തൃശ്ശൂര്‍: കേരള കാര്‍ഷിക സര്‍വ്വകലാശാല ഉള്‍പ്പെടെ ആറ് സര്‍വ്വകലാശാലകളിലേക്ക് വിസി നിയമനത്തിനായി സേര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണറുടെ തീരുമാനം വളരെ മികച്ചതും സ്വാഗതാര്‍ഹവുമെന്ന് കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘും, വര്‍ക്കേഴ്സ് സംഘും വ്യക്തമാക്കി.
കഴിഞ്ഞ കുറച്ച് നാളുകളായി തങ്ങളുന്നയിക്കുന്ന ആവശ്യം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും സര്‍വ്വകലാശാലകളുടെ നിലവാരം വീണ്ടെടുക്കാന്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്ന ചാന്‍സലര്‍ കൂടി ആയിട്ടുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അഭിനന്ദനം അര്‍ഹിക്കുന്നതായും എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി അനൂപ് ശങ്കരപ്പിള്ള, വര്‍ക്കേഴ്സ് സംഘ് ജനറല്‍ സെക്രട്ടറി ബിജു പി. എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന് വേണ്ടി പലതവണ പ്രതിനിധികളെ ആവശ്യപ്പെട്ടെങ്കിലും അധികാരത്തിന്റെ ധാര്‍ഷ്ട്യം ബാധിച്ച് അന്ധരായ ഇടത് വലത് രാഷ്ട്രീയപാര്‍ട്ടികളുടെ സര്‍വ്വകലാശാല ഉപജാപകര്‍ ഒഴിഞ്ഞുമാറുകയായിരുന്നു നാളിതുവരെ. ഇത്തരം പ്രവണതകളിലൂടെ കേരളത്തിലെ സര്‍വ്വകലാശാലകളുടെ നിലവാരം ഒന്നിനൊന്ന് താഴേക്ക് പോകുന്ന കാഴ്ചയാണ് കേരളം കഴിഞ്ഞ കുറെ നാളുകളായി കണ്ടുകൊണ്ടിരിക്കുന്നത്. ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികളുടെ നോമിനിയെന്ന യോഗ്യത മാത്രം മാനദണ്ഡമാക്കി സര്‍വ്വകലാശാല വിസിമാരെ നിയമിക്കുന്ന രീതിക്ക് പകരം ഇനി കൃത്യമായ മാനദണ്ഡം പാലിച്ച് കഴിവും അര്‍ഹതയും യോഗ്യതയും സ്വഭാവശുദ്ധിയും, അഴിമതിക്കറ തൊട്ട് തീണ്ടാത്തവരും മാത്രമാവും നിയമിതരാകുന്നതെന്ന് ഉറപ്പാണ്. അതിന് ചാന്‍സലര്‍ക്ക് കൂടുതല്‍ കരുത്തേകുന്നതാണ് അടുത്ത കാലത്ത് വന്ന സുപ്രീംകോടതി, ഹൈക്കോടതി വിധികള്‍.
വര്‍ഷങ്ങളായി ഇന്‍ ചാര്‍ജ് ഭരണത്തില്‍ പോകുന്ന കാര്‍ഷിക സര്‍വ്വകലാശാലയിലെ ഭരണ, ഗവേഷണ വിഭാഗം മേധാവികളുടെ തസ്തികകളില്‍ കൂടി സ്ഥിരം മേധാവിമാരെ നിയമിക്കാന്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: