പുനലൂര്‍: കേരളത്തിലെ ഏറ്റവും ചരിത്രപരമ്പര്യമുള്ള ജില്ലയാണ് കൊല്ലം. ഏറെ ചരിത്ര സ്മാരകങ്ങളും, പ്രത്യേകതകള്‍ നിറഞ്ഞ സ്ഥലങ്ങളുമുണ്ട്. ഇതില്‍ സൂര്യാസ്തമയവും, ചന്ദ്രോദയവും ഒരേ സമയം ദര്‍ശിക്കാവുന്ന മനോഹര തീരമായ തങ്കശ്ശേരിയും, തങ്കശ്ശേരി കോട്ടയും എടുത്തു പറയേണ്ടതാണ്.
ഗതകാല സ്മരണ ഉണര്‍ത്തുന്ന പുനലൂര്‍ തൂക്കുപാലം, ചരിത്രവും പുരാണവും കൈകോര്‍ക്കുന്ന കോട്ടുക്കല്‍ ഗുഹാക്ഷേത്രം എന്നിവ എടുത്തു പറയേണ്ട ജില്ലയിലെ പുരാവസ്തു സംരക്ഷിത കേന്ദ്രങ്ങളാണ്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഈ പുരാവസ്തു സ്മാരകങ്ങള്‍ ശരിയായി ഇന്നും സംരക്ഷിക്കപ്പെടുന്നില്ല എന്നതാണ് ചരിത്ര വസ്തുത.
ഡച്ചുകാര്‍ പണിത തങ്കശ്ശേരികോട്ടയുടെ അവശിഷ്ടങ്ങള്‍ ചിത്രസ്മാരകമായി ഇന്നുമുണ്ടെങ്കിലും ശരിയായ രീതിയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഒന്നും ചെയ്തിട്ടില്ല. പോര്‍ച്ചുഗീസ് വാസ്തുവിദ്യ രീതിയില്‍ നിര്‍മിക്കപ്പെട്ട കോട്ട പല സ്ഥലങ്ങളിലും കാടുമൂടിയ നിലയിലാണ്. ചരിത്ര ശേഷിപ്പുകളെ പുരാവസ്തു വകുപ്പും മാറി മാറി വന്ന സര്‍ക്കാറുകളും കണ്ടില്ലെന്ന് നടിക്കുകയാണ്.
ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ തലയെടുത്തു നില്ക്കുന്ന പുനലൂര്‍ തൂക്കുപാലം 1872-ല്‍ നിര്‍മാണം തുടങ്ങി 1877-ല്‍ പണി പൂര്‍ത്തിയാക്കി, 147 വര്‍ഷം പിന്നിടുന്നു. വല്ലപ്പോഴും പുറമെ കുറച്ച് പരിഷ്ക്കാരങ്ങള്‍ നടത്തുന്നെങ്കിലും ഇന്നും പാലത്തിന്റെ പ്രൗഡി പുറംലോകത്ത് എത്തിക്കുമാറ് യാതൊരു കാര്യങ്ങളും ഇവിടെ ചെയ്തിട്ടില്ല.
തൂക്കുപാലത്തിന് സമീപപ്രദേശങ്ങളിലെ സൗന്ദര്യവത്ക്കരണംഉള്പ്പെടെ നടത്തി സഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുവാന്‍ പുനലൂര്‍ നഗരസഭാ അധികൃതര്‍ക്കുമായിട്ടില്ല. ഏറെക്കാലം അടച്ചിട്ടിരുന്ന പാലം അറ്റകുറ്റപണികള്‍ നടത്തി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് തുറന്നുകൊടുത്തത്.
വാസ്തുശില്പഭംഗിയും തച്ചുശാസ്ത്ര വൈദഗ്ധ്യവും ഇടകലര്‍ന്ന ശിലാ ക്ഷേത്രമായ കോട്ടുക്കല്‍ ഗുഹാക്ഷേത്രത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. പാറകൊത്തി നിര്‍മിച്ച സമചതുരാകൃതിയിലുള്ള രണ്ടു മുറികളും, ക്ഷേത്രത്തിന് മുന്നിലായി കല്ലില്‍ കൊത്തിവച്ച ഹനുമാന് രൂപം, മുറിയുടെ മധ്യഭാഗത്തായി ഗണപതി പ്രതിമ, വാനര രൂപത്തിന് താഴെയായി നന്ദികേശ പ്രതിമ… തുടങ്ങിയവ ഒറ്റ പാറയില്‍ പണിതീര്‍ത്ത നിലയിലാണ് ഈ ക്ഷേത്രം നിലനില്‍ക്കുന്നത്.
ദൂരക്കാഴ്ചയില്‍ ആന ചരിഞ്ഞു കിടക്കുകയാണ് എന്ന് തോന്നിക്കുന്ന ഈ ചരിത്ര പൈതൃകത്തില്‍ പുരാവസ്തു വകുപ്പും, ഇക്കോടൂറിസം വകുപ്പും കൊട്ടിഘോഷിച്ച് ചില പരിഷ്ക്കാരങ്ങള്‍ നടപ്പാക്കിയെന്ന് പറയുമ്പോഴും ഇന്നും അവഗണന പേറുന്ന ചരിത്ര സ്മാരകമായി തുടരുന്നു.
ക്ഷേത്രത്തിന് മുന്നിലൂടെയുള്ള റോഡ് കാലങ്ങളായി സഞ്ചാരയോഗ്യമല്ലാതായി തീര്‍ന്നിട്ടുണ്ട്. പല്ലവരാജാക്കന്മാരുടെ കാലഘട്ടത്തിന് നിര്‍മിച്ചതെന്നു കരുതുന്ന ഈ ക്ഷേത്രത്തെക്കുറിച്ച് നിരവധി ഐതീഹ്യകഥകള്‍ നിലനില്‍ക്കുന്നുണ്ട്. പുരാവസ്തു വകുപ്പ് ഇതിന്റെ പുരോഗതിയ്ക്കായി ഗൗരവമായി ഇടപെട്ടാല്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും, ഭക്തജനങ്ങള്‍ക്കും ഉപകാരപ്രദമാകും.
ഇത്തരം ചരിത്ര-പുരാവസ്തു സ്മാരകങ്ങള്‍ക്ക് നേരെ പുരാവസ്തു വകുപ്പിന്റെയും, സര്‍ക്കാറിന്റേയും ശ്രദ്ധ പതിഞ്ഞാല്‍ ജില്ലയുടെ തന്നെ അഭിമാനസ്തംമ്പങ്ങളായ ഈ ചരിത്ര സ്മാരകങ്ങള്‍ മൂലമാകും ജില്ലയെ പുറം ലോകം നോക്കി കാണുക എന്നതാണ് ചരിത്ര സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: