ലഖ്നൗ : ഹാഥ്രസ് ദുരന്തത്തില്‍ പ്രത്യേകാന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡിജിപി പ്രശാന്ത് കുമാര്‍, ചീഫ് സെക്രട്ടറി മനോജ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയിലെത്തി കൈമാറി. വിശദമായ റിപ്പോര്‍ട്ട് പിന്നീട് സമര്‍പ്പിക്കും. 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി അന്വേഷണ സംഘത്തിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് 15 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ആഗ്ര എഡിജി അനുപം കുല്സ്രേഷ്തയും അലിഗഡ് കമ്മിഷണര്‍ ചൈത്ര വി.യുമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 90 പേരുടെ മൊഴി അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തമുണ്ടായി മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായതില്‍ മുഖ്യമന്ത്രി അന്വേഷണ സംഘത്തെ അഭിനന്ദിച്ചു.
ജൂലൈ രണ്ടിന് ഹാഥ്രസില്‍ സത്സംഗിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേരാണ് മരിച്ചത്. 80,000 പേര് പങ്കെടുക്കുമെന്ന് അറിയിച്ച ചടങ്ങില്‍ രണ്ടര ലക്ഷം പേരാണ് പങ്കെടുത്തതെന്നാണ് പോലീസ് പറയുന്നത്. പരിപാടിക്ക് നേതൃത്വം നല്കിയ ആറ് സംഘാടകരെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യ സംഘാടകന്‍ ദേവ് പ്രകാശ് മധുകര്‍ ഒളിവിലാണ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്. വിവരം നല്‍കുന്നവര്‍ക്ക് പോലീസ് ഒരു ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിലേക്ക് വഴിവെച്ച വീഴ്ച ആരുടെ ഭാഗത്താണെന്ന് കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.
ഹാഥ്രസ് ജില്ലാ മജിസ്ട്രേറ്റ് ആഷിഷ് കുമാര്‍, പോലീസ് സൂപ്രണ്ടന്റ് നിപുണ്‍ അഗര്‍വാള്‍, ആരോഗ്യ വകുപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരാണ് പ്രദേശത്തെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണവും നടക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുലും ഹാഥ്രസില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: