മനുഷ്യവര്‍ഗ്ഗത്തിന്റെ ആദിപിതാവ് മനു ആണെന്നും, ആ മനുവാണ് ‘മനുസ്മൃതി’യുടെ കര്‍ത്താവെന്നും ഹൈന്ദവ പുരാണങ്ങളുടെ വായനക്കാരില്‍ പലരും കരുതുന്നുണ്ട്. എന്നാല്‍ ഈ ധാരണ ശരിയല്ല. മഹാ ഭാഗവതം, വിഷ്ണു പുരാണം എന്നിവയില്‍ പറയുന്ന പ്രകാരം സൃഷ്ടി ആരംഭിച്ചത് ബ്രഹ്മാവില്‍നിന്നാണല്ലോ. അതിനാല്‍ ബ്രഹ്മാവ് സൃഷ്ടിക്കപ്പെട്ടതല്ല, വിഷ്ണുവിന്റെ നാഭീകമലത്തില്‍ നിന്ന് ആവിര്‍ഭവിച്ചതാകയാല്‍ ‘സ്വയംഭൂഃ’ ആകുന്നു. അതിനാല്‍ ബ്രഹ്മപുത്രനായ ആദിമനു ‘സ്വായംഭുവ മനു’ എന്നുവിളിക്കപ്പെട്ടു. ഈ മനു മനുഷ്യവര്‍ഗ്ഗത്തിന്റെ മാത്രമല്ല, ഭൂമിയിലെ ജീവജാലങ്ങളുടെയെല്ലാം ആദിരൂപമാണ്. ഭാഗവതത്തില്‍ പറയുന്നത്, ശബ്ദബ്രഹ്മരൂപമാകുന്ന ബ്രഹ്മാവിന് സൃഷ്ടിവര്‍ദ്ധനവിന്റെ വേഗതയില്‍ തൃപ്തിവരാതെയായപ്പോള്‍ ദേഹം രണ്ടായി പിളര്‍ന്നു. ഈ രണ്ട് ഭാഗങ്ങളെക്കൊണ്ട് ആണ്‍-പെണ്‍ എന്ന ദ്വന്ദ്വങ്ങളെ സൃഷ്ടിച്ചു. ഇവരാണ് മനുവും ശതരൂപയും. മുമ്പ് മാനസസൃഷ്ടി മാത്രം നടത്തിക്കൊണ്ടിരുന്ന ബ്രഹ്മാവ് ഈ ദ്വന്ദത്തെ സൃഷ്ടിച്ചതോടുകൂടിയാണ് ആണ്‍-പെണ്‍ സംയോഗം വഴിയുള്ള സൃഷ്ടി ആരംഭിച്ചത്. മനുവും ശതരൂപയും മനുഷ്യരുടെ മാത്രം ആദിമരൂപങ്ങളല്ല. ആണ്‍-പെണ്‍ ദ്വന്ദത്തിലൂടെ വര്‍ധിക്കുന്ന ഭൂമിയിലെ സകല ജീവജാലങ്ങള്‍ക്കും ആദി മാതൃകകളാകുന്നു.
ഓരോ മന്വന്തരത്തിലും ഓരോ മനുവായിരിക്കും ജീവികളുടെ അധിപതിയെന്നും ഭാഗവതം പറയുന്നുണ്ട്. ഒരു മനുവിന്റെ കാലം 71 ചതുര്‍യുഗമായതിനാല്‍ ആ കാലാവധി കഴിയുമ്പോള്‍ മനുവും ശതരൂപയും ബ്രഹ്മാവില്‍ ലയിക്കുന്നു. അടുത്ത മന്വന്തരത്തില്‍ ആവിര്‍ഭവിക്കുന്ന മനുവും പത്‌നിയും താത്ത്വികമായി പഴയവര്‍ തന്നെ, കാരണം തത്ത്വസ്വഭാവം സമമാകുന്നു. എന്നാല്‍ പൂര്‍വ്വാവസ്ഥ ലയിച്ചതിനുശേഷം പിന്നീടുണ്ടായ ആവിര്‍ഭാവമെന്ന നിലയില്‍ പുതിയതുമാകുന്നു. അതായത് പിന്നീടുണ്ടാകുന്ന മനുവും പത്‌നിയും ആദ്യത്തെ ആണ്‍-പെണ്‍ ദ്വന്ദ്വങ്ങള്‍ തന്നെയാണ് എന്നര്‍ത്ഥം. അതിനാലാണ് പുരാണങ്ങളില്‍ ഇനി വരാനിരിക്കുന്ന മന്വന്തരം ചേര്‍ത്ത് എട്ട് മന്വന്തരങ്ങളിലെയും മനുക്കളുടെ പേര് വ്യത്യസ്തമായി പറയുന്നുണ്ടെങ്കിലും ചിലപ്പോഴൊക്കെ അവരെയും ‘സ്വായംഭുവ മനു’ എന്നു വിളിക്കുന്നത്. ബ്രഹ്മാവിന്റെ തേജസ്സില്‍നിന്ന് ആവിര്‍ഭവിക്കുന്നതിനാലും അവര്‍ക്ക് ഈ പേര് അന്വര്‍ത്ഥമാകുന്നു.
മനു എന്ന സൂര്യപുത്രന്‍
ഇപ്പോഴത്തെ (ഏഴാമത്തെ) മനു വിവസ്വാന്റെ (സൂര്യന്റെ) പുത്രനാകയാല്‍ ‘വൈവസ്വത മനു’വെന്നും, ഈ മന്വന്തരത്തെ വൈവസ്വത മന്വന്തരമെന്നും വിളിക്കപ്പെടുന്നുണ്ട്. ഇവിടെ പ്രളയം എന്നത് നാശമല്ല, പൂര്‍വ്വാവസ്ഥയിലേക്കുള്ള ലയമാണ് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആത്യന്തിക സത്യം ഏകമാണെന്നും (ബ്രഹ്മം), അതിന്റെ അംശമായ ഏക ശക്തിയുടെ വികാസമാണ് പലതായിരിക്കുന്ന എല്ലാ ശക്തിസ്വരൂപങ്ങളെന്നുമുള്ള വൈദികജ്ഞാനത്തെ അനുഗമിക്കുന്നവയാണ് പുരാണങ്ങള്‍. കല്‍പ്പങ്ങളുടെ ആദിയില്‍ ഭഗവാന്‍ സ്വയം ”ആത്മാവുകൊണ്ട് ആത്മാവിനെ സൃഷ്ടിക്കുന്നു”വെന്നും മറ്റുമുള്ള പരാമര്‍ശങ്ങള്‍ കഥകള്‍ക്കിടയില്‍ കാണാവുന്നതാണ്. അതിനാല്‍ പുരാണങ്ങളില്‍ അവതരിപ്പിച്ചിട്ടുള്ള ‘മിത്തു’-രൂപേണയുള്ള കഥകളെ താത്ത്വികമായിട്ടുവേണം അവലോകനം ചെയ്യാന്‍. ഇവിടെ മനുവിനെ ബ്രഹ്മദേവന്റെ അംഗമായും പിന്നെ സൂര്യന്റെ പുത്രനായും പറയുന്നത് ശ്രദ്ധിക്കണം. ഭഗവദ് ശക്തിയായ ബ്രഹ്മാവില്‍ (ആദി ശക്തിയാകുന്ന പ്രകൃതിയുടെ ക്രിയാശക്തി രൂപത്തിലുള്ള രജോഗുണത്തില്‍) നിന്നാണ് മറ്റെല്ലാ രൂപാന്തര ശക്തികളും വികസിക്കുന്നത്.
ഭാഗവതത്തില്‍ സൂര്യന്റെ സന്താനങ്ങളായി യമുന, യമന്‍(കാലന്‍), മനു എന്നിവരെപ്പറ്റി പറയുന്നതിന്റെ പൊരുള്‍ എന്താണ്? പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമായിട്ടുള്ള ദൃശ്യപ്രപഞ്ചത്തില്‍ അഗ്നിതത്ത്വങ്ങളില്‍ നിന്നാണ് ജലതന്മാത്രകള്‍ രൂപംകൊള്ളുന്നത്. അതിനാല്‍ യമുന അഥവാ ജലം സൂര്യപുത്രിയാകുന്നു. കാലമെന്നത് ആദിശക്തിയുടെ ചലനമാണ്. രൂപാന്തരങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയുള്ള ശക്തിയുടെ ചലനമാണ് വസ്തുക്കളായും കര്‍മ്മങ്ങളായും ‘കാല’ത്തിന്റെ പ്രതീതിയുളവാക്കുന്നത്. ബ്രിട്ടീഷ് ശാസ്ത്രജ്ഞനായിരുന്ന ഐസക് ന്യൂട്ടണ്‍ കാലത്തിന് സ്വതന്ത്രാസ്തിത്വം കല്‍പ്പിക്കുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടില്‍ കാലമെന്നത് വസ്തുക്കളുടെ ചലനത്തെ ആശ്രയിച്ചുള്ളതാണെന്ന് സ്ഥാപിച്ചു കഴിഞ്ഞുവല്ലോ. ഇവിടെ പ്രസക്തമാകുന്ന ഒരു കാര്യമുണ്ട്. ഭൂമിയില്‍ കാലം നിര്‍ണ്ണയിക്കപ്പെടുന്നത് സൂര്യനെ വലംവയ്‌ക്കുന്ന ഭൂമിയുടെ ചലനാടിസ്ഥാനത്തിലാകയാല്‍ യമന്‍ സൂര്യപുത്രനാണെന്ന് കല്‍പ്പിക്കപ്പെടുന്നു എന്നതാണത്. ഇപ്രകാരം തന്നെ ഭൂമിയില്‍ ജീവജാതികള്‍ വര്‍ദ്ധിക്കുന്നതിനു കാരണം സൂര്യതേജസ്സാകയാല്‍ ജീവികളുടെ ആദി മാതൃകയാകുന്ന മനുവും സൂര്യപുത്രനായി പറയപ്പെടുന്നു.
ഭൂമിയിലെ ജീവിവര്‍ഗ്ഗത്തിന്റെ ആദിമതത്ത്വങ്ങള്‍ അഥവാ ആദര്‍ശരൂപങ്ങളാണ് മനുവും ശതരൂപയും. ഇവര്‍ മനുഷ്യര്‍ക്ക് മാത്രമല്ല ആണ്‍-പെണ്‍ ഭേദമുള്ള എല്ലാ ജീവികള്‍ക്കും ആദിമാതൃകകളാകുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം മനുവും ശതരൂപയും മനുഷ്യരുടെ മാത്രം ആദിമതത്ത്വങ്ങളാണെങ്കില്‍ ഭൂമിയില്‍ മനുഷ്യരെയാണ് ആദ്യം സൃഷ്ടിച്ചതെന്ന അശാസ്ത്രീയ വാദം സ്വീകരിക്കേണ്ടി വരും. ഹൈന്ദവ പുരാണങ്ങള്‍ ഇത് അംഗീകരിക്കുന്നില്ല, മറിച്ച് ഭൗതിക ശാസ്ത്രപ്രകാരമുള്ള പരിണാമ സിദ്ധാന്തത്തെയാണ് അംഗീകരിച്ചിട്ടുള്ളത്.
ഒരു മന്വന്തരത്തിന്റെ അവസാനം മനു തുടങ്ങി ഇങ്ങോട്ടുള്ള എല്ലാ ജീവജാലങ്ങളും ലയം പ്രാപിക്കുന്നു. എന്നാല്‍ 14 മന്വന്തരങ്ങള്‍ ചേര്‍ന്ന ഒരു കല്‍പ്പത്തിന്റെ അന്ത്യത്തിലുണ്ടാകുന്ന പ്രാകൃത പ്രളയത്തില്‍ ബ്രഹ്മാവിന്റെ മാനസപുത്രന്മാരാകുന്ന സനകാദികള്‍, സപ്തര്‍ഷികള്‍, രുദ്രന്‍, ദക്ഷന്‍, നാരദന്‍, വസിഷ്ഠന്‍ മുതലായവരും ബ്രഹ്മാവില്‍ ലയിക്കുന്നു. ബ്രഹ്മാവ് തുടങ്ങി ഇങ്ങോട്ടുള്ളവരെല്ലാം സൃഷ്ടിയുടെ രൂപകല്‍പ്പനയിലെ സൂക്ഷ്മമാതൃകകളാകയാല്‍ പ്രളയം കഴിഞ്ഞ് സൃഷ്ടി വീണ്ടും ആരംഭിക്കുമ്പോള്‍ ഈ മാതൃകകള്‍ വീണ്ടും ആവിര്‍ഭവിക്കുന്നു. അതിനാല്‍ ഒരു പേരിലും ചിലപ്പോള്‍ വ്യത്യസ്ത പേരുകളിലും ഇവര്‍ വിളിക്കപ്പെടുന്നു.
മനു, ഇന്ദ്രന്‍ മുതലായവര്‍ സൂക്ഷ്മമാതൃകകള്‍ മാത്രമല്ല, അതത് ലോകത്തിന്റെ അധിപതികളുമാകുന്നു. അതിനാല്‍ ഓരോ മന്വന്തരത്തിലും സൃഷ്ടിയിലെ ഈ ഉന്നതപദവികള്‍ അര്‍ഹരായിട്ടുള്ളവര്‍ക്ക് നല്‍കുന്നു. കഴിഞ്ഞുപോയ മന്വന്തരത്തിലെ സത്യവ്രതനെന്ന രാജര്‍ഷിയുടെ ആത്മാവാണ് ഈ മന്വന്തരത്തിലെ ശ്രാദ്ധദേവന്‍ അഥവാ വൈവസ്വതന്‍. ഇപ്രകാരം തന്നെ ഭഗവാന്‍ വിഷ്ണുവിന്റെ അനുഗ്രഹം പ്രാപ്തമാക്കിയ ബലിചക്രവര്‍ത്തി ഇനി വരാനിരിക്കുന്ന എട്ടാമത്തെ മന്വന്തരത്തില്‍ ഇന്ദ്രന്റെ പദവി അലങ്കരിക്കുന്നതാണെന്നും പുരാണങ്ങള്‍ പറയുന്നുണ്ട്.
‘മനുസ്മൃതി’കര്‍ത്താവ്
ശ്രുതിയെ അഥവാ വേദത്തെ അടിസ്ഥാനമാക്കിയുള്ള ധര്‍മ്മസംഹിതകളാണ് സ്മൃതികള്‍. 18 മുതല്‍ 36 സ്മൃതികള്‍ വരെ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. അവയില്‍ പ്രധാനം പരാശര സ്മൃതി, നാരദ സ്മൃതി, യാജ്ഞവല്‍ക്യ സ്മൃതി, മനുസ്മൃതി എന്നിവയാണ്. മനുസ്മൃതിയുടെ കാലഘട്ടം ക്രിസ്തുവര്‍ഷത്തിനു മുന്‍പ് ഏതാണ്ട് 100 നും 300 നും ഇടയ്‌ക്കാണെന്നു പറയപ്പെടുന്നുണ്ട്. അത് ക്വിസ്ത്വാബ്ദത്തിനു മുന്‍പ് 1200 നും 1000 ത്തിനും ഇടയിലാണെന്ന വാദവുമുണ്ട്. ഇന്ന് ലഭ്യമായ മനുസ്മൃതി പല്‍ക്കാല രചനയാണെന്ന് കരുതുന്നവരുമുണ്ട്. മനുസ്മൃതിയോട് യോജിക്കുന്നവരിലും വിയോജിക്കുന്നവരിലും വലിയൊരു വിഭാഗം മനുവും മനുസ്മൃതിയും ഒന്നേയുള്ളൂ എന്ന തെറ്റിദ്ധാരണ പുലര്‍ത്തുന്നവരാണ്. മനുക്കള്‍ ഒരുപാട് പേരുണ്ടെന്ന ശരിയായ അറിവിന്റെ അഭാവത്തില്‍ പല അബദ്ധങ്ങളിലേക്കും ചെന്നെത്തുന്നവരുമുണ്ട്. മനുസ്മൃതികാരന്റെ പേരില്‍ മറ്റു മനുക്കളും പഴികേള്‍ക്കേണ്ടിവരുന്നു. മനുസ്മൃതിപോലും ശരിയായി വായിക്കാത്തവരാണ് പലപ്പോഴും അതിന്റെ വിമര്‍ശനകരാവുന്നതും, അത് അഗ്നിക്കിരയാക്കണമെന്ന് ആക്രോശിക്കുന്നവരും. ഭാരതീയമായ കാലഗണനയില്‍ വരുന്ന മന്വന്തരം എന്ന വാക്കുപോലും മനുവുമായി ബന്ധപ്പെട്ടതാണ്.
വേദോപനിഷത്തുകള്‍ക്കു ശേഷമാണ് സ്മൃതിയുടെ കാലം, കാരണം സ്മൃതി അവയുടെ അനുഗാമിയാണ്. വേദാംഗങ്ങളില്‍ ഒന്നായ ‘കല്‍പ്പം’ യാഗാനുഷ്ഠാനങ്ങളുടെ വിധികള്‍ അടങ്ങുന്നതാണല്ലോ. കല്‍പ്പസൂത്രങ്ങള്‍ മൂന്നുവിധത്തില്‍ വികാസം പ്രാപിച്ചു-ശ്രൗതസൂത്രം, ഗൃഹ്യസൂത്രം, ധര്‍മ്മസൂത്രം. ഇവയില്‍ ധര്‍മ്മസൂത്രങ്ങളാണ് സ്മൃതി എന്നറിയപ്പെടുന്നത്. അതിനാല്‍ ‘മനുസ്മൃതി’യുടെ കര്‍ത്താവാകുന്ന മനുവിന്റെ കാലവും മന്വന്തരത്തിന്റെ തുടക്കവും തമ്മിലുള്ള അന്തരം അചിന്ത്യമാണ്. ഇതിനാല്‍ മനുസ്മൃതി കര്‍ത്താവും ജീവിവര്‍ഗ്ഗത്തിന് തുടക്കംകുറിച്ച മനുവും ഒന്നല്ലെന്നത് പകല്‍പോലെ സ്പഷ്ടമാണ്.
(തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ മേധാവിയും തപസ്യ കലാസാഹിത്യ വേദി സംസ്ഥാന ഉപാധ്യക്ഷയുമാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: