണ് നീക്കം.
നിയമപരമായ നടപടികളിലൂടെ നാട്ടിലെത്തിക്കാന്‍ ഏറെസമയം വേണ്ടിവരും. സംസ്ഥാന പോലീസ് മുതല്‍ കേന്ദ്ര ആഭ്യന്തരവകുപ്പും ഇന്റര്‍പോളും വരെ ഉള്‍പ്പെടുന്ന നടപടിക്രമങ്ങളാണ് ഇതില്‍ പ്രധാനം. സര്‍ക്കാര്‍ തലത്തിലെ നടപടികളിലൂടെ നാട്ടിലെത്തിക്കാന്‍ ആദ്യം ബ്ലൂ കോര്‍ണര്‍ തിരച്ചില്‍ നോട്ടീസും പിന്നീട് റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിക്കണം. ഇന്റര്‍പോളാണ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കേണ്ടത്. ഇതിന്റെ ആദ്യഘട്ടമായി പോലീസ് തിരച്ചില്‍ സര്‍ക്കുലര്‍ പുറത്തിറക്കണം. പിന്നീട് കോടതി വഴി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചശേഷം റെഡ് കോര്‍ണര്‍ നോട്ടീസിനുള്ള പോലീസിന്റെ അഭ്യര്‍ത്ഥന കേന്ദ്ര ആഭ്യന്തരവകുപ്പിനു കൈമാറും. സിബിഐയാണ് റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കാന്‍ ശുപാര്‍ശ നല്‍കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: