ഗുരുവായൂര്‍: ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ സ്ഥാപിച്ച മുഖമണ്ഡപത്തിന്റേയും നടപ്പന്തലിന്റേയും സമര്‍പ്പണം ഏഴിന് രാവിലെ നടക്കും. പ്രവാസി വ്യവസായിയും വെല്‍ത്ത് ഐ ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവിയുമായ അങ്ങാടിപ്പുറം സ്വദേശി വിഘ്നേശ് വിജയകുമാര്‍ മേനോനാണ് ക്ഷേത്രത്തിലേക്ക് വഴിപാടായി മുഖണ്ഡപവും നടപ്പുരയും നിര്‍മ്മിച്ചത്.
കേരളീയ വാസ്തുശൈലിയുടെ അലങ്കാരഭംഗിയോടെയാണ് പുതിയ ക്ഷേത്രപ്രവേശന കവാടം നിര്‍മ്മിച്ചിരിക്കുന്നത്. മൂന്ന് താഴികക്കുടങ്ങളോട് കൂടിയതാണ് മുഖമണ്ഡപം. ചെമ്പില്‍ വാര്‍ത്തെടുത്തതാണ് ഈ താഴികക്കുടങ്ങള്‍. അഞ്ചരയടി ഉയരമുണ്ട്. ഇത്രയും വലിയ താഴികക്കുടങ്ങള്‍ ഗോപുരങ്ങളില്‍ സ്ഥാപിക്കുന്നതും അപൂര്‍വ്വമാണ്. മാന്നാര്‍ പി.കെ. രാജപ്പന് ആചാരിയും സംഘവുമാണ് താഴികകക്കുടങ്ങള്‍ നിര്‍മ്മിച്ചത്. മൂന്ന് താഴിക്കകുടങ്ങളില്‍ നിറയ്ക്കാനായി ഏതാണ്ട് 93 കിലോ ഞവരനെല്ലാണ് വേണ്ടി വന്നത്.
മുഖമണ്ഡപത്തിന് താഴെ തട്ടില്‍ ആഞ്ഞിലിമരത്തില്‍ അഷ്ടദിക് പാലകര്‍, ബ്രഹ്മാവ്, വ്യാളീരൂപങ്ങള്‍ എന്നിവ മനോഹരമായി കൊത്തിയെടുത്തിട്ടുണ്ട്. രണ്ടാം നിലയുടെ മൂലയില്‍ ഗജമുഷ്ടിയോടെയുള്ള വ്യാളീരൂപങ്ങള്‍ കൊത്തിയെടുത്തിട്ടുണ്ട്. മുഖമണ്ഡപത്തിന്റെ തൂണുകളില്‍ ചതുര് ബാഹുരൂപത്തിലുള്ള ശ്രീഗുരുവായൂരപ്പന്, വെണ്ണക്കണ്ണന്, ദ്വാരപാലകര്‍ എന്നിവരേയും കാണാം.
കിഴക്കേനടയില്‍ സത്രപ്പടി മുതല്‍ അപ്സര ജംഗ്ഷന് വരെ നീളുന്നതാണ് മുഖമണ്ഡപത്തിന് അനുബന്ധമായി വരുന്ന നടപ്പന്തല്‍. ശില്പഭംഗിയാല് സമ്പന്നമാണ് പുതിയ നടപ്പന്തല്‍. ഇരുപത് തൂണുകളാണ് നടപ്പന്തലിനുള്ളത്. ഓരോ തൂണിലും സിമന്റില്‍ ചെയ്ത് ദശാവതാരങ്ങളും കൃഷ്ണശില്‍പങ്ങളും ഉണ്ടാകും.
ഗുരുവായൂര്‍ ക്ഷേത്രം ശ്രീകോവില്‍ ശില്പിയായ എളവള്ളി നാരായണന് ആചാരിയുടെ മകന് എളവള്ളി നന്ദന്റെ നേതൃത്വത്തില്‍ പെരുവല്ലൂര്‍ മണികണ്ഠന്, സൗപര്‍ണികാ രാജേഷ്, പാന്തറ വിനീത് കണ്ണന് തുടങ്ങി വലിയൊരു സംഘം ശില്പികളുടെ മാസങ്ങള്‍ നീണ്ട അധ്വാനത്തിലൂടെയാണ് നടപ്പന്തലും മുഖമണ്ഡപവും നിര്‍മ്മിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: