അരൂർ: കഞ്ചാവ് കേസിൽ കഴിഞ്ഞ ദിവസം ഒഡിഷയിൽ നിന്നും കേരള പൊലീസ് അറസ്റ്റു ചെയ്ത ഒഡിഷ സ്വദേശിയായ ദമ്പാറു ഹെയ്‌ലി (26) നടത്തിയിരുന്നത് വലിയതോതിലുള്ള കഞ്ചാവ് കൃഷി. ഒഡിഷയിലെ റായഗഢ് ജില്ലയിലെ വനമേഖല കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ കഞ്ചാവ് തോട്ടം. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയായതിനാൽ, മറ്റു ശല്യങ്ങളൊന്നുമില്ലാതെയാണ് ദമ്പാറു കഞ്ചാവ് കൃഷി നടത്തിയിരുന്നത്. വനമേഖലയിൽ കൃഷി ചെയ്ത് വിളവെടുക്കുന്ന കഞ്ചാവ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചിരുന്നതും ദമ്പാറു തന്നെയാണ്.
അതിസാഹസികമായാണ് അരൂർ പൊലീസ് ദമ്പാറുവിനെ ഒഡിഷയിലെത്തി പിടികൂടിയത്. ഇയാളിലേക്ക് പൊലീസ് എത്തിയതാകട്ടെ വിൽക്കുന്നതിനായി അരൂരിൽ എത്തിച്ച 20.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയതോടെയും. കഴിഞ്ഞ മാസം 18-നാണ് ഒഡിഷ റിച്ചാപുർ സ്വദേശി ലക്ഷ്മൺ (39), അംബോഡല സ്വദേശി വിജേന്ദ്ര (36) എന്നിവരെ കഞ്ചാവുമായി പിടികൂടിയത്. അന്യസംസ്ഥാന തൊഴിലാളികൾ അടക്കമുള്ളവർക്ക് വിതരണം ചെയ്യാനായാണ് ഇവർ കഞ്ചാവ് എത്തിച്ചത്.
ഇവരെ ചോദ്യം ചെയ്തതിൽനിന്നാണ് പ്രധാന പ്രതിയായ ദമ്പാറുവിനെ കുറിച്ച് സൂചന ലഭിച്ചത്. പിടിയിലായ ലക്ഷ്മണെയും കൂട്ടി ഒഡിഷയിലെത്തിയാണ് പോലീസ് ദമ്പാറു ഹെയ്‌ലിനെ പിടികൂടിയത്. റായ്ഗഢ് ജില്ലയിലെ വന മേഖലയോടു ചേർന്ന് കഞ്ചാവുകൃഷി ചെയ്യുന്ന ഇയാൾ മൂന്നുമാസമായി വൻതോതിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് ഇത് കൂട്ടുപ്രതികളുടെ സഹായത്തോടെ കടത്തുകയായിരുന്നു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മേയ് മാസം കുറഞ്ഞ അളവിൽ കഞ്ചാവുമായി പിടിയിലായ അതിഥിത്തൊഴിലാളിയുടെ മൊഴിയാണ് വൻ കഞ്ചാവ് വേട്ടയിലേക്ക് പോലീസിനെ നയിച്ചത്. കിട്ടിയ വിവരം വച്ച് പോലീസ് ദിവസങ്ങളായി തുടർന്ന കാത്തിരിപ്പിനു പിന്നാലെയാണ് ജൂൺ 18-ന് 20.5 കിലോഗ്രാം കഞ്ചാവ് പിടിച്ചത്.
ഒഡിഷയിൽനിന്ന് ട്രോളി ബാഗിൽ കഞ്ചാവ് നിറച്ച് യാത്രക്കാരനെന്ന വ്യാജേന തീവണ്ടിയിലെത്തി താൻ വാടകയ്‌ക്ക് താമസിക്കുന്ന അരൂർ അമ്പലത്തിന്റെ കിഴക്കുഭാഗത്തെ വീട്ടിലെത്തിയപ്പോഴാണ് ലക്ഷ്മണെ പോലീസ് പിടികൂടിയത്. വീട്ടിലുണ്ടായിരുന്ന വിജയേന്ദ്രയെയും പോലീസ് പിടികൂടി. തുടരന്വേഷണമാണ് സാഹസികമായത്. ജൂൺ 26-ന് റോഡുമാർഗം അരൂർ എസ്.എച്ച്.ഒ. പി.എസ്. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഒഡിഷയ്‌ക്ക് പുറപ്പെട്ടു.
1800 കിലോമീറ്റർ ദൂരം സഞ്ചരിച്ച് റായ്ഗഢ് ജില്ലയിലെത്തിയ ഇവർ പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ അറിയിച്ചു. വനമേഖലയോടടുത്ത താഴ്‌വാരം മാവോവാദി മേഖലയുയാണ്. അപ്രതീക്ഷിതമായെത്തിയ കേരള പോലീസിനു മുന്നിൽ കീഴടങ്ങാൻ മാത്രമേ ദമ്പാറുവിനായുള്ളു.
അധികനേരം പ്രദേശത്ത് തങ്ങുന്നത് അപകടമാണെന്നു മനസ്സിലാക്കിയ അരൂർ പോലീസ് പിന്നെ 1800 കിലോമീറ്റർ നിർത്താതെ തിരികെ വാഹനം ഓടിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ സാജൻ, പോലീസ് ഉദ്യോഗസ്ഥരായ ശ്യാംജിത്ത്, വിജേഷ്, ഷുനൈസ് എന്നിവരാണ് ഒഡിഷയിൽ ഓപ്പറേഷനായി പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: