കാലടി: ആയുര്‍വേദ അദ്ധ്യാപകനും വേദപണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ. കെ.വി. ശേഷാദ്രിനാഥ ശാസ്ത്രിയുടെ നവതി ആഘോഷം ആരംഭിച്ചു. ഇന്നലെ തുടങ്ങിയ ആഘോഷം ഏഴിന് സമാപിക്കും. ഏഴിന് രാവിലെ 10ന് കാലടി നാസ് ഓഡിറ്റോറിയത്തില്‍ സാംസ്കാരിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. ഈശ്വരന് ഉദ്ഘാടനം ചെയ്യും.
കാലടിയിലെ കൃഷ്ണയജുര്‍വേദ ശ്രീശങ്കരവേദധര്മശാസ്ത്ര പാഠശാല ഡയറക്ടറും ചെന്നൈ സംസ്കൃത കോളജ് മുന്‍ പ്രിന്‍സിപ്പലുമായ പ്രൊഫ. കെ.വി. ശേഷാദ്രിനാഥ ശാസ്ത്രി കേരള ബ്രാഹ്മണ സഭയുടെ കാലടിയിലുള്ള ശ്രീശങ്കര ശാന്തി നിലയത്തില്‍ 2016 ഡിസംബറില്‍ ആണ് എത്തുന്നത്.
തമിഴില്‍ 15 പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മദ്രാസ് സംസ്കൃത കോളജില്‍ നിന്ന് പ്രസിഡന്‍സി ഗോള്‍ഡ് മെഡലോടെ സാഹിത്യ ശിരോമണി ബിരുദം നേടിയ ശേഷാദ്രിനാഥ ശാസ്ത്രി അവിടത്തെ അദ്ധ്യാപകനും പിന്നീട് പ്രിന്‍സിപ്പലുമായി. മദ്രാസ് വെങ്കട്ടരമണ ആയുര്‍വേദ കോളജില്‍ നിന്ന് ആയുര്‍വേദ വിശാരദ ബിരുദം നേടിയശേഷം അവിടെ അദ്ധ്യാപകനുമായി. സാഹിത്യ വിശാരദ, വേദാന്ത ശിരോമണി ബിരുദങ്ങളും നേടിയിട്ടുണ്ട്. മീമാംസ വാക്യസുധ, മത്സ്യപുരാണം എന്നിവയില്‍ ഗവേഷണം നടത്തി. 2778 പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തം ശേഖരത്തിലുണ്ട്.
ആയുര്‍വേദ ബോര്‍ഡ് ചെയര്മാന്, സാഹിത്യ വ്യാകരണ ബോര്‍ഡ് ചെയര്മാന്, മദ്രാസ് യൂണിവേഴ്സിറ്റി സിന്‍ഡിക്കറ്റ് അംഗം, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്ട്രോളജിക്കല്‍ സ്റ്റഡീസ് വൈസ് പ്രസിഡന്റ്, രാഷ്ട്രീയ സംസ്കൃത സംസ്ഥാന് ഗവേണിങ് ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ശാന്തി നിലയം ആന്‍ഡ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള വേദ ധര്‍മശാസ്ത്ര പാഠശാലയില്‍ അദ്ദേഹം യജുര്‍വേദം പഠിപ്പിക്കുന്നു.
പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്ത് ‘ശേഷം വാധ്യാര്’ വൈദിക കുടുംബത്തിലാണ് ജനനം. ഭാര്യ: ശാരദ തിരുവില്വാമല സ്വദേശി. മക്കള്‍: വെങ്കടേശ്വരന്(യുഎസ്എ), പാര്‍വതി(കൊല്‍ക്കത്ത), ജാനകി(ചെന്നൈ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: