ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉയരപ്പാത നിര്‍മാണം നടക്കുന്ന അരൂര്‍ മുതല്‍ തുറവൂര്‍ വരെയുള്ള ഭാഗത്തെ സര്‍വീസ് റോഡ് ടാറിങ്ങിനായി നാളെ മുതല്‍ ഗതാഗതം നിയന്ത്രിക്കാന്‍ തീരുമാനം. മൂന്ന് ദിവസത്തേക്കാണ് ഗതാഗത നിയന്ത്രണം. ഫ്ലൈ ഓവറിനോട് ചേര്‍ന്നുള്ള കിഴക്കുവശത്തെ സര്‍വീസ് റോഡാണ് ആദ്യം ടാര്‍ ചെയ്യുക.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ജില്ലയില്‍ അടുത്ത മൂന്ന് ദിവസം പച്ച അലര്‍ട്ടാണ്. ഈ ദിവസങ്ങളില്‍ ടാറിങ് പണി പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. മഴ പെയ്യുന്ന സാഹചര്യത്തില്‍ ടാറിങ് ഒരു ദിവസത്തേക്ക് നീട്ടിവെക്കും. ഈ ദിവസങ്ങളില്‍ ഫ്ലൈഓവറിനോട് ചേര്‍ന്നുള്ള കിഴക്കുഭാഗത്തെ സര്‍വീസ് റോഡാണ് ടാര്‍ ചെയ്യുക.
ദേശീയപാതയുടെ അരൂക്കുറ്റി ബസ്റ്റോപ്പ് മുതല്‍ തുറവൂര്‍ ജങ്ഷന് വരെയുള്ള നിലവില്‍ തെക്ക് ഭാഗത്തേക്ക് പോകുന്ന റോഡ് ഗതാഗതം നിരോധിച്ച് ടാറിങ് പണികള്‍ പൂര്‍ത്തിയാക്കും. അരൂര്‍ നിന്ന് തുറവൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അരൂര്‍ അമ്പലം ജങ്ഷന് നിന്ന് അരൂക്കുറ്റി വഴി തിരിഞ്ഞ് തൈക്കാട്ടുശ്ശേരി, മാക്കെകടവ് വഴി തുറവൂര്‍ ജങ്ഷനില്‍ പ്രവേശിക്കും.
ഫ്ലൈ ഓവറിന്റെ പടിഞ്ഞാറ് വശത്തെ സര്‍വീസ് റോഡ് ടാറിങ് മഴയുടെ സ്വഭാവമനുസരിച്ച് തുടര്‍ന്നുള്ള ദിവസങ്ങില്‍ നടത്തും. ഈ ദിവസങ്ങളില്‍ അരൂര്‍ നിന്ന് തുറവൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അരൂക്കുറ്റി ബസ് സ്റ്റോപ്പില്‍ നിന്ന് തിരിഞ്ഞ് അരൂക്കുറ്റി, തൃച്ചാട്ടുകുളം, മാക്കേക്കടവ് വഴി ദേശീയപാത തുറവൂര്‍ ബസ് സ്റ്റോപ്പില്‍ പ്രവേശിക്കും. എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഫ്ലൈഓവറിനോട് ചേര്‍ന്നുള്ള കിഴക്കുഭാഗത്തെ ടാറിങ് പൂര്‍ത്തിയായ റോഡിലൂടെ വടക്കോട്ട് കടത്തിവിടും. തൃശ്ശൂര്‍ ഭാഗത്തുനിന്ന് ആലപ്പുഴ വഴി കടന്നു പോകേണ്ട വണ്ടികള്‍ അങ്കമാലിയില്‍ നിന്ന് തിരിച്ച് എംസി റോഡ് വഴി നിയന്ത്രിക്കും.
റോഡിലെ നിലവിലുള്ള ചളി നീക്കം ചെയ്യുന്നതിനുള്ള അടിയന്തര നടപടി കൈക്കൊള്ളാന്‍ മന്ത്രി ദേശീയപാത അധികൃതര്‍ക്ക് നിര്‍ദേശം നല്കി. സ്കൂളുകള്‍ക്ക് മുന്നിലെ വെള്ളക്കെട്ടുകള്‍ ഉടന്‍ നികത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: