ആലപ്പുഴ: 15 വര്‍ഷം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. മാന്നാര്‍ സ്വദേശി അനിലിന്റെ ഭാര്യ കലയെയാണ് ദുരൂഹസാഹചര്യത്തിൽ കാണാതായത്. ഇവര്‍ കൊല്ലപ്പെട്ടതായി ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ മൊഴി നല്‍കിയതായാണ് പോലീസ് പറയുന്നത്. ഇതേത്തുടർന്ന് പോലീസ് പരിശോധന തുടങ്ങി. അനിലിന്റെ വീട്ടുവളപ്പിലെ ശൗചാലയത്തോട് ചേർന്ന് കൊന്നു കുഴിച്ചുമൂടിയതായാണ് സംശയം.
അഞ്ച് പേര്‍ ചേര്‍ന്ന് കലയെ കൊന്ന് കുഴിച്ച് മൂടിയെന്നായിരുന്നു പോലീസിന് ലഭിച്ച രഹസ്യവിവരം. സംഭവത്തിൽ നാല് പേരെ പോലീസ്അറസ്റ്റ് ചെയ്തു. പിടിയിലായവർ യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. അഞ്ചാമത്തെ പ്രതിക്കായുളള അന്വേഷണം തുടർന്ന പോലീസ് വിവരം പുറത്തറിയിച്ചിരുന്നില്ല. ഇതുവരെയായിട്ടും അഞ്ചാമനെ അന്വേഷണ സംഘത്തിന് കണ്ടെത്താൻ സാധിച്ചിട്ടില്ല.
കലയെ കാണാതായ സമയത്ത് ബന്ധുക്കള്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇതില്‍ കാര്യമായ തുടരന്വേഷണം നടന്നിരുന്നില്ല. പിന്നീട് അനില്‍ വിദേശത്തേക്ക് ജോലി ആവശ്യാര്‍ഥം പോകുകയായിരുന്നു. ഇയാള്‍ വീണ്ടും വിവാഹിതനാകുകയും ചെയ്തു. എന്നാല്‍, കല കൊല്ലപ്പെട്ടതാണെന്ന് പോലീസിന് നിരന്തരമായി ഊമക്കത്ത് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കല കൊല്ലപ്പെട്ടതാകാമെന്ന നിഗമനത്തിലെത്തിയത്.
കലയെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടുവെന്നാണ് സുഹൃത്തുക്കളുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു. അനിലിന്റെയും കലയുടെയും പ്രണയ വിവാഹമായിരുന്നു. ഇരു ജാതികളിലുംപെട്ട ഇവരുടെ വിവാഹം ബന്ധുക്കളുടെ സമ്മതമില്ലാതെയായിരുന്നു നടന്നത്. 20 വയസ്സുള്ളപ്പോഴാണ് കലയെ കാണാതാകുന്നത്. സംഭവത്തില്‍ ഏറെ ദുരൂഹതയുള്ളതായി പോലീസ് പറഞ്ഞു.
കലയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചതാണ്. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ടുസഹോദരന്മാരാണുള്ളത്. സാധാരണക്കാരായ ഇവരാരും പിന്നീട് പരാതിയുമായി പോയില്ല. കലയുമായുള്ള ബന്ധത്തില്‍ അനിലിന് ഒരുമകനുണ്ട്. രണ്ടാമത്തെ വിവാഹത്തില്‍ രണ്ടുമക്കളും. നാട്ടില്‍ കെട്ടിട നിര്‍മാണ കരാറുകാരനായിരുന്ന ഇയാള്‍ രണ്ടുമാസം മുമ്പാണ് ഇസ്രയേലിലേക്ക് ജോലിക്കായി പോയതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: