മലപ്പുറം: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മത്തിന് പോയ തീര്‍ത്ഥാടകരുടെ ആദ്യ സംഘം കരിപ്പൂരില്‍ തിരിച്ചെത്തി. കരിപ്പൂരില്‍ നിന്ന് മെയ് 21 ന് പുലര്‍ച്ചെ ആദ്യ ഹജ്ജ് വിമാനത്തില്‍ പുറപ്പെട്ട 166 ഹാജിമാരാണ് ഇന്നലെ വൈകിട്ട് 4.15 ന് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ തിരിച്ചെത്തിയത്.
മുക്കാല്‍ മണിക്കൂറിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ടെര്‍മിനലിന് പുറത്തെത്തിയ ഹാജിമാരെ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. 161 തീര്‍ത്ഥാടകരുമായി രണ്ടാമത്തെ ഹജ്ജ് വിമാനം ഇന്നലെ 8.30 ഓടെ തിരിച്ചെത്തി.
ഹാജിമാരെ സഹായിക്കുന്നതിനായി സെല്‍ ഓഫീസര്‍ പി.കെ. മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ 17 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്ന് ഇത്തവണ മൂന്ന് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് ഹാജിമാര്‍ യാത്രതിരിച്ചത്.
കൊച്ചിയിലേക്കും കണ്ണൂരിലേക്കുമുള്ള മടക്കയാത്രാ വിമാനങ്ങള്‍ ജൂലായ് 10ന് ആരംഭിക്കും. സൗദി എയര്‍ലൈന്‍സാണ് കൊച്ചിയിലും കണ്ണൂരിലും സര്‍വ്വീസ് നടത്തുന്നത്. കൊച്ചിന് എമ്പാര്‍ക്കേഷന്‍ പോയിന്റിലേക്കുള്ള ആദ്യ വിമാനം ജൂലൈ 10ന് രാവിലെ 10.35നും കണ്ണൂരിലേക്കുള്ള ആദ്യ സര്‍വ്വീസ് 10ന് ഉച്ചക്ക് 12 നുമാണെത്തുന്നത്. കേരളത്തിലേക്ക് മൊത്തം 89 സര്‍വ്വീസുകളാണുള്ളത്. കോഴിക്കോട് 64, കൊച്ചി 16, കണ്ണൂര്‍ 9 സര്‍വ്വീസുകളുണ്ടാകും. ജൂലൈ 22നാണ് അവസാന സര്‍വ്വീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: