രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച ഉപസംഹരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയില്‍ നടത്തിയ പ്രസംഗം ആത്മവിശ്വാസം തുളുമ്പുന്നതും, മൂന്നാമതും ജനങ്ങള്‍ അധികാരത്തിലേറ്റിയിരിക്കുന്ന എന്‍ഡിഎ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസും ‘ഇന്‍ഡി’ പ്രതിപക്ഷവും നടത്തുന്ന ശ്രമങ്ങളെ തുറന്നുകാട്ടുന്നതുമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും തങ്ങള്‍ ബിജെപിയെ തോല്പ്പിച്ചെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെ കുപ്രചാരണത്തെ പ്രധാനമന്ത്രി പൊളിച്ചടുക്കി എന്നുതന്നെ പറയാം. പരാന്നഭോജിയായ കോണ്‍ഗ്രസ് സഖ്യകക്ഷികളുടെ വോട്ട് അടിച്ചുമാറ്റുകയാണെന്നും, കോണ്‍ഗ്രസ് തനിച്ചു മത്സരിച്ച 16 സംസ്ഥാനങ്ങളില്‍ ആ പാര്‍ട്ടിയുടെ വോട്ടു വിഹിതം കുത്തനെ ഇടിഞ്ഞതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി. കോണ്‍ഗ്രസ് ഇപ്പോഴും ജീവശ്വാസമെടുക്കാന്‍ പാടുപെടുകയാണെന്നും, കഴിഞ്ഞ 40 വര്‍ഷമായി കോണ്‍ഗ്രസിന് 250 സീറ്റ് മറികടക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞ പ്രധാനമന്ത്രി, ഇത്തവണയും അവര്‍ക്ക് കനത്ത പരാജയമാണ് ഉണ്ടായിരിക്കുന്നതെന്നും പറഞ്ഞിരിക്കുന്നു. കഴിഞ്ഞ മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിലായി കോണ്‍ഗ്രസിന് ലഭിച്ച മൊത്തം സീറ്റുകളെക്കാള്‍ അധികം സീറ്റുകള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റയ്ക്ക് നേടിയിരിക്കുന്നു. ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സര്‍ക്കാരിന് ഭരിക്കാനുള്ള ഭൂരിപക്ഷവും ജനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ വസ്തുതകളൊക്കെ അക്കമിട്ടുനിരത്തി കോണ്‍ഗ്രസിന് കനത്ത പ്രഹരമാണ് പ്രധാനമന്ത്രി നല്‍കിയിരിക്കുന്നത്. അടിയേറ്റു വീണിരിക്കുന്ന കോണ്‍ഗ്രസിന് എഴുന്നേല്ക്കാന് ഏറെക്കാലം വേണ്ടിവരും.
പാര്‍ലമെന്റില്‍ നടത്തുന്ന കുപ്രചാരണത്തിന് കോണ്‍ഗ്രസ് മുന്നില്‍ നിര്‍ത്തുന്ന രാഹുലിനെ കണക്കറ്റ് പരിഹസിക്കാനും പ്രധാനമന്ത്രി മറന്നില്ല. പരീക്ഷയില്‍ 99 മാര്‍ക്ക് ലഭിച്ചതായി രാഹുല്‍ പ്രദര്‍ശിപ്പിച്ചു നടക്കുകയാണെന്നും, ഇതുപക്ഷേ നൂറിലല്ല 543 ലാണെന്ന് അധ്യാപകന് വന്നു പറഞ്ഞപ്പോഴാണ് പ്രതിപക്ഷത്തിന് മനസ്സിലായതെന്നുമുള്ള പരിഹാസത്തില്‍ കോണ്‍ഗ്രസ് ഞെളിപിരികൊണ്ടു. രാജ്യത്തെ പതിമൂന്ന് സംസ്ഥാനങ്ങളിലും പൂജ്യം സീറ്റുകള്‍ നേടിക്കൊടുത്ത രാഹുലിനെ ഹീറോയാക്കി കൊണ്ടുനടക്കുന്ന കോണ്‍ഗ്രസിന്റെ നാ
ണമില്ലായ്മയേയും പ്രധാനമന്ത്രി എടുത്തുകാട്ടി. സഭയില്‍ ഞങ്ങള്‍ ബാലക ബുദ്ധിയുടെ കളി കാണുകയായിരുന്നെന്നും, സഹതാപത്തിനു വേണ്ടിയുള്ള നാടകമാണിതെന്നും, എങ്ങനെ സംസാരിക്കണം എന്നുപോലും ഈ ബാലക ബുദ്ധിക്ക് അറിയില്ലെന്നുമൊക്കെ പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് രാഹുല്‍ നടത്തിയ നിലവാരമില്ലാത്ത കന്നിപ്രസംഗത്തെക്കുറിച്ച് രാഹുലിന്റെ പേര് പറയാതെ പ്രധാനമന്ത്രി പരിഹസിച്ചത് പ്രതിപക്ഷ ബഹളത്തിനിടയിലും സഭയില്‍ കൂട്ടച്ചിരിയുണര്‍ത്തി. നിന്നെക്കൊണ്ട് ഇതിനൊന്നും പറ്റില്ലെന്ന് രാജ്യം ഈ കുട്ടിയോട് പറഞ്ഞിരിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ പരാജയത്തിന്റെ പടുകുഴിയില്‍ വീണുകിടക്കുന്ന ഈ കോണ്‍ഗ്രസ് നേതാവിന്റെ ദയനീയമായ ചിത്രം വരച്ചുകാട്ടുന്നു. ഇങ്ങനെയൊരാളെയാണ് ലോക്സഭയിലെ പ്രതിപക്ഷ നേതാവാക്കി വാഴിച്ചിരിക്കുന്നതെന്ന് ഇപ്പോള്‍ മറ്റു പാര്‍ട്ടികള്‍ക്ക് തോന്നുന്നുണ്ടാവും. ഈ പാര്‍ട്ടികളില്‍ എത്രയെണ്ണം ഇനി കോണ്‍ഗ്രസിനൊപ്പം ഉണ്ടാവുമെന്ന് കണ്ടറിയണം.
രാജ്യത്ത് ഹിന്ദുഭീകരത ഉണ്ടെന്നുവരുത്താന്‍ യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് ശ്രമിക്കുകയുണ്ടായി. മന്ത്രിയായിരുന്ന പി. ചിദംബരവും മരിച്ചുപോയ കോണ്‍ഗ്രസ് നേതാവ് എ.ആര്. ആന്തുലെയുമൊക്കെ ഇതിന് ശ്രമിച്ചവരാണ്. നെഹ്റു കുടുംബത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും പൂര്‍ണ്ണ പിന്തുണ ഇതിനുണ്ടായിരുന്നു. ഹിന്ദുവിരുദ്ധമായിരുന്ന അന്നത്തെ കോണ്‍ഗ്രസ് ഭരണകൂടത്തെ അധികാരത്തില്‍നിന്ന് ഇറക്കിയാണ് ബിജെപിക്കും നരേന്ദ്രമോദിക്കും ഭരിക്കാനുള്ള അവസരം ജനങ്ങള്‍ നല്‍കിയത്. ഇത്തരമൊരു ജനവിധി രണ്ട് വട്ടംകൂടി ആവര്‍ത്തിച്ചിരിക്കുകയാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണം പതിനൊന്നാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഹിന്ദു വിരോധത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല. രാഹുലിന്റെ വാക്കുകള്‍ ഇതാണ് കാണിക്കുന്നത്. ഇതിനെതിരെ ശക്തമായ കടന്നാക്രമണമാണ് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയത്. ഹിന്ദുക്കളെ ആക്രമണകാരികളായി കാണുന്ന കോണ്‍ഗ്രസിന് രാജ്യം ഒരുകാലത്തും മാപ്പു നല്‍കില്ലെന്നു പറഞ്ഞ പ്രധാനമന്ത്രി, കോണ്‍ഗ്രസിന്റെ ഹിന്ദുവിരുദ്ധ അജണ്ടയെ തുറന്നുകാട്ടിയിരിക്കുകയാണ്. അടിയന്തരാവസ്ഥയില്‍ സ്വേച്ഛാധിപത്യ ഭരണം നടത്തിയവരുടെ ഭരണഘടനാ സ്നേഹം തട്ടിപ്പാണ്. രാജ്യത്തെ പലതായി മുറിച്ചവര്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ പിരിച്ചുവിടുകയുമുണ്ടായി. കോണ്‍ഗ്രസിന്റെ ദളിത് വിരോധത്തില്‍ പ്രതിഷേധിച്ച് നെഹ്റു മന്ത്രിസഭയില്‍ നിന്ന് രാജിവച്ച അംബേദ്കറുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചത് ജവഹര്‍ലാല്‍ നെഹ്റുവാണെന്നും, മണ്ഡല് കമ്മീഷന് റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചത് കോണ്‍ഗ്രസാണെന്നും, സംവരണത്തിന്റെ ബദ്ധശത്രുവായിരുന്നു രാജീവ് ഗാന്ധിയെന്നുമൊക്കെ ഓര്‍മിപ്പിച്ച പ്രധാനമന്ത്രി കോണ്‍ഗ്രസിന്റെ പിന്നാക്ക-ദളിത് സ്നേഹത്തിന്റെ മുഖംമൂടിയാണ് വലിച്ചുകീറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: