കോണ്‍ഗ്രസ് നേതാവായ രാഹുലിനെ ലോക്സഭയിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തപ്പോള്‍ പലര്‍ക്കുമുണ്ടായ ആശങ്ക ശരിവയ്ക്കുന്നതാണ് ഈ നേതാവ് സഭയില്‍ നടത്തിയ കന്നിപ്രസംഗം. പാര്‍ലമെന്റിനകത്തും പുറത്തും തരംതാണ രീതിയില്‍ പെരുമാറുകയും പ്രസംഗിക്കുകയും ചെയ്തിട്ടുള്ളതിന്റെ തനിയാവര്‍ത്തനമാണ് പുതിയ പ്രതിപക്ഷ നേതാവിന്റെ കന്നി പ്രസംഗത്തിലും കണ്ടത്. നിരുത്തരവാദപരമായും മറ്റുള്ളവര്‍ക്ക് മാനഹാനിയുണ്ടാക്കുന്ന വിധത്തിലും പ്രസംഗിച്ചതിന് നിരവധി കേസുകളില്‍ പ്രതിയായിട്ടുള്ള വ്യക്തിയാണ് രാഹുല്‍. ഇവയില്‍ ചിലതില്‍നിന്ന് മാപ്പപേക്ഷിച്ച് തലയൂരുകയും ചെയ്തിട്ടുണ്ട്. ചില കേസുകള്‍ തുടരുകയാണ്. മാനനഷ്ടക്കേസില്‍ ഗുജറാത്തിലെ കോടതി വിധിച്ച ശിക്ഷ സ്റ്റേ ചെയ്തിരിക്കുകയാണ്. പാര്‍ലമെന്റംഗം എന്ന നിലയ്ക്ക് ലോക്സഭയില്‍ മോശമായി പെരുമാറിയിട്ടുള്ളതിന്റെ ഒരു പരമ്പര തന്നെയുണ്ട്. ഡോ. മന്മോഹന് സിങ് പ്രധാനമന്ത്രിയായിരിക്കെ സ്വന്തം സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് കീറിയെറിഞ്ഞതും, പ്രസംഗത്തിനുശേഷം സ്വന്തം പാര്‍ട്ടിക്കാരെ നോക്കി കണ്ണിറുക്കി കാണിച്ചതും, സഭാമര്യാദകള്‍ പാലിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതും ഇവയില്‍ ചിലതുമാത്രം. സഭയുടെ നടപടിക്രമങ്ങളും കീഴ്വഴക്കങ്ങളും അറിയാതെയും മനസ്സിലാക്കാന്‍ ശ്രമിക്കാതെയും തോന്ന്യാസങ്ങള് കാണിച്ചതിന് സഭ നിയന്ത്രിക്കുന്നവരില്‍നിന്ന് ശകാരംപോലും കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. ഇതൊന്നും നെഹ്റുകുടുംബത്തിന്റെ ഈ പിന്മുറക്കാരന് ഒരു പ്രശ്നമായി തോന്നിയിട്ടില്ല. ഒരു കോമാളിയെപ്പോലെ പതിവ് കലാപരിപാടികള്‍ തുടരുകയായിരുന്നു. ഇതിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ് പ്രതിപക്ഷനേതാവായ ശേഷം നടത്തിയ പ്രകടനം.
പ്രസംഗത്തിലുടനീളം ഹിന്ദുക്കളെ അധിക്ഷേപിക്കാനാണ് രാഹുല്‍ സമയം കണ്ടെത്തിയത്. ഹിന്ദുക്കളെന്നു പറയുന്നവര്‍ സംഘര്‍ഷവും വെറുപ്പുമുളവാക്കുന്നവരാണെന്നു പറഞ്ഞ രാഹുല്‍ ന്യൂനപക്ഷങ്ങളായ മുസ്ലിങ്ങളെ ബിജെപി ഭയപ്പെടുത്തുകയാണെന്നും ആരോപിച്ചു. ‘നീറ്റ്’ പരീക്ഷയ്ക്കെതിരെയും അഗ്നിവീര്‍ പദ്ധതിക്കെതിരെയും വിദ്യാര്‍ത്ഥികളിലും തൊഴിലന്വേഷകരിലും ഭയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും, വ്യവസായികളായ മുകേഷ് അംബാനിക്കും ഗൗതം അദാനിക്കുമെതിരെ ശകാരം ചൊരിയുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ഗീബല്‍സിയന്‍ രീതിയില്‍ പ്രചരിപ്പിച്ച കാര്യങ്ങളാണ് ഇവയെല്ലാം. അന്ധമായ രാഷ്ട്രീയ വിരോധത്തില്‍ അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞതിന് ബിജെപിയില്‍നിന്നും പ്രധാനമന്ത്രിയായ മോദിയില്‍നിന്നും വായടപ്പിക്കുന്ന മറുപടിയും പലതവണ ലഭിച്ചതാണ്. എന്നിട്ടും പുതുതായൊന്നും പറയാനില്ലാതെ ഒരു കോമാളിയെപ്പോലെ മണ്ടത്തരങ്ങള്‍ വിളിച്ചുകൂവുകയാണ്. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കോണ്‍ഗ്രസ് നേതാവ് പറയുന്നതെന്ന് പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഇതൊന്നും വകവയ്ക്കാതെ നുണകളുടെ കോട്ടകെട്ടി സ്വന്തം പാര്‍ട്ടിയെ പ്രതിരോധിക്കാനും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ് രാഹുല്‍ ശ്രമിച്ചത്. ഇതൊക്കെ സഭാരേഖയില്‍നിന്ന് നീക്കം ചെയ്ത സ്പീക്കറുടെ നടപടി ഉചിതമാണ്. സഭാതലം മര്യാദയോടെ പെരുമാറുന്നവര്‍ക്കും സംവദിക്കുന്നവര്‍ക്കുമുള്ളതാണ്. ഇതിന് വിരുദ്ധമായി എന്തും വിളിച്ചുകൂവുന്നത് അനുവദിക്കാന്‍ പാടില്ല. ദുര്‍ഗുണപരിഹാര പാഠശാലയില്‍ പറഞ്ഞുവിടേണ്ടവര്‍ പാര്‍ലമെന്റംഗങ്ങളായാല്‍ സര്‍ക്കാരിനല്ല, ജനാധിപത്യത്തിനുതന്നെയാണ് ദോഷം.
കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് കുറച്ചു സീറ്റുകള്‍ കൂടുതല്‍ ലഭിച്ചതിന്റെ അഹങ്കാരം എന്നതിനുപരി, മൂന്നാം തവണയും അധികാരം കൈവിട്ടുപോയതിന്റെ അഹങ്കാരവും അമര്‍ഷവും നിരാശയുമാണ് കോണ്‍ഗ്രസിനെ ഭരിക്കുന്നത്. സര്‍ക്കാരിനെ സ്വസ്ഥമായി ഭരിക്കാന്‍ അനുവദിക്കില്ലെന്നത് ഒരു നയമായി കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നു.
അധികാര നഷ്ടത്തില്‍ തുല്യദുഃഖിതരും അഴിമതിക്കാരുമായ മറ്റ് പ്രതിപക്ഷപാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയാണ്. സ്വസ്ഥമായി ഭരിക്കാന്‍ അനുവദിക്കാതിരുന്നാല്‍ അഴിമതിക്കേസുകളില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്. നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ സോണിയയും രാഹുലും പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ജാമ്യത്തിലാണ്. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ കേസില്‍ സോണിയയുടെ പങ്ക് വ്യക്തമാക്കുന്ന ഇറ്റാലിയന്‍ കോടതിവിധി അടുത്തിടെ പുറത്തുവന്നതായി മാധ്യമ റിപ്പോര്‍ട്ടുകളുണ്ട്. ഈ കേസുകൂടി വരുന്നതോടെ നെഹ്റു കുടുംബം വെട്ടിലാവും. ഇത് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി ചങ്ങാത്തം കൂടുന്നത്. ഹിന്ദുക്കളെ ശിഥിലീകരിക്കുകയും മുസ്ലിങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത്. ഈ നയം തുടര്‍ന്നാല്‍ കൂടുതല്‍ രാഷ്ട്രീയ നേട്ടമുണ്ടാകുമെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിനുള്ളത്.
പാര്‍ലമെന്റിലെ രാഹുലിന്റെ വിദ്വേഷ പ്രസംഗം ഇതിന്റെ ഭാഗമാണ്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ടല്ലാതെ രാഷ്ട്രീയനേട്ടമുണ്ടാക്കാനാവില്ലെന്നു കരുതുന്ന കോണ്‍ഗ്രസിന്റെ കുതന്ത്രങ്ങളെ പാര്‍ലമെന്റിനകത്തും പുറത്തും തുറന്നുകാട്ടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: