റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനൽ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
കേസിലെ ഇരുവിഭാഗം അഭിഭാഷകരും കോടതിയിൽ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥർ റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി സിദ്ദിഖ് തുവ്വൂരും റഹീമിനൊപ്പം കോടതിയിൽ ഹാജരായി. കോടതിയിലെ വിർച്വൽ സംവിധാനത്തിലൂടെയാണ് കോടതി റഹീമിനെ കണ്ടത്. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് കോടതി വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവിൽ ഒപ്പ് വെച്ചത്. കോടതിയിൽ എംബസി വഴി കെട്ടിവെച്ച ഒന്നരക്കോടി റിയാലിന്റെ ചെക്ക് കോടതി കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിക്ക് കൈമാറി.
വധശിക്ഷ റദ്ദാക്കിയതോടെ അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായി. ഇനി അബ്ദുറഹീമിന്റെ മോചനത്തിനുള്ള ഉത്തരവ് കോടതി പുറപ്പെടുവിച്ചാല്‍, ജയില്‍ മോചിതനാക്കി നാട്ടിലേക്ക് കയറ്റി വിടാനുള്ള നടപടികള്‍ ഗവര്‍ണറേറ്റ് സ്വീകരിക്കും. മോചനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കടമ്പകള്‍ കടന്ന സന്തോഷത്തിലാണ് 16 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന റിയാദിലെ നിയമസഹായ സമിതി.
സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി അബ്ദുൽ റഹീം ജയിലിൽ കഴിയുകയാണ്. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് ദയധനമായ ഒന്നര കോടി സൗദി റിയാൽ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: