ബാർബഡോസ്: ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീം ഇന്ന് ജന്മനാട്ടിൽ തിരിച്ചെത്തും. പ്രത്യേക വിമാനത്തിൽ ഇന്നു രാവിലെ ആറുമണിയോടെ ന്യൂഡൽഹിയിലെത്തുന്ന ടീം ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിക്കും. രാവിലെ 11 മണിക്കാണ് മോദിയുമായുള്ള കൂടിക്കാഴ്‌ച്ച. താരങ്ങൾ പ്രാധാനമന്ത്രിക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കുമെന്നും റിപ്പോർട്ടുണ്ട്. അതിന് ശേഷം മുംബൈയിലേക്ക് തിരിക്കുന്ന ഇന്ത്യൻ ടീം മുംബൈയിൽ ലോകകപ്പുമായി റോഡ് ഷോ നടത്തും.
ട്രോഫിയുമായി താരങ്ങൾ മുംബൈ നഗരത്തിൽ റോഡ് ഷോ നടത്തും. നരിമാൻ പോയിന്റ്, മറൈൻ ഡ്രൈവ്, വാംഖഡെ സ്റ്റേഡിയംവരെ ഓപ്പൺ ബസിലാണ് റോഡ് ഷോ. വൈകീട്ട് അഞ്ചുമുതലാണ് വിക്ടറി പരേഡെന്നും എല്ലാവരും എത്തിച്ചേരണമെന്നും രോഹിത് ശർമ എക്‌സിൽ കുറിച്ചു. വാംഖഡേ സ്റ്റേഡിയത്തിൽ സ്വീകരണപരിപാടി ഒരുക്കിയിട്ടുണ്ട്. ടീമിന് പ്രഖ്യാപിച്ച 125 കോടി ചടങ്ങിൽ ബി.സി.സി.ഐ. കൈമാറും. രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും ടീം കൂടിക്കാഴ്ച നടത്തിയേക്കും.
ബി.സി.സി.ഐ ഏർപ്പാടാക്കിയ എയർ ഇന്ത്യ ചാമ്പ്യൻസ് 24 ലോകകപ്പ് (എ.ഐ.സി.24.ഡബ്ല്യു.സി.) വിമാനത്തിലാണ് താരങ്ങൾ ബാർബഡോസിൽ നിന്നും ഇന്ത്യയിലേക്കെത്തുന്നത്. താരങ്ങൾ, സപ്പോർട്ടിങ് സ്റ്റാഫ്, കുടുബാംഗങ്ങൾ എന്നിവരാണ് വിമാനത്തിലുള്ളത്. ബാർബഡോസിൽനിന്ന് വിമാനം പുറപ്പെടുന്നതിനുമുൻപ് ട്രോഫിയുമായി നിൽക്കുന്ന ചിത്രം ക്യപ്റ്റൻ രോഹിത് ശർമയും സൂര്യകുമാർ യാദവും സാമൂഹികമാധ്യമത്തിൽ പോസ്റ്റുചെയ്തിരുന്നു.
കിരീടനേട്ടത്തിനുശേഷം നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് ‘ബെറിൽ’ ചുഴലിക്കാറ്റ് ആഞ്ഞടിഞ്ഞത്. ഇതോടെ ബാർബഡോസിലെ വിമാനത്താവളവും അടച്ചു. കാറ്റഗറി നാലിൽപ്പെടുന്ന ചുഴലിക്കാറ്റും മഴയും കാരണം ടീമിന് മൂന്നുദിവസമായി ഹോട്ടലിൽ തുടരേണ്ടിവന്നു. ഇതോടെയാണ് യാത്ര പ്രതിസന്ധിയിലായത്. ബി.സി.സി.ഐ. ഇടപെട്ടാണ് പ്രത്യേകവിമാനം ഏർപ്പാടാക്കിയത്.
മുംബൈയിലെ ആഘോഷങ്ങൾക്കുശേഷം ഇന്ത്യൻ താരങ്ങൾ സിംബാബ്‌വേയിലെ ഹരാരയിലെത്തും. ടീമിലുൾപ്പെട്ടവരാണ് അങ്ങോട്ടേക്കുപോകുക. സ്വീകരണച്ചടങ്ങുകളിൽ പങ്കെടുക്കാനാണ് ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരുന്ന സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, ശിവം ദുബെ എന്നിവരെ സിംബാബ്‌വേക്കെതിരേയുള്ള ആദ്യ രണ്ട് ടി 20 മത്സരങ്ങളിൽനിന്ന് ഒഴിവാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: